മുംബൈ: ട്രെയിൻ ഗതാഗതത്തെ വിനോദ സഞ്ചാരത്തിന്റെ മാർഗ്ഗത്തിൽ പരിഷ്‌ക്കരിക്കാനുള്ള ഇന്ത്യൻ റെയിൽവെയുടെ ശ്രമങ്ങൾക്ക് ആവേശം പകർന്ന് നാളെ ഒരു ട്രെയിൻ കൂടി യാത്രയാകും. അത്യാധുനിക സൗകര്യങ്ങളോടെയെത്തുന്ന തേജസ് എക്സ്പ്രസ് ട്രെയിനാണ് നാളെ ആദ്യ യാത്ര പുറപ്പെടുന്നത്. മുംബൈ ഛത്രപതി ശിവജി ടെർമിനസിൽനിന്ന് ഗോവയിലെ കർമാലി വരെയാണ് തേജസ് എക്സ്‌പ്രസിന്റെ ആദ്യയാത്ര.

അത്യാധുനിക സൗകര്യങ്ങൾ തന്നെയാണ് പുതയ തീവണ്ടിയുടെ പ്രത്യേകത. യാത്ര സുഖകരമാക്കുന്ന രീതിയിലാണ് തേജസ് രൂപകല്പന ചെയ്തിട്ടുള്ളത്. മനോഹരമായ ഉൾത്തടങ്ങളോടുകൂടിയ തേജസിലെ ഓരോ സീറ്റിലും വിനോദപരിപാടികൾ ആസ്വദിക്കാൻ എൽ.സി.ഡി. സ്‌ക്രീനുണ്ടാവും. യഥേഷ്ടം ചായയും കാപ്പിയും നൽകുന്ന വെൻഡിങ് മെഷീനുകളും ഓട്ടോമാറ്റിക് വാതിലുകളും സൗജന്യ വൈഫൈയും ഉൾപ്പെടെ 22 സവിശേഷതകളുമായാണ് ആഡംബരവണ്ടി സർവീസ് ആരംഭിക്കുന്നത്.

കപൂർത്തല റെയിൽകോച്ച് ഫാക്ടറിയിൽ നിർമ്മിച്ച തേജസ് ഡൽഹിയിലെത്തിയപ്പോൾ വെള്ളിയാഴ്ച റെയിൽവേ മന്ത്രി സുരേഷ് പ്രഭു പരിശോധിച്ചിരുന്നു. അവിടെനിന്ന് മുംബൈയിലെത്തിച്ചാണ് ആദ്യ സവാരി തുടങ്ങുക. മുംബൈ-ഗോവ പാതയിൽ നേരത്തേയുണ്ടായിരുന്ന ഡബിൾ ഡെക്കർ തീവണ്ടിയുടെ സമയത്താണ് ആഴ്ചയിൽ അഞ്ചുദിവസം തേജസ് ഓടുക എന്നാണറിയുന്നത്. രാവിലെ അഞ്ചുമണിക്ക് സി.എസ്.ടി.യിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് ഒന്നരയ്ക്ക് കർമാലിയിലെത്തും. തിരിച്ച് രണ്ടരയ്ക്ക് പുറപ്പെട്ട് രാത്രി പതിനൊന്നിന് സി.എസ്.ടി.യിലെത്തും.

ശതാബ്ദിവണ്ടികളെക്കാൾ 20 ശതമാനം കൂടുതലായിരിക്കും തേജസിന്റെ ടിക്കറ്റ് നിരക്ക്. ശതാബ്ദിയിലേതുപോലെ ഭക്ഷണവിലകൂടി ചേർത്താണ് ടിക്കറ്റിന് പണം ഈടാക്കുക. പ്രശസ്തരായ പാചകക്കാരാണ് ഭക്ഷണം തയ്യാറാക്കുക. ഇരുപതുകോച്ചുള്ള വണ്ടിയിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പോകാൻ സുരക്ഷിത ഇടനാഴികളുണ്ടാവും.

കപൂർത്തലയിൽനിന്ന് ഡൽഹിയിലെത്തുന്നതിന് മുമ്പുതന്നെ തേജസിന്റെ ജനൽച്ചില്ലുകളിൽ ചിലത് അജ്ഞാതർ തകർത്തു. മുംബൈയിൽവെച്ച് അത് ശരിയാക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മുംബൈ-ഗോവ വണ്ടിക്കുപിന്നാലെ ഡൽഹി-ചണ്ഡീഗഢ് പാതയിലും തേജസ് ഓടിക്കും. പിന്നീട് മറ്റുനഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.