ഫ്‌ലോറിഡയിലെ മർജോറി സ്‌റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിലുണ്ടായ വെടിവയ്പിനിടയിൽ അസാധാരണ ധൈര്യവും ബുദ്ധിയും പ്രയോഗിച്ച് നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരിയായ ടീച്ചർ ശാന്തി വിശ്വനാഥന് അഭിനന്ദന പ്രവാഹം. തന്ത്രപരവും സമയോചിതവുമായ നീക്കത്തിലൂടെ ശാന്തി നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ചത് മൂലയിൽ ഇരുത്തി പേപ്പർ കൊണ്ട് മറച്ചാണെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമി കതക് തുറക്കാനുള്ള നിർദ്ദേശിച്ചുവെങ്കിലും അത് അവഗണിച്ച ഇന്ത്യക്കാരിയായ അദ്ധ്യാപികയ്ക്ക് പരക്കെ കൈയടി ലഭിച്ച് കൊണ്ടിരിക്കുകയാണ്.

അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ശാന്തിയെ ഹീറോയിൻ പരിവേഷം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്‌കൂളിൽ ബുധനാഴ്ച രണ്ടാമത് ഫയർ അലാറം മുഴങ്ങിയപ്പോൾ എന്തോ അപകടം സംഭവിക്കാൻ പോകുന്നുവെന്ന് ശാന്തി തിരിച്ചറിയുകയും സമയോചിതമായി പ്രവർത്തിക്കുകയുമായിരുന്നു. തുടർന്ന് അവർ കുട്ടികളെ തറയിൽ കുനിച്ച്‌നിർത്തുകയും ജനൽ പേപ്പർ കൊണ്ട് മറച്ച് ആക്രമികൾ കുട്ടികളെ കാണുന്നത് തടയുകയുമായിരുന്നു. തങ്ങളുടെ ടീച്ചറുടെ വേഗത്തിലുള്ള ചിന്തയാണ് കുട്ടികളെ രക്ഷിച്ചിരിക്കുന്നതെന്ന് ശാന്തിയുടെ വിദ്യാർത്ഥികളിലൊരാളുടെ അമ്മയായ ഡാൻ ജാർബോയ് വെളിപ്പെടുത്തുന്നു.

ടീച്ചറുടെ ധീരമായ പ്രവർത്തിയെക്കുറിച്ച് റേറ്റ് മൈ വെബ്‌സൈറ്റിൽ ഗംഭീരമായി വർണിച്ചിരിക്കുന്നു. അവരുടെ ധീരമായ പ്രവൃത്തി നിരവധി കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിന് വഴിയൊരുക്കിയെന്നാണ് വിവരണം. ഫ്‌ളോറിഡ വെടിവയ്പിനെ തുടർന്ന് ഇത്തരത്തിലുള്ള നിരവധി വീരകഥകൾ പുറത്ത് വന്നിട്ടുണ്ട്. 17 കാരനായ വിദ്യാർത്ഥി കോൾട്ടൻ ഹാബിന്റെ പ്രവർത്തി ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ടതാണ്. തന്റെ റിസർ ഓഫീസർ ട്രെയിനിങ് കോർപ്‌സ് കഴിവുകൾ അവൻ ഫലപ്രദമായി ഉപയോഗിച്ച് നിരവധി പേരുടെ ജീവൻ രക്ഷിക്കുന്നതിന് വഴിയൊരുക്കിയിരുന്നു.

വെടിവയ്പിൽ ജീവൻ നഷ്ടപ്പെട്ട 15 കാരനൻ പീറ്റർ വാൻഗിനും ഹീറോ പരിവേഷം ലഭിച്ചിട്ടുണ്ട്. വെടിവയ്പിൽ നിന്നും രക്ഷപ്പെടാനായി തന്റെ വാതിലിൽ വന്ന് മുട്ടിയ കൂട്ടുകാർക്ക് വാൻഗ് വാതിൽ തുറന്ന് കൊടുക്കുകയും അധികം വൈകാതെ തോക്കു ധാരിയുടെ വെടിയേറ്റ് മരിക്കുകയുമായിരുന്നു. കുട്ടികളെ വെടിയുണ്ടയിൽ നിന്നും രക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടെ മൂന്ന് ധീരരായ സ്റ്റാഫ് അംഗങ്ങൾക്ക് കൂടി ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്‌കോട്ട് ബെയ്‌ഗെൽ(35), ആരോൺ ഫെയിസ്(37), ക്രിസ് ഹിക്‌സൻ( 49) എന്നിവരാണിവർ.