കണ്ണൂർ: യോഗ്യതാ പരീക്ഷയായ കെ-ടെറ്റ്(കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഒരു മാർക്കിനു തോറ്റതിൽ മനംനൊന്ത് അദ്ധ്യാപിക ജീവനൊടുക്കി. കൊളവല്ലൂർ എൽ.പി.സ്‌കൂൾ അദ്ധ്യാപിക ശ്രീതു രാജ്( 23) ആണ് ആത്മഹത്യ ചെയ്തത്. ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ശ്രീതുവിനു കെ-ടെറ്റ് പാസാകാൻ 82 മാർക്കാണു കിട്ടേണ്ടിയിരുന്നത്. എന്നാൽ, 81 മാർക്കേ ലഭിച്ചുള്ളൂ.

ഫലം അറിഞ്ഞതിന്റെ മനോവിഷമത്തിൽ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച അദ്ധ്യാപികയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവർഷം മുൻപു സർവീസിൽ പ്രവേശിച്ചെങ്കിലും ഈ പരീക്ഷ പാസാകാത്തതിനാൽ നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. അദ്ധ്യാപക ദമ്പതികളായ പാനൂരിലെ ടി.പി. രാജന്റെയും ഗീതയുടെയും മകളാണ്.

അദ്ധ്യാപകർക്കും അനധ്യാപകർക്കും കെ-ടെറ്റ് പാസാകാനുള്ള അവസാന സമയപരിധി അടുത്തവർഷം മാർച്ച് 31 ആണ്. അദ്ധ്യാപകർ, ക്ലർക്ക്, ടൈപ്പിസ്റ്റ്, അറ്റൻ്ഡർ, ഓഫീസ് അസിസ്റ്റൻഡ് എന്നിവർ ഈമാസം 31 നകം പാസാകണമെന്നായിരുന്നു നേരത്തേ സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ, 2017-18 വർഷത്തിൽ നിയമിതരായവർക്കും യോഗ്യത നേടേണ്ടതിനാൽ കാലവധി പിന്നീടു നീട്ടുകയായിരുന്നു.

നീതുവിന്റെ ആത്മഹത്യയെത്തുടർന്ന് അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏതു പരീക്ഷയും ജയിക്കാൻ 40 ശതമാനം മാർക്ക് മതിയെന്നിരിക്കെ നെറ്റ്, കെ-ടെറ്റ്, സെറ്റ് പരീക്ഷകൾക്ക് 60 ശതമാനം നിശ്ചയിച്ചിരിക്കുന്നതു പരീക്ഷാ നടത്തിപ്പുക്കാർക്കു സാമ്പത്തിക ലാഭമുണ്ടാക്കാനാണെന്നു കെ.പി.എസ്.ടി.എ. നേതാക്കൾ ആരോപിച്ചു.

അശാസ്ത്രീയവും കാഠിന്യമേറിയതുമായ കെ-ടെറ്റ് ഉദ്യോഗാർഥികൾക്കു കടുത്തമാനസിക സംഘർഷമുണ്ടാക്കുന്നുണ്ട്. പരീക്ഷയിൽ 40 ശതമാനം മാർക്ക് വാങ്ങുന്നവരെ വിജയിപ്പിക്കാൻ നടപടിയെടുക്കണമെന്നു കെ.പി.എസ്.ടി.എ. കണ്ണൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അദ്ധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷകൾ വിജയിച്ചവരെ വീണ്ടും ടെസ്റ്റുകൾക്കു വിധേയരാക്കുന്നത് അനൗചിത്യമാണെന്നാണു മുഴുവൻ അദ്ധ്യാപക സംഘടനകളുടെയും അഭിപ്രായം.