മസ്‌ക്കറ്റ്: രാജ്യത്ത് ചൂടുകാലത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ജലക്ഷാമം ഇനി പഴങ്കഥ. ജലദൗർലഭ്യം പരിഹരിക്കുന്നതിനായി പുതിയ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് പബ്ലിക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ (പിഎഇഡബ്ല്യൂ) രംഗത്തെത്തി. നിലവിലുള്ള പൈപ്പുകളുടെ പ്രവർത്തനങ്ങൾക്ക് ഭംഗം വരുത്താതെയും എണ്ണപൈപ്പുകൾ ശൂന്യമാക്കെതെയും ജലക്ഷാമ പരിഹാരത്തിന് പുതിയ സംവിധാനമാണ് പിഎഇഡബ്യൂ രംഗത്തെത്തിയിരിക്കുന്നത്.

ഹോട്ട് ടാപ്പിങ് എന്ന നവീന സംവിധാനമാണ് ഇത്തരത്തിൽ പരിഹാരത്തിന് കണ്ടെത്തിയിരിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് അൽ ഗുബ്രയിലെ പമ്പിങ് സ്റ്റേഷനിൽ നിന്ന് അൽഗുബ്രയിലെ തന്നെ പുതിയ ഡീസാലിനേഷൻ പ്ലാന്റിലെ പ്രധാന റിസർവോയറിലേക്ക് പൈപ്പുകൾ ബന്ധിപ്പിക്കുന്ന പ്രൊജക്ട് പിഎഇഡബ്ല്യൂ നടപ്പാക്കിക്കഴിഞ്ഞു. പുതിയ പൈപ്പുകൾ ഇടുമ്പോഴും ജലവിതരണം മുടങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സാധാരണ ഗതിയിൽ പൈപ്പുകൾ ഇടുമ്പോഴും മെയിന്റനൻസ് ജോലി ചെയ്യുമ്പോഴും ജലവിതരണം മുടക്കുകയാണ് പതിവ്. എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നതോടെ ഇതിന്റെ ആവശ്യമില്ലാതെ തന്നെ പണികൾ ചെയ്യാൻ സാധിക്കുമന്നും പിഎഇഡബ്ലൂ സീനിയർ ഉദ്യോഗസ്ഥൻ പറയുന്നു. അൽഗുബ്രയിലെ പുതിയ ഡീസാലിനേഷൻ പ്ലാന്റിൽ ദിവസേന 50,000 ക്യൂബിക് മീറ്റർ വെള്ളം ശുചീകരിക്കാൻ സാധിക്കുന്നതാണ്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നുമുണ്ട്.