- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേച്ചലിനെ രാജശ്രീ എന്നാക്കിയത് വിളിക്കാനുള്ള എളുപ്പത്തിന്; ലളിത വിവാഹം നേരത്തെയുള്ള തീരുമാനപ്രകാരം; വിവാദങ്ങളിൽ മറുപടിയുമായി തേജസ്വി യാദവ്; ജാതിമത ചിന്തകൾ യുവാക്കളിൽ ഇല്ല; അമ്മാവൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾക്ക് തയ്യാറല്ലെന്നും തേജസ്വി
പട്ന: വിവാഹത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി ബിഹാർ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്.റേച്ചൽ എന്ന പേര് മാറ്റിയതിനെക്കുറിച്ചും അമ്മാവന്റെ പരാമർശങ്ങളെക്കുറിച്ചും തേജസ്വി പ്രതികരിച്ചു. വിളിക്കാനുള്ള എളുപ്പത്തിന് വേണ്ടിയാണ് റേച്ചൽ എന്ന പേര് രാജേശ്വരിയാക്കിയതെന്നാണ് തേജസ്വിയുടെ പ്രതികരണം.അമ്മാവന്റെ പരാമർശത്തോട് വ്യക്തിപരമായി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സുഹൃത്തായിരുന്ന റേച്ചൽ ഗൊഡീഞ്ഞോയെ ഡൽഹിയിൽ വെച്ച് വിവാഹം കഴിച്ച ശേഷം കഴിഞ്ഞ ദിവസം ബിഹാറിലെത്തിയ ശേഷമായിരുന്നു പ്രതികരണം.
ഭാര്യ റേച്ചലിന്റെ പേര് രാജശ്രീ എന്ന് പുനർനാമകരണം ചെയ്തത് ബിഹാറിലെ ജനങ്ങൾക്ക് എളുപ്പത്തിൽ വിളിക്കാൻ വേണ്ടിയാണെന്നും തേജസ്വി പറഞ്ഞു.ഡൽഹിയിൽ വെച്ച് വളരെ ലളിതമായി വിവാഹം നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വി.ഐ.പികളെ പങ്കെടുപ്പിക്കുന്ന ചടങ്ങായാൽ അവരെ സ്വീകരിക്കുന്നതിനും മറ്റുമായി ഒരുപാട് സമയം മാറ്റിവയ്ക്കേണ്ടി വരും. രണ്ട് കുടുംബങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങാകുമ്പോൾ ഇരു വീട്ടുകാർക്കും കൂടുതൽ അടുക്കാനും പരസ്പരം മനസ്സിലാക്കാനും കഴിയും. അതുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക എന്ന ഉദ്ദേശവും അതിഥികളുടെ എണ്ണം കുറച്ചതിന് പിന്നിലുണ്ട്. അതേസമയം ബിഹാറിൽ ഒരു വിവാഹ സൽക്കാരം പദ്ധതിയിട്ടിട്ടുണ്ട്. വീട്ടുകാർ കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും. സഹോദരൻ തേജ് പ്രതാപിന്റെ വിവാഹ ചടങ്ങിന് ലാലുവിനെ സ്നേഹിക്കുന്ന നിരവധിപേർ ഒഴുകിയെത്തിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.
ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്തതിൽ പ്രതിഷേധിച്ച് നിന്ന അമ്മാവൻ സാധു യാദവിന്റെ നടപടിയെക്കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾക്ക് തയ്യാറല്ലെന്നു തേജസ്വി വ്യക്തമാക്കി.അമ്മാവൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾക്ക് തയ്യാറല്ലെന്നും ഇപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നുമായിരുന്നു പ്രതികരണം. ഇത്തരത്തിൽ ജാതി മത ചിന്താഗതികൾ യുവാക്കളിൽ ഇല്ലെന്നും അത്തരം കാര്യങ്ങളെ വേർതിരിവായി മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നും തേജസ്വി കൂട്ടിച്ചേർത്തു.
അതേസമയം അമ്മാവൻ സാധു യാദവ് കാരണം ലാലു പ്രസാദ് യാദവിന് ഒരുപാട് ചീത്തപ്പേര് കേൾക്കേണ്ടിവന്നുവെന്ന് തോജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