കണ്ണൂർ: യൂണിഫോം ഡ്രസ് കോഡ് പാലിക്കാത്തതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച കായികാധ്യാപകനെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. വെളുത്ത തട്ടത്തിന് പകരം കറുത്ത ഷാൾ ധരിച്ചെത്തിയതിന് സ്‌കൂൾ വിദ്യാർത്ഥിനികളെ മർദ്ദിച്ചതിനാണ് രക്ഷിതാക്കളുടെ പരാതിയിൽ കൂത്തുപറമ്പ് പൊലിസ് അദ്ധ്യാപകനെ അറസ്റ്റു ചെയ്തത്.

കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ കായികാധ്യാപകൻ നിധിനെയാണ് വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിൽ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് അദ്ധ്യാപകനെ അന്വേഷണ വിധേയമായി രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്തതായി സ്‌കൂൾ മാനേജ്മെന്റ് അറിയിച്ചു.

സ്‌കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മെരുവമ്പായി, മൂര്യയാട് സ്വദേശിനികളായ മൂന്ന് വിദ്യാർത്ഥിനികളെയാണ് അദ്ധ്യാപകൻ വെള്ളിയാഴ്‌ച്ച ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ വിദ്യാർത്ഥികൾ പരിക്കുകളോടെ കുത്തുപറമ്പ് ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസയിലാണ്.
വെളുത്ത ഷാളിന് പകരം കറുപ്പ് ഷാൾ ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനികളെ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദ്ദനം അഴിച്ചുവിടുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ.പൊലീസിൽ നൽകിയ പരാതി.

വടി കൊണ്ട് മർദ്ദിച്ചതിനു പുറമെ കസേര കൊണ്ടും മർദ്ദിച്ചതായാണ് കുട്ടികൾ പറഞ്ഞതനുസരിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥിനികളെ അകാരണമായി മർദ്ദിച്ച മർദ്ദിച്ച കായിക അദ്ധ്യാപകൻ നിധിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.