വാഷിങ്ടൺ: എല്ലാ അർത്ഥത്തിലും അമേരിക്കയുടെ പ്രിയപ്പെട്ട പ്രസിഡന്റായിരുന്നു ബറാക്ക് ഒബാമ എന്ന കറുത്തവർഗ്ഗക്കാരൻ. രണ്ട് തവണ പ്രസിഡന്റ് പദവിയിൽ ഇരുന്ന അദ്ദേഹം പടിയിറങ്ങുമ്പോൾ അമേരിക്കൻ ജനതയ്ക്ക് മനസ് വിങ്ങുന്നുണ്ട്. ഇതിന് കാരണം, ജനകീയനായ പ്രസിഡന്റായിരുന്നു ഒബാമ എന്നതു തന്നെയായിരുന്നു. കഴിഞ്ഞ ദിവസം തനിക്കൊപ്പം നിന്നും പ്രവർത്തിച്ച വൈസ് പ്രസിഡന്റ് ജോ ബൈഡന് അപ്രതീക്ഷിത സമ്മാനം നൽകി ഒബാമ.

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകിയാണ് വൈസ് പ്രസിഡന്റ് ജോ ബൈഡനെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ആദരിച്ചത്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വച്ചായിരുന്നു ജോ ബൈഡനെ തന്നെ ഞെട്ടിപ്പിച്ച പ്രഖ്യാപനം. വൈസ് പ്രസിഡന്റിനായി വൈറ്റ് ഹൗസിൽ ഒരുക്കിയ വിടവാങ്ങൽ ചടങ്ങിലായിരുന്നു സംഭവം.

ഒബാമയുടെ അടുത്ത സുഹൃത്തായ ബൈഡനെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഒബാമ അവാർഡ് പ്രഖ്യാപിച്ചത്. സൈനികനോട് സ്റ്റേജിലേക്ക് വരാൻ ആവശ്യപ്പെട്ട ശേഷം ഒബാമ പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രഖ്യാപനം കേട്ട് സ്റ്റേജിന് പിൻതിരഞ്ഞ് നിന്ന് ബൈഡൻ കരയുകയും തൂവാല കൊണ്ട് മുഖം തുടക്കുകയും ചെയ്തു. നിറകണ്ണുകളോടെയാണ് അദ്ദേഹം സദസ്സിനെ മറുപടി പ്രസംഗത്തിനായി പിന്നീട് അഭിമുഖീകരിച്ചത്. കരഞ്ഞും ചിരിപ്പിച്ചും പ്രസംഗം തുടർന്ന ബൈഡൻ താൻ ഈ മെഡലിന് അർഹനല്ലെന്ന് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള സൗഹൃദബന്ധം പ്രശസ്തമാണ്. വിടവാങ്ങൽ ചടങ്ങിനിടെ ഇരുവരും പരസ്പരം ഓർമകൾ പങ്കിട്ടു.