തിരുവനന്തപുരം: കൊലയാളി ഗെയിം ആയ ബ്ലൂവെയിലിന് അടിപ്പെട്ടാണ് പതിനാറുകാരനായ തന്റെ മകൻ മരണത്തെ വരിച്ചതെന്നു തിരുവനന്തപുരം സ്വദേശിനിയായ അനു വെളിപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരള ജനത.

മരണത്തിനു മുൻപുള്ള മാസങ്ങളിൽ മനോജിന്റെ പ്രവർത്തികൾ ദുരൂഹമായിരുന്നെന്നാണ് അമ്മ അനു പറയുന്നത്. ഇത്തരത്തിൽ ഒരു ഗെയിമുണ്ടെന്നും അതിന്റെ നിർദേശങ്ങൾ വായിച്ചു നോക്കിയാണ് ഡൗൺലോഡ് ചെയ്തതെന്നും മകൻ പറഞ്ഞത് അനുവിന് ഓർമ്മയുണ്ട്. ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അന്നത് ശരിവച്ചെങ്കിലും പിന്നീട് മനോജ് ഗെയിം കളിച്ചിരുന്നതായാണ് ഇവർ സംശയിക്കുന്നത്.

നവംബറിനു ശേഷം മനോജിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നുവെന്നും അമ്മ പറയുന്നു. ബ്ലൂ വെയിൽ ഗെയിമിനെക്കുറിച്ചുള്ള വാർത്തകൾ സജീവമാവുകയും ഗെയിമിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വായിക്കുകയും ചെയ്തപ്പോഴാണ് മകന്റെ മരണത്തിൽ രക്ഷിതാക്കൾക്ക് സംശയം തോന്നിയത്.

ഒറ്റയ്ക്ക് ഒരിടത്തും പോകാറില്ലാത്ത മനോജിൽ ചില മാറ്റങ്ങൾ വന്നതായി അനു ഓർക്കുന്നു. സിനിമകൾക്ക് പോയായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. എന്നാൽ, ഇതു കള്ളമാണെന്ന് പിന്നീടു മനസിലായി. സെമിത്തേരികളിലേക്കായിരുന്നു ഈ രാത്രി യാത്രകളത്രെ. ചോദിച്ചപ്പോൾ, അവിടെ നെഗറ്റീവ് എനർജിയാണോ പോസിറ്റീവ് എനർജിയാണോ ഉള്ളത് എന്നു നോക്കാനാണ് പോയത് എന്നായിരുന്നു മറുപടി. പ്രേത സിനിമകൾ കാണുന്നതും മരണ വീടുകളിൽ പോകുന്നതും മനോജ് പതിവാക്കിയിരുന്നു.

ഇടക്കാലത്ത് കടൽ കാണാൻ ശംഖുമുഖത്ത് പോയതും അനു ഓർക്കുന്നുണ്ട്. കൂട്ടുകാരുമൊത്ത് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒറ്റയ്ക്കായിരുന്നു യാത്ര എന്നാണ് മനസിലാക്കാൻ സാധിച്ചത്. ജനുവരിയിൽ കയ്യിൽ കോമ്പസു കൊണ്ട് 'എബിഐ' എന്നു മുദ്രകുത്തി. ഒറ്റയ്ക്ക് സാധിക്കാത്തതിനാൽ സുഹൃത്തിനെക്കൊണ്ട് നിർബന്ധിച്ചാണ് ചെയ്യിച്ചത്. നീന്തൽ അറിയാത്ത മനോജ് പുഴയിലെ ചുഴിയുള്ള ഭാഗത്ത് ചാടുകയും അതിന്റെ വിഡിയോ സുഹൃത്തിനെക്കൊണ്ട് മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു.

ഒൻപതു മാസത്തിനിടെ വീട്ടുകാരുമായി അകലുകയും ചെയ്തു. പുലർച്ചെ അഞ്ചു മണിക്കാണ് മനോജ് ഉറങ്ങിയിരുന്നത്. എഴുന്നേൽക്കുമ്പോൾ രാവിലെ 11 കഴിയും. എന്താണ് വൈകുന്നത് എന്നു ചോദിച്ചാൽ, രാത്രി ചാറ്റ് ചെയ്യുകയായിരുന്നു എന്ന മറുപടിയാണ് ലഭിക്കുക.

ഇതേക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോൾ കൂട്ടുകാരോടല്ല സംസാരിച്ചിരുന്നതെന്ന് വ്യക്തമായി. ഈ സമയമത്രയും മനോജ് ഫോണിൽ ബ്ലൂ വെയിൽ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ സംശയിക്കുന്നത്. സുഹൃത്തുക്കളോട് മനോജ് ഒന്നും തുറന്നു പറഞ്ഞിരുന്നില്ലെന്നും അനു പറയുന്നു.

ഞാൻ മരിച്ചു പോയാൽ അമ്മയ്ക്ക് വിഷമം ഉണ്ടാകുമോ എന്ന് ഇടയ്ക്ക് അന്വേഷിച്ചിരുന്നു. അമ്മ അതിനെ അതിജീവിക്കുമോ എന്നും ചോദിച്ചു. ഞാൻ പോയാലും അനിയത്തിയെ സ്‌നേഹിക്കണമെന്നും പറഞ്ഞു. രണ്ടു മക്കളും ഒരേ പോലെയാണെന്ന് അന്ന് മറുപടി നൽകിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പറയേണ്ടതില്ലെന്ന് വിലക്കിയതായും അനു ഓർക്കുന്നു.