മലപ്പുറം: പെരിന്തൽമണ്ണയിൽ അമ്മയെയും രണ്ടു മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലാറ്റൂർ ആർ.എം ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക ജിഷമോൾ കെ മാണി, മകൾ അന്ന ലിജോ, 11 മാസം പ്രായമുള്ള മകൻ ആൽബർട്ട് എന്നിവരാണു മരിച്ചത്.

പെരിന്തൽമണ്ണ വെട്ടത്തൂരിലാണു സംഭവം. അദ്ധ്യാപികയും മകളും തീപ്പൊള്ളലേറ്റും 11 മാസം പ്രയമുള്ള മകൻ പുക ശ്വസിച്ചുമാണ് മരിച്ചത്.

ജിഷയും മകൾ അന്ന ലിജോയും മകൻ ആൽബർട്ടും ഒരുമുറിയിലാണ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയിൽ ആറു വയസുള്ള മകനൊപ്പം കിടന്നുറങ്ങുകയായിരുന്നു ഭർത്താവ് ലിജോ. രാവിലെ ലിജോ പലവട്ടം ജിഷയുടെ മുറിയിൽ തട്ടിവിളിച്ചെങ്കിലും കതക് തുറന്നില്ല. ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ കതകു തള്ളിത്തുറന്നപ്പോഴാണ് തീപൊള്ളലേറ്റ നിലയിൽ ജിഷയെയും മകളെയും കണ്ടെത്തിയത്.

ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക പ്രയാസങ്ങളോ ഉഉള്ളതായി അറിയില്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്.