റിയാദ്: അദ്ധ്യാപകരായി ജോലി ചെയ്യുന്നതിന് മുമ്പ് അപേക്ഷകർ മെഡിക്കൽ ടെസ്റ്റുകൾ അടക്കമുള്ള യോഗ്യതാ പരീക്ഷകൾ പാസായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അദ്ധ്യാപകർ ജോലിക്കു പ്രവേശിക്കുന്നതിന് മുമ്പ് മെഡിക്കൽ ടെസ്റ്റ് നടത്തി അതിന്റെ റിസൾട്ട് അധികൃതരെ ഏൽപ്പിക്കുകയും വേണം. ടെസ്റ്റ് നിർബന്ധമുള്ളതാണെന്നും ഒരു കാരണവശാലും അതിന് മുടക്കമില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.

വിവിധ സർക്കാർ ഏജൻസികളിലും ബിസിനസ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതിന് അപേക്ഷകരെ മെഡിക്കൽ ടെസ്റ്റുകൾക്ക് വിധേയരാക്കാറുണ്ട്. അതുപോലെ തന്നെയാണ് ഇനി വിദ്യാഭ്യാസ മേഖലകളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ നടപ്പാക്കുക. എഡ്യൂക്കേഷൻ, ഹെൽത്ത്, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലുള്ളവർ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുന്നവരാണ്. അതുകൊണ്ടു തന്നെ ഈ മേഖലകളിൽ ജോലി ചെയ്യുന്നതിന് അപേക്ഷിക്കുന്നവർ മെച്ചപ്പെട്ട അക്കാദമിക് യോഗ്യതകളുള്ളവരായിരിക്കണമെന്നും മന്ത്രാലയം നിഷ്‌ക്കർഷിക്കുന്നു. മതിയായ യോഗ്യതയില്ലാത്തവർ സമൂഹത്തിന് ഏറെ ഹാനികരമാകുന്ന തരത്തിലായിരിക്കും പെരുമാറുകയെന്നും വിലയിരുത്തി.

തങ്ങളുടെ ജോലി ഭംഗിയായി നിർവഹിക്കാൻ പ്രാപ്തരാണോ അദ്ധ്യാപകർ എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്നും അവരവരുടെ വിഷയങ്ങളല്ലാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ നിർബന്ധിക്കരുതെന്നും വക്താവ് മുബാറക് അൽ ഒസൈമി വ്യക്തമാക്കി. അദ്ധ്യാപകർക്ക് സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുമെന്നും അതുകൊണ്ടു തന്നെ അവരുടെ കടമ നിർവഹിക്കാൻ മെച്ചപ്പെട്ട സാഹചര്യം ഒരുക്കിക്കൊടുക്കാൻ സ്ഥാപനങ്ങളും തയാറാകണമെന്നും മന്ത്രാലയം എടുത്തു പറഞ്ഞിട്ടുണ്ട്.