ചെന്നൈ;ഡൽഹിയിലെ നിർഭയ സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ തമിഴ്‌നാട്ടിൽ പതിന്നാലുകാരിയെ ബസിൽ കൂട്ടമാനഭംഗത്തിനിരയാക്കി. തിങ്കളാഴ്ച സേലം ജില്ലയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ടു രണ്ടു ഡ്രൈവർമാരെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റു ചെയ്തു.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: ഒൻപതാം ക്ലാസ് പഠനം പൂർത്തിയാക്കിയ പെൺകുട്ടി വീടുവിട്ട് ഇറങ്ങിയതായിരുന്നു. ഉച്ചയ്ക്കുശേഷം ബസിൽ കയറിയ പെൺതുട്ടി സേലം ഒമലൂർ റൂട്ടിൽ പലതവണ യാത്ര ചെയ്തു.

അവസാനത്തെ ട്രിപ്പിനുശേഷം ഡ്രൈവർ ബസ് ഒമലൂരിൽനിന്നു വിജനമായ പ്രദേശത്തേക്കു കൊണ്ടുപോകുകയും മൂവരും ചേർന്നു പീഡിപ്പിക്കുകയുമായിരുന്നു. ബസിൽനിന്ന് ഇറക്കിവിടുമെന്നു ഭീഷണിപ്പെടുത്തിയാണു പെൺകുട്ടിയെ അവർ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അവസാനനിമിഷം അവിടെനിന്ന് ഓടിരക്ഷപെട്ട പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണു പ്രതികളെ പൊലീസിൽ ഏൽപ്പിച്ചത്.

സേലത്ത് കൂലപ്പണി ചെയ്യുന്നവരാണു പെൺകുട്ടിയുടെ മാതാപിതാക്കൾ. മുൻപു രണ്ടു തവണയും അവൾ വീടുവിട്ടിരുന്നതായി പൊലീസ് പറഞ്ഞു. കൗൺസിലിങ്ങിനുശേഷം അവളെ ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, മാനഭംഗപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ പോസ്‌കോയും ചുമത്തിയിട്ടുണ്ട്.