തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളോട് മോശമായി പെരുമാറുന്നത് ആരോൺ ലാലിന്റെ ഇഷ്ട വിനോദങ്ങളിലൊന്നാണ്. പത്താം ക്ളാസ് വിദ്യാർത്ഥിനികൾ മുതൽ മുതിർന്ന് സ്ത്രീകളോട് വരെ പ്രായഭേദമന്യേ ഇയാൾ മോശമായി പെരുമാറുകയും നഗ്‌നത പ്രദർശനം ഉൾപ്പടെ നടത്തുകയും ചെയ്യുന്നത് പതിവാണെന്ന് മ്യൂസിയം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ബിടെക് ബിരുദധാരിയായ ഇയാൾ ടെക്നോപാർക്കിലെ ഒരു കമ്പനിയിലെ എഞ്ചിനീയറായ ജോലി ചെയ്തു വരികയാണ്. വിദ്യാർത്ഥിനികളടക്കമുള്ള സ്ത്രീകളോട് അസഭ്യമായി പെരുമാറിയ ആരോൺ ലാലിനെ കഴിഞ്ഞ ദിവസമാണ് മ്യൂസിയം ഷാഡോ പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം നഗരത്തിനുള്ളിലെ കേശവദാസപുരത്താണ് ഇയാൾ താമസിക്കുന്നത്. ട്യൂഷൻ ക്ളാസ് കഴിഞ്ഞ് വരുന്ന പ്ലസ് ടൂ പെൺകുട്ടികളെ ശാസ്തമംഗലത്ത് വെച്ച് ഇയാൾ സ്ഥിരം ശല്യം ചെയ്തിരുന്നു. സമാനമായ രീതിയിൽ നഗരത്തിലെ പല ട്യൂഷൻ സെന്ററുകളിലും ക്ലാസ് കഴിഞ്ഞ് വരുന്ന പെൺകുട്ടികളോട് കമ്മന്റുപറയുകയും ഒരു പരിചയവുമില്ലാത്തവരോട് പോലും പ്രണയാഭ്യർഥന നടത്തുന്നതും ഇയാളുടെ പതിവാണ്. ഇങ്ങനെ ശല്യം രൂക്ഷമായതോടെയാണ് ശാസ്തമംഗലത്തെ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിനികൾ സംഭവം വീട്ടിൽ അറിയിച്ചത്.

പെൺകുട്ടികളിൽ ചിലർ രക്ഷിതാക്കളുമായി നേരിട്ടെത്തി പൊലീസിന് പരാതി നൽകുകയും ചെയ്തു. ഇവിടെ സ്ഥിതി വഷളാകുന്നുവെന്ന് കണ്ടതോടെ ആരോൺ മറ്റ് സ്ഥലങ്ങളിലേക്ക് പോവുകയും പിന്നെ പ്രശ്നം ശാന്തമായെന്ന് മനസ്സിലാകുമ്പോൾ വീണ്ടും പഴയ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതുമാണ് രീതി. എന്നാൽ ഇത്തവണ ആരോൺ കുടുങ്ങിയത് പരാതി നൽകിയ പെൺകുട്ടികളിലൊരാൾ ഇയാളുടെ വാഹന നമ്പറും കൂടി ചേർത്ത് പരാതി നൽകിയതോടെയാണ്. വാഹനത്തിന്റെ രജിസ്ട്രേഷൻ ഉൾപ്പടെ പരിശോധിച്ചാണ് ഇയാളെ പിടികൂിയത്.

നേരത്തെ ശാസ്തമംഗലം, ഇടപ്പഴിഞ്ഞി എന്നിവിടങ്ങളിൽ താമസിക്കുന്ന സമയത്ത് ഇയാൾ ചില വീട്ടമ്മമാരോടും അസഭ്യം പറഞ്ഞതുൾപ്പടെ പരാതിയുണ്ടായിരുന്നു. സ്‌കൂൾ കോളേജ് വിദ്യാർത്ഥിനികൾക്ക് പുറമെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന സ്ത്രീകളോടും ഇയാൾ നഗ്‌നത പ്രകടനം നടത്തിയിരുന്നു. ഇടവഴികളിലും ഇടറോഡുകളിലും നിന്ന ശേഷം സ്ത്രീകൾ വരുന്നത് കണ്ടാൽ മനഃപൂർവ്വം നഗ്‌നത പ്രദർശനം നടത്തി മൂത്രമൊഴിക്കുക, വിസിലടിക്കുക, അനാവശ്യമായ കമന്റുകൾ പറയുക എന്നിവയാണ് സ്ഥിരം കലാപരിപാടികളെന്നും പൊലീസ് പറയുന്നു.

രണ്ട് മാസത്തോളമായി പരാതി ലഭിച്ചിട്ടെങ്കിലും ശല്യം ചെയ്യുന്നുവെന്നല്ലാതെ കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.ഇയാളുടെ ബൈക്കിന്റെ നമ്പർ കിട്ടിയതോടെയാണ് തങ്ങൾക്കും കാര്യങ്ങൾ എളുപ്പമായതെന്നും പൊലീസ് പറയുന്നു.ടെക്നോപാർക്കിലെ ഉദ്യോഗസ്ഥനായ ഇയാൾ അതിരാവിലെയും വൈകിട്ടുമാണ് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നത്.

ഇടപ്പഴിഞ്ഞി സിഎസ്എം നഗറിനു സമീപത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത്, അതിനടുത്ത് മറ്റൊരു സ്ത്രീയോട് നഗ്നതാപ്രദർശനം നടത്തിയത്, പട്ടം എൽഐസി ലെയ്നിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്, ചാരച്ചിറ കുളത്തിനു സമീപത്ത് സ്ത്രീകളോട് അനാവശ്യം പറഞ്ഞത്, മറ്റൊരു സ്ത്രീയെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസ് പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.കൺട്രോൾ റൂം എസി വി സുരേഷ്‌കുമാർ, മ്യൂസിയം സിഐ പ്രശാന്ത്, മ്യൂസിയം എസ്ഐ സുനിൽ, ഷാഡോ എസ്ഐ സുനിൽലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നത്.