തിരുവനന്തപുരം: രാജസ്ഥാനിലെ കുഗ്രാമത്തിൽ നിന്നും കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടി കേരളത്തിലെ അറിയപ്പെടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായി പേരെടുത്ത വ്യക്തിയാണ് ടീക്കാറാം മീണ. എവിടെ ആയാലും വിട്ടുവീഴ്‌ച്ചയില്ലാതെ ജോലി ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലീ. ഈ ശൈലികൊണ്ട് തന്നെ പലപ്പോഴും അദ്ദേഹം രാഷ്ട്രീയക്കാരുടെ കണ്ണിൽ കരടായി മാറുകയും ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് മീണ സർവീസിൽ നിന്നും വിരമിച്ചത്. അതിന് ശേഷം അദ്ദേഹം തന്റെ സർവീസ് അനുഭവങ്ങൾ കോർത്തിണക്കി ആത്മകഥയും എഴുതിയിട്ടുണ്ട.

മുൻ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, ഒരു വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരെ വിമർശിച്ച് മുൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെ ആത്മകഥ. 'തോൽക്കില്ല ഞാൻ' എന്ന പേരിലെഴുതിയ പുസ്തകം ചൊവ്വാഴ്ച തിരുവനന്തപുരത്തുവച്ചു പ്രകാശനം ചെയ്യാനിരിക്കയാണ്. സർവീസിൽനിന്നു വിരമിക്കും മുൻപ് ആത്മകഥ പ്രകാശനം ചെയ്യുന്നതിന് മീണ അനുവാദം ചോദിച്ചെങ്കിലും സർക്കാർ മറുപടി നൽകിയിരുന്നില്ല.

ഇ.കെ. നായനാർ, കെ.കരുണാകരൻ എന്നിവരുടെ ഭരണകാലത്ത് നേരിട്ട ദുരനുഭവങ്ങൾ എണ്ണിപ്പറയുന്നതാണ് ടിക്കാറാം മീണയുടെ ആത്മകഥ. സിവിൽ സർവീസിന്റെ ആദ്യകാലം മുതൽ വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായിട്ടാണ് താൻ പ്രവർത്തിച്ചെന്ന് ടിക്കാറാം മീണ പറയുന്നു. അതിന്റെ പേരിൽ നേരിടേണ്ടി വന്ന നിരന്തരമായ വേട്ടയാടലിനെക്കുറിച്ച് പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. തൃശൂർ കലക്ടറായിരുന്നപ്പോൾ വ്യാജ കള്ളു നിർമ്മാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. അതിനു പിന്നാലെ സ്ഥലംമാറ്റവും വന്നു. കേസ് അട്ടിമറിക്കാൻ അന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന ബി സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമമുണ്ടായി. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് തലസ്ഥാനത്ത് നിന്ന് പി ശശിയായിരുന്നെന്നാണ് ആരോപണം.

കള്ളു നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിൽ അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചത് ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയാണെന്നും പരോക്ഷമായി ആരോപണമുന്നയിക്കുന്നുണ്ട്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശപ്രകാരമാണെന്ന് ഇ.കെ.നായനാർ പിന്നീടു നേരിട്ടു പറഞ്ഞതായും ആത്മകഥയിൽ വെളിപ്പെടുത്തലുണ്ട്.

വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചതിനാൽ മാസങ്ങളോളം ശമ്പളം കിട്ടിയില്ല, അർഹമായ പദവികൾ നിഷേധിക്കപ്പെട്ടു തുടങ്ങിയ വെളിപ്പെടുത്തലുകളുമുണ്ട്. കെ. കരുണാകരൻ സർക്കാരിന്റെ കാലത്ത് സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്നു ടിക്കാറാം മീണ. ഗോതമ്പ് തിരിമറിയും കടത്തും പുറത്തു കൊണ്ടുവന്നതോടെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു. സർവീസ് ബുക്കിൽ മോശം പരാമർശം എഴുതിച്ചേർത്തതായും വെളിപ്പെടുത്തലുണ്ട്.

