സമൂഹമാധ്യമങ്ങളിൽ ടെല​ഗ്രാമിന്റെ സ്വീകാര്യത കുതിച്ചുയരുന്നു. നോൺ ഗെയിം വിഭാഗത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ് എന്ന ഖ്യാതിയാണ് ടെല​ഗ്രാമിനെ തേടിയെത്തിയിരിക്കുന്നത്. ജനുവരിയിൽ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ലോകത്ത് ആകെ 50 കോടിയിലധികം പേരാണ് ഓരോ മാസവും ടെലിഗ്രാം ഉപയോഗിക്കുന്നത്. സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ടെലിഗ്രാം ഇൻസ്റ്റാളുകൾ ഉള്ള രാജ്യങ്ങളിൽ ഇന്ത്യയിൽ 24 ശതമാനവും ഇന്തൊനേഷ്യ 10 ശതമാനവും ഉയർച്ചയാണ് ഈ മാസം ഉണ്ടായിരിക്കുന്നത്.

ഗെയിം ആപ്പുകൾ ഒഴിവാക്കിയുള്ള കണക്കാണിത്. നിലവിൽ ഈ രംഗത്തെ താരങ്ങളായ വാട്സാപ്, സിഗ്നൽ എന്നീ ആപ്പുകളെ പിന്തള്ളിയാണു ടെലഗ്രാമിന്റെ കുതിപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നുള്ള ഡൗൺലോഡുകളിൽ ടെലഗ്രാം ഏറെ മുന്നിലാണ്. ആപ് സ്റ്റോറിൽനിന്നുള്ള ഡൗൺലോഡുകളിൽ നാലാം സ്ഥാനത്തായെങ്കിലും ആകെയുള്ള ഡൗൺലോഡുകളുടെ എണ്ണത്തിൽ ടെലഗ്രാം ഒന്നാമതെത്തുകയായിരുന്നു.

ആപ് സ്റ്റോർ ഡൗൺലോഡുകളിൽ ടിക്ടോക് ആണ് ഒന്നാം സ്ഥാനത്ത്. 2020 ജനുവരിയിൽ ഉള്ളതിന്റെ 3.8 ഇരട്ടി ആളുകളാണ് ഇക്കഴിഞ്ഞ ജനുവരിയിൽ ടെലഗ്രാമിന്റെ ഉപഭോക്താക്കളായി എത്തിയത്. കഴി‍ഞ്ഞ ഡിസംബർ വരെ ഡൗൺലോഡുകളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്ന ടെലഗ്രാം ജനുവരിയിൽ വൻ മുന്നേറ്റമുണ്ടാക്കി. ഈ പട്ടികയിൽ ടിക് ടോക്കാണ് രണ്ടാം സ്ഥാനത്ത്. സിഗ്നൽ, ഫേസ്‌ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയാണ് യഥാക്രമം മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ളത്.

ടെലഗ്രാമിന്റെ പുതിയ ഉപഭോക്താക്കളിൽ 20 ശതമാനവും ഇന്ത്യയിൽനിന്നുള്ളവരാണെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ടെലഗ്രാം ആരാധകരുടെ കാര്യത്തിൽ തൊട്ടുപിന്നിലുള്ളത് ഇന്തൊനീഷ്യയാണ്. 10 ശതമാനം പേരാണ് ജനുവരിയിൽ അവിടെ ടെലഗ്രാം വരിക്കാരായത്. മെസേജിങ് പ്ലാറ്റ്ഫോമുകളിലെ ഭീമന്മരായ ഫേസ്‌ബുക്കും വാട്സാപ്പും ഉപഭോക്താക്കൾക്കു പുതിയതായി ഏർപ്പെടുത്തിയ സ്വകാര്യതാ പോളിസികൾ ഏറെ വിമർശിക്കപ്പെട്ട കാലത്താണു ടെലഗ്രാമിന്റെ കുതിച്ചുകയറ്റം.

ടെലഗ്രാമിന്റെ ആഗോളതലത്തിലെ ഈ വളർച്ചയ്ക്ക് വാട്ട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണമായിരിക്കാം എന്നാണ് ടെക് ലോകം പറയുന്നത്. ടെലിഗ്രാമിന് പുറമെ സിഗ്നൽ ആപ്ലിക്കേഷനും ഡൗൺലോഡിൽ വൻ മുന്നേറ്റം നടത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പിന് ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളാണുള്ളത്.

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന് ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. അതേ സമയം ഉപയോക്താക്കൾക്കിടയിലെ ആശങ്കയും, ഉപയോക്താക്കളെ നഷ്ടപ്പെടുന്നതും പരിഗണിച്ച് വാട്ട്സ്ആപ്പ് മാതൃകമ്പനി പുതിയ നിയമം നടപ്പാക്കുന്നത് മെയ് മാസം വരെ നീട്ടിയിട്ടുണ്ട്.