റിയാദ്: ടെലികോം മേഖല പൂർണമായി സ്വദേശിവത്ക്കരിക്കുന്നതിന്റെ നടപടികൾക്കുള്ള സമയപരിധി അവസാനിക്കാറായതോടെ ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം ഈ മേഖലയിൽ പരിശോധന ഊർജിതമാക്കി. സർക്കാരിന്റെ തീരുമാനവുമായി സഹകരിക്കണമെന്ന സ്വകാര്യ സ്ഥാപനങ്ങളോട് മന്ത്രാലയം നിർദേശിച്ചിട്ടുമുണ്ട്.

ജൂൺ ആറോടെ എല്ലാ മൊബൈൽ ഷോപ്പുകളിലും ആക്‌സസറീസ് ഷോപ്പുകളിലും 50 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. സെപ്റ്റംബർ രണ്ടോടെ ഈ മേഖലയിൽ സ്വദേശിവത്ക്കരണം പൂർണമാകും.

ഇതിനായി അധികൃതർ സൗദികൾക്ക് പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നസൗദി നിക്ഷേപകർക്ക് ഇൻസെന്റീവുകളും ഗ്രാന്റുകളും നൽകുന്നുമുണ്ട്. 19000 സൗദി സ്ത്രീപുരുഷന്മാർ ഇതിനകം തന്നെ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. പുതിയ തൊഴിലുകൾ ഏറ്റെടുക്കാനും ഇവർ സജ്ജരായിട്ടുണ്ട്. കസ്റ്റമർ സർവീസ്, മെയിന്റനൻസ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയിട്ടുള്ളത്. മാനവവിഭവശേഷിമന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ സാങ്കേതിക തൊഴിൽ പരിശീലന കോർപ്പറേഷനാണ് പരിശീലനം നൽകുന്നത്. നാലായിരം സൗദി സ്ത്രീകൾ ഇതിനകം തന്നെ പരിശീലനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.