ന്യൂഡൽഹി: രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന പുഷ്പക വിമാനത്തെ കുറിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാൽ സിങ്.

വിദ്യാർത്ഥികൾക്കായുള്ള ഛത്ര വിശ്വകർമ പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് എ.ഐ.സി.ടി.ഇ(ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സത്യപാലിന്റെ പരാമർശം.

റൈറ്റ് സഹോദരങ്ങൾക്ക് എട്ടുവർഷം മുമ്പു തന്നെ ഇന്ത്യക്കാരനായ ശിവാകർ ബാബുജി താൽപാഡേ വിമാനം കണ്ടെത്തിയിരുന്നു. ഇക്കാര്യം എന്തുകൊണ്ടാണ് വിദ്യാർത്ഥികളെ പഠിപ്പിക്കാത്തത്. ഇക്കാര്യങ്ങൾ ഐ.ഐ.ടിയിൽ പഠിപ്പിക്കാറുണ്ടോ? അവരെ തീർച്ചയായും ഇക്കാര്യങ്ങൾ പഠിപ്പിക്കമെന്നും സത്യപാൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുഷ്പകവിമാനം അടക്കം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ശാസ്ത്ര കണ്ടുപിടിത്തങ്ങളും എഞ്ചിനീയറിങ് വിദ്യാർത്ഥികളെ പഠിപ്പിക്കണം.

2012-14 കാലയളവിൽ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന സത്യപാൽ ഇക്കഴിഞ്ഞ പുനസ്സംഘടനയിലാണ് മന്ത്രിസഭയിലെത്തിയത്. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തെ കുറിച്ചും വേദകാലഘട്ടം മുതലുള്ള കണ്ടുപിടിത്തങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും സത്യപാൽ പറഞ്ഞു.