ഒക്ക്‌ലഹാമ: കുട്ടികളുടെ നല്ല പ്രവർത്തിക്ക് സമ്മാനം ആയിക്കൊള്ളട്ടെ എന്നു കരുതിയാണ് 11 കുട്ടികളേയും കൊണ്ട് ടീച്ചർ അടുത്തുള്ള വാൾമാർട്ടിൽ പോയത്. എന്നാൽ ഈ സ്‌നേഹം തന്റെ ജോലി തെറിപ്പിക്കുമെന്ന് ഹെതർ കേഗിൾ ഒരിക്കലും കരുതിയില്ല. കുട്ടികളുടെ ജീവന് അപകടകരമാകും വിധം കാറിൽ കയറ്റി കാമ്പസിന് പുറത്തു കൊണ്ടുപോയതിനാണ് ടീച്ചറെ ജോലിയിൽ നിന്ന് സ്‌കൂൾ അധികൃതർ പിരിച്ചുവിട്ടിരിക്കുന്നത്.

ഒക്ക്‌ലഹാമയിലെ കാറ്റൂസ ആർ ജെ വെൽസ് മിഡ്ഡിൽ സ്‌കൂളിലെ മാത്സ് ടീച്ചർ ഹെതർ കേഗിൾ ആണ് കുട്ടികൾക്ക് സ്‌നാക്‌സ് വാങ്ങിക്കൊടുക്കാൻ പുറത്തുള്ള വാൾമാർട്ടിൽ പോയത്. സ്‌കൂളിൽ നിന്നും കാൽ മൈൽ മാത്രം ദൂരെയുള്ള വാൾമാർട്ടിൽ പോകുന്നതിനായി ടീച്ചറിന്റെ കാറിൽ 11 കുട്ടികളേയും കുത്തിനിറയ്ക്കുകയായിരുന്നു.  കൂടാതെ  ഇതിൽ 12 കാരികളായ രണ്ട് പെൺകുട്ടികൾ കാറിന്റെ ഡിക്കിയിൽ കയറിയാണ് പോയത്.

നിരവധി കുറ്റങ്ങളാണ് ടീച്ചർക്കു മേൽ സ്‌കൂൾ അധികൃതർ ആരോപിക്കുന്നത്. സ്‌കൂൾ കാമ്പസിൽ നിന്ന് കുട്ടികളുമായി പുറത്തുപോകുമ്പോൾ മാതാപിതാക്കളുടെ അനുവാദം വാങ്ങിയില്ല, കാറിനകത്തും പുറത്തുമായി 11 കുട്ടികളേയും കൊണ്ട് പോയി തുടങ്ങിയ കുറ്റങ്ങളാണ് ഹെതർ ഗിളിനു മേലുള്ളത്. ഒരു ടീച്ചറിന്റെ ഭാഗത്തു നിന്ന് ഇത്തരം പെരുമാറ്റം മാതാപിതാക്കൾ പ്രതീക്ഷിക്കില്ലെന്നും സ്‌കൂൾ ഡിസ്ട്രിക്ട് അറ്റോർണി കാരൻ ലോംഗ് പറയുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് ടീച്ചർ പ്രാധാന്യം നൽകിയില്ലെന്നും കാരൻ ലോംഗ് കുറ്റപ്പെടുത്തി.

താൻ ചെയ്തതു വലിയ തെറ്റായിപ്പോയെന്ന് ടീച്ചർ സമ്മതിച്ചു. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും ഒരു നല്ല കാര്യം ചെയ്യുന്നതിനാണ് താൻ കുട്ടികളെ പുറത്തു കൊണ്ടുപോയതെന്ന് ഹെതർ കേഗിൾ പറഞ്ഞു.