ചെന്നൈ: നവദമ്പതിമാർക്കു നേരെ അജ്ഞാതസംഘം നടത്തിയ വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു. ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. യുപിയിലെ ദേശീയപാത 58-ൽ നടന്ന ആക്രമണത്തിൽ 31-കാരനായ ആദിത്യ കുമാറാണ് കൊല്ലപ്പെട്ടത്. ഭാര്യ വിജയലക്ഷ്മി കൈകാലുകളിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

മധുവിധു, ബൈക്ക് യാത്രയിലൂടെ ആഘോഷിച്ച ദമ്പതികളാണ് ദുരന്തത്തിൽപ്പെട്ടത്. ചെന്നൈ സ്വദേശികളായ ഇവർ ജൂൺ മൂന്നിനായിരുന്നു വിവാഹിതരായത്. ഇരുവരും ഐടി ജീവനക്കാരാണ്. ഡൽഹിയിൽ നിന്ന് ബൈക്ക് വാടകയ്ക്ക് എടുത്ത് ലേ, ലഡാക്കിലേക്ക് യാത്ര ആരംഭിച്ച ദമ്പതിമാർ ആയിരംകിലോമീറ്ററോളം താണ്ടിയിരുന്നു. മറ്റൊരു ബൈക്കിൽ ഇവർക്കൊപ്പം സുഹൃത്തായ ശ്യാമും യാത്രയിൽ പങ്കെടുത്തിരുന്നു. മടക്കയാത്രയ്ക്കിടെയാണ് സംഭവം. പ്രതികളെ പിടികൂടുകയായിരുന്നു.

ബൈക്കിലെത്തിയ സംഘം ആദിത്യക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വിജയലക്ഷ്മി പൊലീസിൽ മൊഴി നൽകി. അക്രമി ഹെൽമെറ്റ് കൊണ്ട് മുഖം മൂടിയിരുന്നു. സഹയാത്രികനായ ശ്യാം ശബ്ദമുണ്ടാക്കി ആളുകളെ വിളിച്ചുകൂട്ടിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. മുസഫർ നഗറിലുള്ള ഹോട്ടലുകളുടെയും വഴിയോര ക്യാമറകളുടെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മോഷണശ്രമം ഒന്നുമുണ്ടായിട്ടില്ല എന്നും പൊലീസ് നിരീക്ഷിക്കുന്നു.