ടെക്നോപാർക്കിലെ ഫേസ് ത്രീയിൽ ഗംഗ - യമുന കെട്ടിടങ്ങളിലായി അയ്യായിരത്തോളം പേർ ജോലി ചെയ്യുന്നു. സമീപ ഭാവിയിൽ തന്നെ അത് എണ്ണായിരം ആകും. അലയൻസ് , ക്വസ്റ്റ് ഗ്ലോബൽ , RMESI , Qburst തുടങ്ങിയ വലിയ കമ്പനികളും നിരവധി ചെറിയ കമ്പനികളും ടെക്നോപാർക്ക് ഫേസ് ത്രീ യിൽ ഉണ്ട്.

ടെക്നോപാർക്ക് ഫേസ് ത്രീ യിലെ ചില പ്രധാനപ്പെട്ട അസൗകര്യങ്ങളും ജീവനക്കാരുടെ നിർദേശങ്ങളും ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടന , പ്രതിധ്വനി ടെക്നോപാർക്ക് സി ഇ ഓ ശ്രീ ഋഷികേശ് നായർക്ക് സമർപ്പിച്ചു.

1. ടെക്നോപാർക്ക് ഫേസ് 3 യിൽ ഒരു മാലിന്യ സംസ്‌കരണ യൂണിറ്റ്

നിലവിൽ മാലിന്യ സംസ്‌കരണ യൂണിറ്റ് ഇല്ലാത്തതിനാൽ ഫുഡ് വേസ്റ്റ് സമീപത്തുള്ള പന്നി ഫാമിലേക്കു കൊണ്ടു പോകുന്നു. ബാക്കിയുള്ളവ കാമ്പസിനകത്തുതന്നെ ഒരു ചതുപ്പിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത് പലപ്പോഴായി ഫുഡ് വേസ്റ്റ് അടക്കമുള്ളവയും ഇവിടെ തള്ളുന്നതിനാൽ അസഹ്യമായ ദുർഗന്ധവും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയും നില നിൽക്കുന്നു. ആയതിനാൽ ടെക്നോപാർക്ക് ഫേസ് ഒന്നിലുള്ളതു പോലെ ഒരു മാലിന്യ സംസ്‌കരണ യൂണിറ്റ് ഫേസ് 3 യിലും ആരംഭിക്കുകയോ ഫേസ് ഒന്നിലെ മാലിന്യ സംസ്‌ക്കരണ യൂണിറ്റിൽ എത്തിച്ചു സംസ്‌ക്കരിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയോ വേണം.

2. കായിക വിനോദോപാധികൾ

ജീവനക്കാർക്കായുള്ള വിനോദോപാധികൾ ഒന്നും ഇവിടെ ടെക്നോപാർക്ക് ഫേസ് 3 യിൽ ഇല്ല. ഫേസ് 3 യിൽ സ്ഥലം ലഭ്യമാണെന്നതിനാൽ ബാഡ്മിന്റൺ, വോളി ബോൾ, ബാസ്‌കറ്റ് ബോൾ കോർട്ടുകളും ജിം സൗകര്യമുള്ള ഒരു മിനി ക്ലബും തുടങ്ങാൻ വലിയ തടസ്സങ്ങളുണ്ടാകില്ല എന്നാണു ഞങ്ങൾ മനസ്സിലാക്കുന്നത്.അതിനു വേണ്ടിയുള്ള നടപടികൾ ആരംഭിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

3. കൂടുതൽ ഫുഡ് ഔട്‌ലെറ്റുകൾ, ഫുഡ് ഇൻസ്പെക്ഷൻ.