34 വർഷത്തെ സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് മീണ വിരമിച്ചത്. 34 വർഷത്തെ സേവനത്തിനിടയിൽ പല മുഖ്യമന്ത്രിമാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് മീണ. ഇക്കാലയളവിലെ തന്റെയനുഭവത്തിൽ ഏറ്റവും മികച്ചതായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നാണ് മീണ അടുത്തിടെ പറഞ്ഞത്.

യാതൊരു ഇടപെടലുകളുമില്ലാതെ, പൂർണമായ സ്വാതന്ത്ര്യം നൽകുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നാണ് മീണ പറയുന്നത്. പ്ലാനിങ് ബോർഡിൽ വളരെ ശക്തമായി നിഷ്പക്ഷമായി അഭിപ്രായങ്ങൾ പറയാറുണ്ട്.അതെല്ലാം മുഖ്യമന്ത്രി സ്വാഗതം ചെയ്യുമായിരുന്നു. നമ്മൾ പറയുന്ന അഭിപ്രായങ്ങളെ അദ്ദേഹം ചോദ്യം ചെയ്യില്ലായിരുന്നു. ഇതാണ് ഒരു മുഖ്യമന്ത്രിയിൽ നിന്നും വേണ്ടത്.ഞാൻ കൈകാര്യം ചെയ്യുന്ന ഏതു ഫയലിന്റെ കാര്യത്തിലും ഏതുഘട്ടത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല' ടിക്കാറാം മീണ വിശദീകരിക്കുന്നു.

കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ആയിരുന്നു മീണ. ആ സമയത്ത് കരുണാകരനിൽ നിന്നും പിന്തുണ കിട്ടിയിരുന്നുവെങ്കിലും കർക്കശക്കാരനായിരുന്നു അദ്ദേഹമെന്നാണ് മീണ പറയുന്നത്. അതേസമയം തന്നെ നിരാശനാക്കിയ മുഖ്യമന്ത്രി എ കെ ആന്റണി ആണെന്നാണ് മീണയുടെ വെളിപ്പെടുത്തൽ. ആന്റണി മന്ത്രിസഭയിലെ ഒരു മന്ത്രിയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടും മുഖ്യമന്ത്രിയിൽ നിന്നും തനിക്ക് നീതി കിട്ടിയില്ല.''ഞാനും ബാബുപോൾ സാറും, ഗോപാലകൃഷ്ണ പിള്ള സാറും ഒരുപാട് ശ്രമിച്ചതാണ്, എനിക്കത് ജീവിതത്തിൽ നേരിടേണ്ടി വന്ന വലിയൊരു നിരാശയാണെന്നും മീണ തുറന്ന് പറയുന്നു.

അഴിമതിക്കും ജനവിരുദ്ധമായ പ്രവർത്തികൾക്കുമെതിരേ മുഖം നോക്കാതെ പ്രതികരിക്കുകയും അതിന്റെ പേരിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരുടെ അപ്രതീക്ക് പാത്രമാവുകയും ചെയ്തിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ഒരു കർഷക കുടുംബത്തിൽ നിന്നും വരുന്ന മീണ. സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കുമ്പോഴാണ് അഴിമതിക്കെതിരേയുള്ള തന്റെ ഏറ്റുമുട്ടൽ തുടങ്ങുന്നതെന്നാണ് അദ്ദേഹം പറയുന്നത്.ചില കാര്യങ്ങൾ അവിടെ ജനങ്ങൾക്കു വിരുദ്ധമായി നടക്കുകയായിരുന്നു, അത് കണ്ടപ്പോൾ വളരെ ശക്തമായ നടപടികളെടുത്തു. അത് അന്നത്തെ വകുപ്പ് മന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല' എന്നാണ് മീണ ഓർമിക്കുന്നത്.

രാജസ്ഥാൻ സ്വദേശിയായ ടിക്കാറാം മീണ 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. വിവിധ ജില്ലകളിൽ കളക്ടർ, വിവിധ വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് ശ്രദ്ധനേടിയ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ സംസ്ഥാനം കണ്ട ഏറ്റവും ശക്തനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിലാണ് കേരളത്തിൽ ഏറെ ജനപ്രീതി നേടിയത്. കഴിഞ്ഞ വർഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്നും മാറി പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്‌സ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തിയിരുന്നു.


(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല- എഡിറ്റർ)