ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാകുമെന്ന് തെളിയിച്ച് ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ എ.എ.പി എംഎ‍ൽഎ സൗരഭ് ഭരദ്വാജാണ് വോട്ടിങ് യന്ത്രവുമായി നിയമസഭയിലെത്തിയത്. വോട്ടിങ് യന്ത്രത്തിൽ ഒരു രഹസ്യ കോഡ് നൽകിയാൽ പോൾ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് കിട്ടുമെന്ന് ഭരദ്വാജ് യന്ത്രം പ്രവർത്തിപ്പിച്ച് വിശദീകരിച്ചു.

ആദ്യം ശരിയായ രീതിയിൽ വോട്ട് ചെയ്തതിന്റെ ഫലം കാണിച്ചതിന് ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലവും കാണിച്ചു. രഹസ്യകോഡ് നൽകിയതോടെ എ.എ.പിയുടെ ചിഹ്നത്തിൽ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോൾ ബിജെപിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തിൽ അനായാസം കൃത്രിമം നടത്താൻ കഴിയുമെന്നും ഭരദ്വാജ് വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി സമാനരീതിയാണ് പിന്തുടർന്നതെന്നും ഭരദ്വാജ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തണം. പത്തുവർഷമായി താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ ഏതു ശാസ്ത്രജ്ഞനെയും വെല്ലുവിളിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ഏത് ഉപകരണവും മനുഷ്യനെക്കൊണ്ട് ഹാക്ക് ചെയ്യാൻ സാധിക്കും. ഇ.വി എം മെഷിനുകൾ നിർമ്മിച്ച രാജ്യങ്ങൾ ഇപ്പോൾ വീണ്ടും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും സൗരഭ് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്റെ സുരക്ഷാ പരിധിക്കു പുറത്തുള്ള ഒരു വോട്ടിങ് യന്ത്രവും തങ്ങളുടേതല്ലെന്ന് കമീഷൻ വ്യക്തമാക്കി. ഭരദ്വാജ് തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടിങ് യന്ത്രമല്ല ഉപയോഗിച്ചത്.

ഉത്തർപ്രദേശിൽ ബിജെപി നേിടിയ വൻ വിജയത്തിനു പിന്നിൽ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടാണെന്ന് ആം ആദ്മിയും ബിഎസ്‌പി നേതാവ് മായാവതിയും ആരോപിച്ചിരുന്നു. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലും വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടു നടന്നതായി ആം ആദ്മി ആരോപിച്ചിരുന്നു.