ടെക്നോപാർക്ക് ഫേസ് ത്രീയിലെ ഗംഗ യമുന ബിൽഡിങ്ങുകളിൽ ഗംഗ ബിൽഡിങ്ങിലെ കാന്റീൻ മാത്രമാണ് പ്രവർത്തിക്കുന്നത് അതും പരിമിതമായ സൗകര്യങ്ങളോടു കൂടിയ 4 ഔട്‌ലെറ്റുകൾ ആണ് ഇപ്പോൾ ആകെ പ്രവർത്തിക്കുന്നത്. വൈകുന്നേരം 7 മണിക്കു ശേഷം ഇവ പ്രവർത്തിക്കുന്നുമില്ല. 7 മണിക്കു ശേഷവും ജോലി ചെയ്യുന്നവർ ധാരാളം ഉള്ളതിനാൽ യമുന ബിൽഡിങ്ങിലെ കാന്റീൻ കൂടെ പ്രവർത്തനം തുടങ്ങാനും അവയുടെ പ്രവർത്തന സമയം പതിനൊന്നു മണി വരെ നീട്ടുന്നതിനും വേണ്ട നടപടിയുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

നിലവിലെ ഔട്‌ലെറ്റുകളിലെ ഫുഡ് ക്വാളിറ്റി സംബന്ധിച്ച് ധാരാളം പരാതികൾ ഉയർന്നു വരുന്നുണ്ട് , ഫുഡ് ക്വാളിറ്റി ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ ഫുഡ് ഇൻസ്പെക്ഷൻ നടത്തുന്നതിന് വേണ്ട നടപടി അത്യാവശ്യമാണ്.

4. കൂടുതൽ പാർക്കിങ് സൗകര്യം

നിലവിൽ ഫേസ് 3 യിലെ പാർക്കിങ് സൗകര്യം വളരെ പരിമിതമാണ്. കൂടുതൽ കമ്പനികൾ വരുന്നതോടെ ഇതു മൂലമുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകും. ഫേസ് 3 യിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ക്ലീൻ ചെയ്തു പാർക്കിങ്ങിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

5. ഫേസ് 3 ക്യാമ്പസ്സിനൊരു ചുറ്റു മതിൽ.

അതീവ സുരക്ഷ ആവശ്യമുള്ള Special Economic Zone ആയിട്ടു കൂടി ഫേസ് 3 ക്കു ഒരു ചുറ്റു മതിലില്ല. സബ്സ്റ്റേഷൻ റോഡിലേക്കുള്ള പുതിയ വഴി വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത അവസ്ഥയിലാണുള്ളത്.

6. KSRTC യുടെ വാരാന്ത്യ ബസ് സർവിസുകൾ

KSRTC യുടെ ദീർഘ ദൂര ബസ്സുകൾ വെള്ളിയാഴ്ചകളിൽ ടെക്‌നോപാർക് ഫേസ് 3 യിൽ നിന്നും ജീവനക്കാരെ കയറ്റുന്നതിനുള്ള ഒരു സംവിധാനം ആവശ്യമാണ്. ടെക്നോപാർക്ക് ഫേസ് ടുവിലും ഒന്നിലും ഇപ്പോൾ KSRTC ബസ് വരുന്നുണ്ട്. ഒട്ടനവധി ജീവനക്കാർ ദീർഘ ദൂര യാത്രക്കാരായുള്ളതിനാൽ KSRTC യോട് ഫേസ് ത്രീ കൂടി ഒരു ബസ് പോയിന്റ് ആക്കണമെന്ന് ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു

7. ഫേസ് 3 യിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുക

ചില വാഹനങ്ങൾ നിയന്ത്രണമില്ലാതെ സ്പീഡിൽ വരുന്നത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ആവശ്യമുള്ള സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം.

8. ടെക്‌നോപാർക്ക് ഫേസ് 3 യിൽ ഒരു പ്രീസ്‌കൂൾ ആരംഭിക്കുക

പ്രീപ്രൈമറി കുട്ടികൾക്കായി ഒരു പ്രീസ്‌കൂൾ ടെക്നോപാർക്ക് ഫേസ് 3 യിൽ ആരംഭിക്കുന്നത് ജീവനക്കാർക്ക് വളരെ ഉപകാരപ്രദം ആയിരിക്കും.

പ്രതിധ്വനിയുടെ നിർദ്ദേശങ്ങളോട് നല്ല രീതിയിൽ പ്രതികരിച്ച സിഇഒ സത്വര നടപടികൾക്കായി പാർക്ക് സെന്ററിനെ ചുമതലപ്പെടുത്തി.