- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരെ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധം; പൊലീസും സമരക്കാരും തമ്മിൽ സംഘർഷം; പൊലീസിന്റെ കണ്ണീർവാതക ഷെല്ലുകൾ വീട്ടിനുള്ളിൽ പതിച്ചതായി സമീപവാസികൾ; പ്രായമായ അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വീട്ടമ്മ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്ക് എതിരെ ഉയരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിട്ടതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. മുഖ്യമന്ത്രി വിമാനമാർഗം തലസ്ഥാനത്ത് തിരിച്ചെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
അതിനിടെ പൊലീസ് തിരുവനന്തപുരത്ത് തൊടുത്ത ടിയർ ഗ്യാസ് വിമാനത്താവളത്തിന് സമീപത്തെ വീട്ടിൽ പതിച്ചു. കണ്ണീർവാതക ഷെല്ലുകൾ വീട്ടിനുള്ളിൽ പതിച്ചതായാണ് സമീപവാസികൾ ആരോപിച്ചത്. വിമാനത്താവളത്തിന് സമീപം താമസിക്കുന്ന സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. വീട്ടുവളപ്പിലാണ് ഷെൽ വീണതെന്നും വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും സമീപവാസിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. രോഗിയായ അമ്മയ്ക്ക് കണ്ണ് തുറക്കാൻ വയ്യെന്നും ശ്വാസതടസമുണ്ടായെന്നും ഇവർ പറഞ്ഞു.
വീട്ടിന് മുന്നിലാണ് ടിയർ ഗ്യാസ് വീണത്. ഇത് എന്താണ് സംഭവമെന്ന് വൈകിയാണ് അറിഞ്ഞതെന്നും താൻ മരുന്ന് അലർജിയുള്ള സ്‌ട്രോക്ക് വരാൻ സാധ്യതയുണ്ടെന്നും വീട്ടിനകത്ത് പ്രായമായ അമ്മയുണ്ടായിരുന്നുവെന്നും പറഞ്ഞ വീട്ടമ്മ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
ശംഖുമുഖം സ്വദേശി സരയുവിന്റെ വീട്ടിലേക്കാണ് ടിയർ ഗ്യാസ് ഷെൽ വീണത്. ടിയർ ഗ്യാസ് പ്രയോഗത്തിൽ അമ്മ കുഴഞ്ഞു വീണതായി സരയു മാധ്യമങ്ങളോട് പറഞ്ഞു. 'ഞാനും അമ്മയുമാണ് വീട്ടിലുള്ളത്. അമ്മയ്ക്ക് പ്രഷറുണ്ട്, നടക്കാൻ പ്രയാസമുള്ളയാളാണ്. ഞാൻ മരുന്നു വാങ്ങിക്കാൻ പോയി മടങ്ങിവന്നപ്പോഴാണ് ടിയർ ഗ്യാസ് വീണത്. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും. രക്തം കട്ടപിടിക്കാതിരിക്കാൻ ഞാൻ മരുന്നു കഴിക്കുകയാണ്.
ഷെൽ പ്രയോഗിക്കാൻ ഇതു സെക്രട്ടേറിയറ്റിനു മുൻവശമല്ല. എന്ത് ഉദ്ദേശ്യത്തിലാണ് വീട്ടിലേക്കു ഷെൽ ഇട്ടത്? ഈ സമയത്ത് ആംബുലൻസ് ലഭിക്കില്ല. വലിയതുറ പൊലീസിൽ പരാതി കൊടുത്തപ്പോൾ മുറി തുറന്നിടാൻ പറഞ്ഞു. ബാരിക്കേഡ് വയ്ക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. വീടുകൾ മാത്രമുള്ള സ്ഥലത്ത് എന്തിനാണ് ബാരിക്കേഡുകൾ സ്ഥാപിച്ചത്? അധികാരികൾ ഉത്തരം പറയണം.' സരയു പറഞ്ഞു.
അതിനിടെ വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ ഇടത് കൺവീനർ ഇപി ജയരാജൻ രംഗത്തെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് മുഖ്യമന്ത്രി ഇറങ്ങിപ്പോയ ശേഷമാണ്. മദ്യപിച്ച് ലക്കുകെട്ടാണ് ഇവരുണ്ടായിരുന്നത്. അവരെ തടഞ്ഞു. ഇത്തരം സമരം ഒരു പാർട്ടിക്ക് ഭൂഷണമല്ല. മദ്യപിച്ച് വിമാനത്തിനകത്ത് കുഴപ്പമുണ്ടാക്കാൻ ഇവരെ പറഞ്ഞുവിട്ടവരാണ് കുറ്റക്കാർ.
യാത്രക്കാരെ അവർ ബുദ്ധിമുട്ടിച്ചു. തള്ളിക്കയറിയിട്ട് മദ്യപിച്ച് ലക്കുകെട്ട് മറ്റ് യാത്രക്കാരെ ശല്യം ചെയ്തവരെ തടഞ്ഞുനിർത്തുകയാണ് താൻ ചെയ്തത്. ഞാൻ അവരുടെ മുന്നിൽ നിന്നു. ഈ നാട്ടിലെ ജനങ്ങൾ കോൺഗ്രസിനെ കുറിച്ച് മനസിലാക്കട്ടെ. വിഡി സതീശനും കൂട്ടരും നടത്തുന്ന കാര്യം ജനം തിരിച്ചറിയട്ടെ എന്നും ഇപി ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