റോം: മനുഷ്യ പരിണാമ ചരിത്രത്തിലെ പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഏതാണ്ട് 1.30 ലക്ഷം വർഷങ്ങൾക്ക് മുൻപ് ഒരു കുഴിയിലേക്ക് വീണ് മരിച്ച 'അൾട്ടാമുറ മനുഷ്യൻ' എന്ന് വിളിക്കുന്ന നിയാഡർതാൽ മനുഷ്യന്റെ ഫോസിലിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. മൂക്കിലെ എല്ലുകൾക്ക് പോലും ക്ഷതമേൽക്കാത്തവിധം ഇത്രയേറെ വർഷങ്ങൾക്ക് ശേഷവും പ്രകൃതി സംരക്ഷിച്ച അൾട്ടാമുറ മനുഷ്യന്റെ ഫോസിൽ ഒരു അദ്ഭുതമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അൾട്ടാമുറ മനുഷ്യന്റെ പല്ലുകൾ നിരതെറ്റിയിരിക്കാൻ കാരണം വേട്ടയാടിക്കിട്ടിയ ഇറച്ചി മുറിച്ചെടുക്കുമ്പോൾ കൈകൾക്കൊപ്പം കടിച്ചു പിടിച്ച് വലിച്ചിട്ട് കൂടിയാണെന്നാണ് കരുതപ്പെടുന്നത്.

1993ൽ ഇറ്റലിയിലെ അൾട്ടാമുറ നഗരത്തിലെ ലാമാലുഗ്മ ഗുഹയിൽ നിന്നാണ് ഈ നിയാഡർതാൽ മനുഷ്യന്റെ ഫോസിൽ ലഭിച്ചത്. ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ പ്രദേശത്ത് കാൽസൈറ്റ് നിക്ഷേപങ്ങളാൽ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഈ മനുഷ്യന്റെ ശരീരഭാഗങ്ങൾ ഉണ്ടായിരുന്നത്. 2016ൽ അൾട്ടാമുറ മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന ഈ ഫോസിലിന്റെ തോളെല്ലിൽ നിന്നുള്ള ഡിഎൻഎ പരിശോധനയിൽ 1,30,000 ലക്ഷം വർഷത്തിനും 1,72,000 ലക്ഷം വർഷത്തിനും പഴക്കമുണ്ടെന്ന വിവരം ലഭിച്ചു.

ഇന്ന് യൂറോപ്പിൽ ല്ഭ്യമായതിൽ വച്ച് ഏറ്റവും പഴക്കമേറിയതാണ് ഈ നിയാണ്ടർതാൽ മനുഷ്യന്റെ ഫോസിൽ. ആധുനിക മനുഷ്യരായ ഹോമോസാപ്പിയൻസിന് മുൻപെ ഭൂമി അടക്കി വാണിരുന്ന മനുഷ്യ സഹോദര വർഗമാണ് നിയാഡർതാലുകൾ. ഹോമോ സാപ്പിയൻസിന് ഏറെ മുൻപ് മൂന്ന് ലക്ഷത്തിലേറെ വർഷങ്ങൾക്ക് മുൻപേ ആഫ്രിക്കയ്ക്ക് പുറത്തെത്തി യൂറോപിലും ഏഷ്യയിലും പടർന്നു പന്തലിച്ചവരാണ് ഇവർ.

