മലപ്പുറം: പട്ടികവർഗ വികസന വകുപ്പിന്റെ സ്‌കൂളിൽ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയതായി പരാതി. പ്രാക്തന ഗോത്രവർഗമായ കാട്ടുനായ്ക്ക, ചോലനായ്ക്ക കുട്ടികൾ മാത്രം താമസിച്ച് പഠിക്കുന്ന നിലമ്പൂരിലെ ഇന്ദിരാഗാന്ധി മെമോറിയൽ റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ പട്ടിക ജാതി പട്ടികവർഗ കമ്മിഷൻ, കലക്ടർ, പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്ക് പരാതി നൽകി. പ്രാക്തന ഗോത്രങ്ങൾക്കുള്ള മാതൃകാ സ്‌കൂളിലാണ് സംഭവം.

ശുചിത്വമില്ലായ്മ ആരോപിച്ച് പ്രധാനാധ്യാപിക തങ്ങളെ 4 ദിവസം വെയിലത്ത് നിർത്തിയെന്ന് ഏഴാം ക്ലാസിലെ 2 ആൺകുട്ടികളാണ് പരാതി പറഞ്ഞത്. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥികളായ സുനിൽ, രാജേഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വെയിലത്ത് നിർത്തിയതായി പരാതിയുള്ളത്. ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കളോട് ഫോണിൽ നിർദ്ദേശിച്ചെന്നും ആരോപണമുണ്ട്. വിവരമറിഞ്ഞെത്തിയ ഇരുവരുടെയും രക്ഷിതാക്കളായ കേത്തൻ, അനീഷ് എന്നിവർ നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രഥമാധ്യാപികക്കെതിരേ പരാതി നൽകി.

സംഭവത്തെത്തുടർന്ന് കുട്ടികൾ അദ്ധ്യാപകരുടെ ഫോണിൽനിന്ന് വീട്ടിലേക്ക് വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് രക്ഷിതാക്കൾ സ്‌കൂളിൽ എത്തിയത്. രക്ഷിതാക്കളും പിടിഎ പ്രസിഡന്റ് നിർമലൻ ചോക്കാട് പട്ടിക ജാതി പട്ടിക വർഗ സംഘടനകളുടെ ഭാരവാഹികളായ എം.ആർ.ചിത്ര, സി.എം.അനിൽ, വാസു മുണ്ടേരി, കെ.ഷിബു, കെ.കെ.ഉണ്ണിക്കൃഷ്ണൻ എന്നിവരും സ്‌കൂളിലെത്തി വിവരങ്ങൾ ആരാഞ്ഞു. ചർച്ചയ്ക്കിടെ പ്രധാനാധ്യാപികയുമായി വാക്കുതർക്കമുണ്ടായി.

എഎസ്‌ഐ വി.ശശികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയിരുന്നു. പഠിക്കാത്തവർ സ്‌കൂളിലെത്തേണ്ടതില്ലെന്ന് പ്രഥമാധ്യാപിക കുട്ടികളോട് പറഞ്ഞതായി രക്ഷിതാക്കൾ പറഞ്ഞു. സ്‌കൂളിൽ 100 ശതമാനം വിജയം ഉറപ്പാക്കുന്നതിനായാണ് ഈ ശ്രമമെന്നും രക്ഷിതാക്കൾ ആരോപിച്ചു. സംഭവം വിവാദമായതോടെ കുട്ടികൾക്ക് സ്‌കൂളിൽ തുടരാൻ തടസ്സമില്ലെന്ന് പ്രധാനാധ്യാപിക അറിയിച്ചു. എന്നാൽ വിദ്യാർത്ഥികൾ സ്വയം ക്ലാസിൽ കയറാതിരുന്നതാണെന്നാണ് സ്‌കൂളിന്റെ ചുമതലയുള്ള സീനിയർ സൂപ്രണ്ട് എ.സുബ്രഹ്മണ്യൻ വിശദീകരിക്കുന്നത്.

എന്നാൽ കുട്ടികളെ പുറത്ത് നിർത്തിയിട്ടില്ലെന്നും പഠിക്കാത്തവർ സ്‌കൂളിൽ വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും പ്രഥമാധ്യാപിക ആർ. സൗദാമിനി പറഞ്ഞു. തന്നെയും സ്ഥാപനത്തെയും തകർക്കാനുള്ള ശ്രമമാണിതെന്നും അവർ കൂട്ടിച്ചേർത്തു. തന്നോട് വ്യക്തിവൈരാഗ്യമുള്ള ഒരു അദ്ധ്യാപികയാണ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളിനെതിരെ ആരോപണവുമായി വന്നതെന്നും ഇവർ പറഞ്ഞു.