ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന് തെലങ്കാനയിൽ 18 കാരിയെ കഴുത്തറുത്തുകൊന്നു. അദിലാബാദ് ജില്ലയിലെ ഭായിൻസയിലാണ് സംഭവം. സന്ധ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് ചെന്നൈ നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ സ്വാതി എന്ന പെൺകുട്ടിയെ പട്ടാപ്പകൽ യുവാവ് വെട്ടി കൊലപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഇതിന്റെ ഞെട്ടൽ മാറും മുമ്പാണ് സമാന രീതിയിലുള്ള മറ്റൊരു കൊലപാതകം.

പെൺകുട്ടിയുടെ അയൽവാസിയായ എം. മഹേഷ് (21) ആണ് കൊല നടത്തിയത്. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിവന്ന സന്ധ്യയെ നിരവധി പേർ നോക്കിനിൽക്കെ കഴുത്തറുത്തുകൊലപ്പെടുത്തി. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. മഹേഷിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. മഹേഷും സന്ധ്യയും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വീട്ടുകാർ പറയുന്നത് ഇങ്ങനെയല്ല. മഹേഷിന്റെ പ്രണായാഭ്യർത്ഥനയെ സന്ധ്യ നിരസിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് മഹേഷ് കൊലപാതകം നടത്തിയതെന്നാണ് അവരുടെ ഭാഷ്യം. ദിവസങ്ങൾക്കുമുമ്പ് സന്ധ്യയും മറ്റൊരാളുമായി വിവാഹം തീരുമാനിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം.

സന്ധ്യയുടെ അമ്മ ബീഡി തൊഴിലാളിയാണ്. അച്ഛൻ നേരത്തെ മരിച്ചിരുന്നു. സന്ധ്യയെ മഹേഷ് ശല്യപ്പെടുത്തുന്നത് പതിവായപ്പോൾ പൊലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് മഹേഷിന് പൊലീസ് മുന്നറിയിപ്പും നൽകി. ഇനി സന്ധ്യയെ ശല്യപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. ഇതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചത്. കടയിൽ നിന്ന് പുറത്തിറങ്ങവേ പാത്തിരുന്ന മഹേഷ് ആളുകളുടെ മുന്നിൽ വച്ച് സന്ധ്യയുടെ കഴുത്തറത്തു. നാട്ടുകാർ ഓടിയെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് വച്ച് തന്നെ സന്ധ്യ മരിക്കുകയും ചെയ്തു.

സന്ധ്യയുടെ ജീവൻ രക്ഷിക്കാൻ ആർക്കും അവസരം നൽകാതെയാണ് മഹേഷ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. പിന്നീട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മഹേഷ്. ഇയാൽ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. ജനുവരിയിൽ സന്ധ്യയുടെ വിവാഹ ഉറപ്പിക്കൽ നിശ്ചയിച്ചിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിലെ സ്വാതിയുടെ കൊലയ്ക്ക് സമാനമാണ് ഭായിൻസയിലെ സംഭവങ്ങളും. നുങ്കംപാക്കം കൊല പ്രതിയെ സ്വാധീനിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.