ശാരീരികമായ മേൽക്കോയ്മയുണ്ടായിട്ടും ബുദ്ധിപരമായ യുദ്ധങ്ങളിൽ ഹോമോപ്പിയൻസിനോട് പരാജയപ്പെട്ട് ഏതാണ്ട് 40000 വർഷങ്ങൾക്ക് മുൻപെ നിയാഡർതാലുകളുടെ വംശാവലി അവസാനിച്ചുവെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. അവസാനത്തെ ഒന്നര ലക്ഷം വർഷക്കാലത്തോളം നിയാഡർതാലുകളും ഹോമോസാപ്പിയൻസും തമ്മിൽ ഭൂമിയിൽ പലയിടങ്ങളിലുമായി മേൽക്കോയ്മക്കുവേണ്ടിയുള്ള യുദ്ധങ്ങൾ നടന്നിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

1.30 ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന നിയാഡർതാൽ മനുഷ്യന്റെ ഫോസിൽ കാര്യമായ കേടുപാടുകൾ ഉണ്ടാവാതെ ലഭിക്കുകയെന്നതു തന്നെ അത്യപൂർവമായാണ് വിലയിരുത്തപ്പെടുന്നത്. ഇതു തന്നെയാണ് അൾട്ടാമുറ മനുഷ്യന്റെ ഫോസിലിന്റെ പ്രാധാന്യവും. നടക്കുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീഴുകയും ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിക്കുകയുമായിരുന്നു ഇയാളെന്നാണ് കരുതപ്പെടുന്നത്. അൾട്ടാമുറ മനുഷ്യന്റെ താടിയെ കേന്ദ്രീകരിച്ചാണ് പ്രൊഫ. മോഗി സെഷിയും സഹപ്രവർത്തകരും പഠനം നടത്തിയത്.

മരണസമയത്ത് പ്രായപൂർത്തിയായിരുന്നെങ്കിലും വൃദ്ധനായിരുന്നില്ല അൾട്ടാമുറ മനുഷ്യൻ. ഇയാളുടെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. പല്ലുകളുടെ ആരോഗ്യം അത്ര മികച്ചതായിരുന്നില്ല. പല്ലിൽ പലവിധ കറകളും മോണരോഗവും അൾട്ടാമുറ മനുഷ്യന് ഉണ്ടായിരുന്നു. മറ്റു നിയാഡർതാലുകളെ പോലെ ഹോമോസാപ്പിയൻസിനെ അപേക്ഷിച്ച് വീതിയേറിയ താടിയെല്ലും അൾട്ടാമുറ മനുഷ്യനുണ്ടായിരുന്നു.

അൾട്ടാമുറ മനുഷ്യന്റെ മുൻ നിരയിലെ പല്ലുകൾക്ക് വലുപ്പം കൂടുതലുണ്ടായിരുന്നു. മാത്രമല്ല ചില പല്ലുകൾ നിര തെറ്റിയായിരുന്നു ഉണ്ടായിരുന്നത്. വേട്ടയാടി ലഭിക്കുന്ന മാംസം ഭക്ഷിക്കുമ്പോഴും പങ്കുവെക്കുമ്പോഴുമെല്ലാം കൈകൾക്കൊപ്പം പല്ലും ഇവർ കാര്യമായി തന്നെ ഉപയോഗിച്ചിരുന്നു. ഇതിന്റെ ഫലമായാണ് പല്ലുകളിൽ പലതിനും ക്ഷതവും സ്ഥാന ചലനം പോലും സംഭവിച്ചതെന്നാണ് കരുതപ്പെടുന്നത്.

അൾട്ടാമുറ മനുഷ്യന്റെ ഫോസിൽ ഏതാണ്ട് പൂർണമായും കാൽസ്യം നിക്ഷേപങ്ങളാൽ നിറഞ്ഞ നിലയിലായിരുന്നു. ഇതാണ് ഫോസിലിനെ കൂടുതൽ തകർച്ചയിൽ നിന്നും രക്ഷിച്ചതും. ഭാവിയിൽ അൾട്ടാമുറ മനുഷ്യന്റെ ഫോസിൽ പൂർണമായും പുറത്തേക്കെത്തിക്കാനാകുമെന്നും ഇത് നിർണായകമായ മറ്റു വിവരങ്ങൾ നൽകുമെന്നും ഗവേഷക സംഘം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. പ്ലസ് വൺ ജേണലിലാണ് ഗവേഷണ ഫലം പൂർണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.