ചെന്നൈ: കൗമാരിക്കാരി ആണായി വേഷം കെട്ടി രണ്ടംഗ സംഘത്തിനൊപ്പം കവർച്ച. മൂന്നു പേരും പൊലീസ് പിടിയിലായി. 18 കാരിയായ പെൺകുട്ടിയാണ് വേഷം മാറി പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കൊപ്പം ചേർന്ന് കവർച്ചയ്ക്ക് പദ്ധതി ഒരുക്കിയത്.

തമിഴ്‌നാട്ടിലെ കോണ്ടിത്തോപ്പ് ബെതന്യാകൻ റോഡിനു സമീപമുള്ള വീടുകളിലാണ് സംഘം കവർച്ചാ ശ്രമം നടത്തിയത്. സംഘത്തിന്റെ പക്കൽ നിന്ന് വിലയേറിയ ഐ-ഫോണുകളും ലാപ്ടോപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്പാട്ടൂരിൽ നിന്ന് ദയാലൻ എന്ന് സ്വയം പരിചയപ്പെടുത്തിയ കൗമാരക്കാരി രണ്ടു പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പരിചയപ്പെടുകയും പിന്നാലെ കവർച്ചയ്ക്ക് പദ്ധതി ഒരുക്കുകയുമായിരുന്നു.

വേഷം മാറി എത്തിയ യുവതിയുൾപ്പെടുന്ന മൂന്നംഗ സംഘം ബുധനാഴ്ച രാത്രി ബെതന്യാകൻ സ്ട്രീറ്റിലുള്ള വീട്ടിൽ കവർച്ച നടത്തി. എന്നാൽ ഈ സമയം മുകളിലെ നിലയിലുള്ള മണിവണ്ണൻ എന്ന ബിസിനസുകാരൻ ശബ്ദം കേട്ട് താഴേയ്ക്ക് നോക്കുമ്പോൾ ചെറുപ്പകാരനായ ആൺകുട്ടി ബാഗുമായി രക്ഷപ്പെടുന്നത് കണ്ടതിനെ തുടർന്ന് അലാം ശബ്ദം വെച്ച് ആളുകളെ വിവരം അറിയിച്ചു.

ബാഗുമായി ഓടിയ ആൺകുട്ടിയെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. ആൺകുട്ടി നൽകിയ മൊഴിയെ തുടർന്നാണ് മറ്റു രണ്ടു പേർ കൂടി പിടിയിലായത്. ഇവർ നിരവധിയിടങ്ങളിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സെവൻ വെൽസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.