ജീവിച്ചിരിക്കുമ്പോൾത്തന്നെ തലച്ചോറ് വേർപെടുത്തിയെടുത്ത് കംപ്യൂട്ടറിൽ സൂക്ഷിക്കുക. കേട്ടാൽ ഭ്രാന്തൻ ആശയമെന്ന് തോന്നാമെങ്കിലും അതിനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയിലെ സിലിക്കോൺ വാലിയിലുള്ള നെറ്റ്കം എന്ന സ്റ്റാർട്ടപ്പ് കമ്പനി. മരിക്കുമെന്നുറപ്പുണ്ടായിട്ടും സ്വന്തം തലച്ചോറ് വിട്ടുകൊടുക്കാൻ തയ്യാറായി 25 പേർ ഇതിനകം നെറ്റ്കമിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10000 ഡോളറാണ് തലച്ചോറ് നൽകുന്നതിനുള്ള പ്രതിഫലം. ഈ പട്ടികയിൽ കോടീശ്വരനായ ടെക്കി-ബിസിനസുകാരൻ സാം ആൾട്ട്മാനും പേരുകൊടുത്തിട്ടുണ്ട്.

ഒരാളുടെ തലച്ചോറ് കംപ്യൂട്ടറിലേക്ക് മാറ്റി സ്റ്റോർചെയ്യുമ്പോൾ അയാളുടെ ബുദ്ധിയും ചിന്തകളും ആശയങ്ങളും എക്കാലത്തേക്കും സൂക്ഷിക്കാനാവുമെന്ന് നെറ്റ്കം അവകാശപ്പെടുന്നു. ജീവൻ കൊടുത്തുള്ള പരീക്ഷണമാണിത്. ഡോക്ടടറുടെ സഹായത്തോടെ സ്വയം മരണത്തെ വരിക്കുന്നതിന് തുല്യമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരത്തിൽ മരണം വരിക്കുന്നതിന് അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമപ്രാബല്യമുണ്ട്. അവിടെ എവിടെയെങ്കിലുംവെച്ചേ ഈ പരീക്ഷണം നടത്താനുമാകൂ.

നെറ്റ്കം പോലുള്ള സ്റ്റാർട്ടപ്പുകൾക്കായി നിക്ഷേപിച്ചിട്ടുള്ള വൈ കോംബിനേറ്റർ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് 32-കാരനായ സാം ആൾട്ട്മാൻ. തലച്ചോറ് എംബാം ചെയ്യാനു പിന്നീട് കംപ്യൂട്ടറിലേക്ക് പകർത്താനുമുള്ള പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് ആൾട്ട്മാൻ ഇപ്പോൾ. പരീക്ഷണത്തിന് തയ്യാറായി വരുന്നയാളെ ഒരു യന്ത്രത്തിലേക്ക് കടത്തുകയും നെറ്റ്കമിന്റെ എംബാമിങ് രാസവസ്തുക്കൾ കുത്തിവെക്കുകയും ചെയ്യും.

പരീക്ഷണത്തിന് തയ്യാറാകുന്നയാൾ മരിക്കുമെന്ന് കമ്പനി തുടക്കത്തിലേ മുന്നറിയിപ്പ് നൽകുന്നു. 100 ശതമാനം മരണകാരണമാകുമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. ഡോക്ടറുടെ സഹായത്തോടെ ജീവനൊടുക്കുന്നതിന് തുല്യമാണിതെന്നും നെറ്റ്കമിന്റെ സഹസ്ഥാപകനായ റോബർട്ട് മക്ഇന്റയർ പറഞ്ഞു. ഓർമകളും ചിന്തകളും ആശയങ്ങളും എക്കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാനുള്ള ദൗത്യമാണിതെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു.

കുത്തിവെക്കുന്ന എംബാമിങ് ദ്രാവകം നൂറ്റാണ്ടുകളോളം തലച്ചോറിനെ ചീത്തയാകാതെ സൂക്ഷിക്കാൻ ശേഷിയുള്ളതാണ്. എന്നാൽ, കുത്തിവെക്കുന്നതിനുമുമ്പ് തലച്ചോറ് ജീവവോടെ പ്രവർത്തിക്കുന്നതാകണം. അതുകൊണ്ടുതന്നെ ജീവനുള്ളയാളെ മാത്രമേ ഈ പരീക്ഷണത്തിന് ഉപയോഗിക്കാനാവൂ. മാരകമായ അസുഖങ്ങൾ ബാധിച്ചവരെയാണ് നെറ്റ്കം ഈ പരീക്ഷണത്തിനായി കൂടുതലായും ഉദ്ദേശിക്കുന്നത്.

ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യക്ക് അമേരിക്കയിൽ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് അനുമതി. മരിക്കുമെന്നുറപ്പുള്ള രോഗം ബാധിച്ചവരും ആറുമാസത്തിൽക്കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയവരുമായ രോഗികൾക്കാണ് ഇത്തരത്തിൽ ജീവനൊടുക്കാൻ അനുമതി. അതുകൊണ്ടുതന്നെ നെറ്റ്കമിന്റെ പരീക്ഷണത്തിന് സാധാരണ മനുഷ്യരെ കിട്ടുക പ്രയാസമാണ്. മരണകാരണമായ രോഗം ബാധിച്ചവരെ കണ്ടെത്താൻ കമ്പനി തീരുമാനിച്ചതും അതോടെയാണ്.