ചേർത്തല: പത്താം ക്ലാസുകാരൻ ഇംഗ്ലീഷ് അദ്ധ്യാപികയുമായി ഒളിച്ചോടിയെന്ന് പരാതി. വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ് കുട്ടിയേയും കൊണ്ട് നാടുവിട്ട അദ്ധ്യാപിക. ചേർത്തലയിലാണ് നാടിന് മുഴുവൻ ഞെട്ടിച്ച സംഭവം. ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയായ കുട്ടി പഠിക്കാൻ മിടുക്കനായിരുന്നു. നാൽപതുകാരിയും 15 കാരനും വേണ്ടി മുഹമ്മ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

കുട്ടിയും അദ്ധ്യാപികയും സ്‌കൂളിൽ വെച്ച് തന്നെ നല്ല അടുപ്പത്തിലായിരുന്നു. വിദ്യാർത്ഥിക്ക് പഠനത്തിൽ അടക്കം സഹായിച്ചിരുന്നത് ഈ അദ്ധ്യാപികയായിരുന്നു. ഇരുവരുടേയും ഫോൺ ഇപ്പോൾ പ്രവർത്തനരഹിതമായ നിലയിലാണ്. ഇവരുടെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുന്നുണ്ട്്. വർക്കല ഭാഗത്ത് നിന്നുമാണ് അവസാനമായി സിഗ്നൽ കിട്ടിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ഇത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇവർക്ക് വേണ്ടി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

വിവാഹമോചിതയും പത്തുവയസ്സുള്ള ഒരു കുട്ടിയുമുള്ള അദ്ധ്യാപിക മൂന്ന് മാസം മുമ്പ് വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങി നൽകിയതായും മണിക്കൂറുകൾ ഇവർ സംസാരിച്ചിരുന്നതായുമാണ് റിപ്പോർട്ടുകൾ. കുട്ടി ഇടക്കിടെ പഠിക്കാനായി തുറവൂരുള്ള ടീച്ചറുടെ വീട്ടിൽ പോകുമായിരുന്നു. ഈ സമയത്താണ് കുട്ടിക്ക് ടീച്ചർ മൊബൈൽ സമ്മാനിച്ചതെന്നാണ് അറിയുന്നത്. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ കണ്ട വീട്ടുകാർ അത് പിടിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ കുട്ടി മൊബൈൽ ഫോൺ തന്നത് അദ്ധ്യാപികയാണെന്ന് സമ്മതിക്കുകയും ചെയ്തു.

ഇതോടെ കുട്ടിയുടെ അമ്മ ടീച്ചറെ ഫോൺ വിളിച്ചു വിവരം അന്വേഷിച്ചു. കഴിഞ്ഞ ഞായറാഴ്ച അദ്ധ്യാപിക കുട്ടിയുടെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ കുട്ടിയുടെ വീട്ടുകാരും അമ്മയുമായി തർക്കത്തിലാവുകയും ചെയ്തു. ഒടുവിൽ ടീച്ചർ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ റോഡിൽ വരെ ടീച്ചറെ കൊണ്ടു പോയി ആക്കാൻ കുട്ടിയോട് വീട്ടുകാർ പറയുകയും ചെയ്തു. എന്നാൽ ടീച്ചറെ കൊണ്ടുചെന്നാക്കാനായി പോയ കുട്ടി പിന്നീട് തിരിച്ചു വന്നില്ല. അദ്ധ്യാപികയോടൊപ്പം സ്ഥലം വിടുകയായിരുന്നു എന്നാണ് അറിയുന്നത്. ഇരുവരെയും കണ്ടെന്നാനായി കാൺമാനില്ല പോസ്റ്ററുകൾ അടക്കം പതിച്ചാണ് അന്വേഷണം നടക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇരുവരും ഒരുമിച്ച് ചേർത്തല റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന വിവരമാണ് ഇരുവരും ഒന്നിച്ചാണെന്ന സംശയത്തിന് ആധാരമായിട്ടുള്ളത്. അദ്ധ്യാപികയുടെ പത്തുവയസുകാരനായ മകൻ പിതാവിനൊപ്പമാണ് താമസം. ചേർത്തലയിൽ സ്വന്തമായി തുണിക്കടയും ഈ അദ്ധ്യാപികയ്ക്ക് ഉണ്ട്. ഇരുവരും ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലേതാണ്. ഇരുവരെയും കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.