ന്യൂഡൽഹി: തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) എൻഡിഎ ബന്ധം ഉപേക്ഷിച്ചു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകണമെന്ന പാർട്ടിയുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് എൻ ഡി എയുമായി ടി ഡി പി ബന്ധം അവസാനിപ്പിച്ചത്.

അമരാവതിയിൽ ചേർന്ന പാർട്ടി പോളിറ്റ്ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം വീഡിയോ കോൺഫറൻസിലൂടെ ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു.

ഇതോടെ എതിരാളികളായ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി കേന്ദ്ര സർക്കാരിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസും മറ്റ് ഇടതു പാർട്ടികളുംപിന്തുണ നൽകും.വൈഎസ്ആർ കോൺഗ്രസ് എംപി വൈ.വി സുബ്ബ റെഡ്ഡി ആയിരിക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.

അതേ സമയം സ്വന്തം നിലയിൽ അവിശ്വാസ പ്രമേയത്തിൽ നോട്ടീസ് നൽകാൻ ടി.ഡി.പി തീരുമാനിച്ചു. പാർട്ടി അദ്ധ്യക്ഷൻ ജഗ്മോഹൻ റെഡ്ഡിയ്‌ക്കെതിരായ അഴിമതിക്കേസിൽ കേന്ദ്രസർക്കാരിനോട് വിലപേശൽ നടത്തുകയാണ് വൈ.എസ്.ആർ കോൺഗ്രസെന്ന് ആരോപിച്ചാണ് പ്രത്യേക അവിശ്വാസം നൽകാൻ തീരുമാനിച്ചത്.

അവിശ്വാസ പ്രമേയത്തിന് അനുമതി നൽകണമെങ്കിൽ കുറഞ്ഞത് 50 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണമെന്നാണ് ചട്ടം. എന്നാൽ നിലവിൽ ടി.ഡി.പിക്ക് 16 അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്, ബിജു ജനതാ ദൾ, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ ടി.ഡി.പി സമീപിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന് 34, ബി.ജെ.ഡിക്ക് 20, കോൺഗ്രസിന് 48 എന്നിങ്ങനെയാണ് ലോക്‌സഭയിലെ കക്ഷിനില. അവിശ്വാസത്തിന് പിന്തുണ നൽകുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുമെന്നാണ് സൂചന.

എൻ ഡി എയുടെ ഭാഗമായിരിന്നിട്ടും സംസ്ഥാനത്തിന് പ്രത്യേക പദവി നേടിയെടുക്കാൻ കഴിയാത്തത്തിനെ പരസ്യമായി ചേദ്യം ചെയ്ത് വൈ എസ് ആർ കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് നിന്നും ശക്തമായ സമ്മർദ്ദമാണ് ടി ഡി പിക്കുണ്ടായത്. ഇനിയും എൻ ഡി എയ്‌ക്കൊപ്പം നിന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ തിരച്ചടി നേരിടാനുള്ള സാധ്യതയും കണക്കിലെടുത്താണ് സഖ്യം ഉപേക്ഷിക്കുന്നത്.

ഇതിനു മുൻപും എൻഡിഎ വിടുന്നതു സംബന്ധിച്ച് എം പിമാരുമായി ചന്ദ്ര ബാബു നായിഡു ചർച്ച നടത്തിയിരുന്നു. മുന്നണി വിടുന്നതു സംബന്ധിച്ച് വീഡിയോ കോൺഫറൻസിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തി. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ബിഎസ്‌പി അധ്യക്ഷ മായാവതിയും എസ്‌പി നേതാവ് മുലായം സിങ് യാദവുമായി ചന്ദ്രബാബു നായിഡു ബന്ധപ്പെട്ടിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഒരു പാർട്ടി എൻഡിഎ വിട്ട് പുറത്തേക്ക് പോകുന്നത്.

ടിഡിപി ബിജെപി പാർട്ടികൾ തമ്മിലുള്ള ഭിന്നതയെ തുടർന്ന് നേരത്തേ ടിഡിപിയുടെ കേന്ദ്രമന്ത്രിമാർ രാജിവച്ചിരുന്നു. ഗജപതി രാജു, വൈ.എസ്.ചൗധരി എന്നിവരാണ് രാജിവച്ചത്.