ഹൈദരാബാദ്: കിറ്റക്‌സ് കേരളം വിട്ടതിനെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടയിൽ കഴിഞ്ഞ ദിവസം കിറ്റക്‌സ് തങ്ങളുടെ വ്യവസായം തെലുങ്കാനയിൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഒപ്പിടുകയും ചെയ്തു. കിറ്റക്‌സിന്റെ തെലുങ്കാനയിലേക്കുള്ള യാത്രയെക്കുറിച്ച് സാബു എം ജേക്കബ് പറഞ്ഞ കഥകൾ മാത്രമാണ് ഇതുവരെ നമ്മൾ കേട്ടത്.

എന്നാലിപ്പോഴിതാ തെലുങ്കാന കിറ്റക്‌സിനെ സ്വാഗതം ചെയ്ത സംഭവം ആദ്യം മുതൽ പങ്കുവെച്ചിരിക്കുകുകയാണ് തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ.ടി.രാമറാവു. കേരള സർക്കാറിനെ ട്രോളിക്കൊണ്ടാണ് മന്ത്രിയുടെ പ്രസംഗം.കേരളം വിടുന്നതിന് മുൻപ് ഒരു കാരണവശാലും ഇ വിവരം പുറത്ത് പറയരുതെന്നും പറഞ്ഞാൽ സമരം ചെയ്ത് അവർ നിങ്ങളുടെ യാത്രമുടക്കുമെന്നു താൻ സാബുവിനോട് പറഞ്ഞതായും മന്ത്രി പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്.

ഒരു പൊതുചടങ്ങിനിടെയാണ് കേരളത്തിലെ വ്യവസായ രംഗത്തെയും സർക്കാരിന്റെ നിലപാടുകളെയും ട്രോളിക്കൊണ്ടുള്ള കെ.ടി.രാമറാവുവിന്റെ പ്രസംഗം.ദിവസേന ഒന്നിലേറെ പത്രങ്ങൾ വായിക്കുന്ന ആളാണ് താൻ.അങ്ങിനെ പത്ര വായനക്കിടയിലാണ് കിറ്റക്‌സ് കേരളം വിടുന്നു എന്ന വാർത്ത തന്റെ ശ്രദ്ധയിൽ പെടുന്നത്.പക്ഷെ എവിടെക്കാണ് കിറ്റക്‌സ് പോകുന്നതെന്ന് പത്രത്തിൽ ഇല്ലായിരുന്നു. അന്നുതന്നെ ഞാൻ നേരിട്ട് സാബുവുമായി ബന്ധപ്പെട്ടു. ഫെയ്ക്കാണെന്ന് തെറ്റുധരിച്ചാവും ആദ്യം സാബു പ്രതികരിച്ചില്ല.പിന്നെയും ശ്രമം തുടർന്നപ്പോൾ സാബുവിനെ ബന്ധപ്പെടുകയും തന്റെ ക്ഷണം അറിയിക്കുകയും സംസ്ഥാനത്തെ വ്യവസായ വകുപ്പിനെക്കുറിച്ച് വ്യക്തമാക്കികൊടുക്കുകയും ചെയ്തു.

നേരിൽ വന്നുകണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാൽ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാൻ അദ്ദേഹത്തെ നിർബന്ധിച്ചു. കോവിഡ് ആയതിനാൽ തെലങ്കാന സർക്കാർ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. അത് സാബുവിന് വലിയ അദ്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീർച്ചയായുമെന്ന് ഞാനും പറഞ്ഞു.

എങ്കിൽ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെ എന്ന് സാബു എന്നോട് ചോദിച്ചു. തീർച്ചയായും പറയാം, പക്ഷേ ഒരു നിബന്ധനയുണ്ട്. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തിൽ കയറിയ ശേഷം മതി. അല്ലെങ്കിൽ കേരള സർക്കാർ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നിൽവന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാൻ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തിൽ കയറിയ ശേഷം മാത്രം പറഞ്ഞാൽ മതി..' രാമറാവു പറയുന്നു.കിറ്റെക്സുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓരോ സംഭവങ്ങളും നിമിഷങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് രാമറാവു സംസാരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

സന്ദർശനത്തിനു പിന്നാലെ വാറങ്കലിലെ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലെയും ഹൈദരാബാദിലെ ഇൻഡസ്ട്രിയൽ പാർക്കിലെയും പദ്ധതികളുടെ കരാറിലാണ് കിറ്റെക്‌സ് ഒപ്പിട്ടത്. തെലങ്കാന സർക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്സിനു വേണ്ടി മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബുമാണ് ഹൈദരാബാദിൽ കരാറിൽ ഒപ്പിട്ടത്.

വൻ ആനുകൂല്യങ്ങളാണ് തെലങ്കാനയിൽ നിക്ഷേപത്തിനായി സർക്കാർ കിറ്റെക്സിന് നൽകിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു.വ്യവസായ മന്ത്രി കെ.ടി. രാമറാവുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഒപ്പിടൽ.തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ മറ്റ് 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്റൈൻ, മൗറീഷ്യസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്.

കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ചാണ് കിറ്റെക്‌സ് സംസ്ഥാനം വിട്ടതും. ഒരു മാസത്തിനുള്ളിൽ വിവിധ സർക്കാർ വകുപ്പുകളുടെ തുടർച്ചയായ പരിശോധനയെ തുടർന്നാണ് കിറ്റെക്സ് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽനിന്നു പിൻവാങ്ങിയത്. കുട്ടികളുടെ വസ്ത്ര നിർമ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാൻഡാണ് കിറ്റെക്സ്.