തെലങ്കാന നിയമസഭ നേരത്തേ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് തയ്യാറായ ടി.ആർ.എസ്. നേതാവ് കെ. ചന്ദ്രശേഖരറാവുവിന് പഴയ ആത്മവിശ്വാസം ഇപ്പോഴില്ല. അനായാസം ഭരണം നിലനിർത്താനാകുമെന്ന് വിചാരിച്ച അദ്ദേഹത്തിന് വെല്ലുവിളിയായി കോൺഗ്രസ്സും തെലുഗുദേശം പാർട്ടിയും കൈകോർത്തു. പ്രചാരണത്തിൽനിന്ന് കിട്ടുന്ന പ്രതികരണങ്ങൾ ഉള്ള ആത്മവിശ്വാസം കൂടി ചോർത്തുന്നു. വോട്ടുതേടിയെത്തിയ തന്നെ ചോദ്യങ്ങൾകൊണ്ട് വീർപ്പുമുട്ടിച്ച കർഷകനോട് അദ്ദേഹം തട്ടിക്കയറുന്നതിൽവരെയെത്തി കാര്യങ്ങൾ.

കൊമരം ഭീം അസീഫാബാദ് ജില്ലയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം. മുസ്ലീങ്ങൾക്ക് ഏർപ്പെടുത്തുമെന്ന് പറഞ്ഞ 12 ശതമാനം സംവരണം എവിടെയെന്നായിരുന്നു കർഷകന്റെ ചോദ്യം. സംസ്ഥാനം ഇത്തരത്തിലൊരു ബിൽ പാസ്സാക്കുകയും അത് കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയക്കുകയും ചെയ്തിരുന്നുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ചോദ്യം കേട്ട് കുപിതനായ ചന്ദ്രശേഖരറാവു കർഷകന്റെ നേർക്ക് അനിയന്ത്രിതമായി പൊട്ടിക്കയറി.

'നിങ്ങളെന്താണ് ഈ ചോദിക്കുന്നത്? മിണ്ടാതിരിക്ക്. എന്ത് 12 ശതമാനത്തിന്റെ കാര്യമാണ് ചോദിക്കുന്നത്? എന്താണിത്ര ധൃതി? അക്കാര്യം ഞാൻ നിന്റെ അ്ച്ഛനോട് പറഞ്ഞോളാം. ആളെ കളിയാക്കുന്നോ?' -എന്നായിരുന്നു ചന്ദ്രശേഖരറാവുവിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മുസ്ലീങ്ങൾക്കുള്ള 12 ശതമാനം സംവരണം ഏർപ്പെടുത്താത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ചന്ദ്രശേഖരറാവുവിന്റെ പ്രസംഗം. ഗോത്രവർഗ്ക്കാർക്കും മുസ്ലീങ്ങൾക്കും സംവരണമേർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസംഗിക്കുന്നുണ്ട്.

കർഷകനോട് തട്ടിക്കയറിയ ചന്ദ്രശേഖരറാവുവിനെതിരേ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഭരണത്തിലേറി അധികാരം തലയ്്കുപിടിച്ച ചന്ദ്രശേഖരറാവു സ്വേഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇത്തരത്തിലുള്ള ധാർഷ്ട്യത്തിനും സ്വേഛാധിപത്യത്തിനും ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

സംവരണ പ്രശ്‌നത്തിലൂന്നി പ്രചാരണം നടത്തുന്നതിൽ ബിജെപി.യും ടി.ആർ.എസിനെതിരേ തിരിഞ്ഞിട്ടുണ്ട്. കോൺഗ്രസ് ദീർഘകാലമായി നടത്തിക്കൊണ്ടിരുന്ന മുസ്ലിം സംവരണപ്രശ്‌നമാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ടി.ആർ.എസ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് മെഹബൂബ്‌നഗറിൽ നടന്ന റാലിയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുസ്ലീങ്ങൾക്ക് സംവരണമേർപ്പെടുത്തുമെന്ന് പറഞ്ഞ് പറ്റിച്ച ടി.ആർ.എസ്. മാപ്പുപറയണമെന്ന് സംസ്ഥാന കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റും മുൻ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസറുദീനും ആവശ്യപ്പെട്ടു.