- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിവഴിയിൽ ടെലിപ്രോംപ്റ്റർ പണി മുടക്കിയപ്പോൾ എറിഞ്ഞുപൊട്ടിച്ച ട്രംപ്; തെറ്റായ പ്രസംഗം വന്നപ്പോൾ ചമ്മി നിന്ന ബിൽ ക്ലിന്റൺ; ചീത്ത വിളിച്ച ഐസൻഹോവർ; വെള്ളം കുടിച്ച് പോയ ഒബാമ; ടെലിപ്രോംപ്റ്റർ പണിമുടക്കിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് തകരുമോ? ചില പ്രോംപ്റ്റർ കഥകൾ
ന്യൂഡൽഹി: ഒരു രാഷ്ട്രീയക്കാരന്റെ ടെലിപ്രോംപ്റ്റർ പണിമുടക്കുമ്പോൾ അതൊരു രാഷ്ട്രീയ സംഭവമായി മാറുന്നു. എതിരാളികൾക്ക് കളിയാക്കാനുള്ള വക കിട്ടുന്നു. വേൾഡ് എക്കണോമിക് ഫോറത്തിൽ, സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കുകയും, അദ്ദേഹത്തിന് പ്രസംഗം ഇടയ്ക്ക് വച്ച് നിർത്തേണ്ടി വരികയും ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
ലൈവ് നിർത്തിവെച്ചെങ്കിലും പ്രസംഗം തുടരാൻ സാധിക്കാതെ വന്ന മോദി എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ രാഹുൽ ഗാന്ധി ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ ടെലി പ്രോംപ്റ്റർ പ്രസംഗത്തെ പരിഹസിച്ച് രംഗത്തെത്തി. 'ചില നുണകൾ താങ്ങാനുള്ള ശേഷി ടെലി പ്രോംപ്റ്ററിനും ഇല്ല' എന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.
സത്യത്തിൽ ടെലിപ്രോംപ്റ്റർ പണിമുടക്കിയതിന് ഇത്രയോക്കെ കളിയാക്കേണ്ടതുണ്ടോ എന്നാണ് ഒരുവിഭാഗം ആളുകൾ ചോദിക്കുന്നത്. ടെലിപ്രോംപ്റ്ററിന്റെ പ്രശസ്തി നമുക്ക് മനസ്സിലാക്കാം. അത് ആശയവിനിമയം കൂടുതൽ സുഖകരമാക്കുന്നു. സംസാരിക്കുന്നത് നേതാവോ ആരുമോ ആയിക്കോട്ടെ, അദ്ദേഹം തന്റെ പ്രസംഗം ഹൃദിസ്ഥമാക്കിയിട്ടുണ്ട് എന്നൊരു ധാരണ കാണികളിൽ ഉണ്ടാക്കുന്നു. പെട്ടെന്ന് കാണാൻ കഴിയാത്ത, വാായിക്കാൻ പാകത്തിന് 45 ഡിഗ്രി ചെരിച്ച് വച്ചിരിക്കുന്ന ടെലിപ്രോംപ്റ്ററുകൾ പല തലമുറയിൽ പെട്ട രാഷ്ട്രീയക്കാർക്ക് പ്രിയപ്പെട്ടതാണ്. കാരണം ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു ഫീൽ അതുണ്ടാക്കുന്നു.
Anti-national Teleprompter ???? pic.twitter.com/JqyFxGmDO5
- Mr.Fixit (@yippeekiyay_dk) January 17, 2022
ടെലിപ്രോംപ്റ്റർ പണിമുടക്കിയാൽ പ്രധാനമന്ത്രിയുടെ ഇമേജ് തകരുമോ?
രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറയുന്ന അബദ്ധങ്ങൾ പിടിച്ചെടുക്കാൻ കാത്തിരിക്കുന്നവർക്ക് മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കിയത് അൽപം ക്ഷീണം ഉണ്ടാക്കിയേക്കാം. എന്നാൽ, അതിനെ ആഘോഷിക്കേണ്ട കാര്യമുണ്ടോ, എന്നാണ് സോഷ്യൽ മീഡിയയിലെ ബിജെപി അനുകൂലികൾ ചോദിക്കുന്നത്. ഒന്നാമതായി നരേന്ദ്ര മോദി ഒന്നാന്തരം വാഗ്മിയാണ്. അദ്ദേഹത്തിന്റെ പ്രസംഗ പാടവത്തിൽ ആർക്കും സംശയമില്ല. സ്വാഭാവിക ഒഴുക്കോടെ മോദി സംസാരിക്കുന്ന എത്രയോ വീഡിയോകൾ ഉണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ ചൗക്കിദാർ ചോർ ഹേ പ്രചാരണം തിരിച്ചടിച്ചത് ഓർക്കണം എന്നും ബിജെപി അനുകൂലികൾ പറയുന്നു.
ടെലിപ്രോംപ്റ്റർ പണിമുടക്കിയപ്പോൾ, പ്രധാനമന്ത്രി പ്രസംഗം നിർത്തിയത് ഉചിതമായി എന്ന് സോഷ്യൽ മീഡിയയിൽ ഒരുപക്ഷം വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് പ്രസംഗം പോലെയല്ല അന്താരാഷ്ട്ര വേദികളിലെ പ്രസംഗം. അവിടെ വസ്തുതകളും, വിവരങ്ങളും, ഒക്കെ കൃത്യമായി അവതരിപ്പിക്കണം. അണുവിട തെറ്റാൻ പാടില്ല. അതുകൊണ്ടാണ് മിക്ക ലോക നേതാക്കളും ഇപ്പോൾ ടെലിപ്രോംപ്റ്ററിനെ ആശ്രയിക്കുന്നത്.
ടെലിപ്രോംപ്റ്റർ മുമ്പ് പണികൊടുത്തവർ
അമേരിക്കൻ പ്രസിഡന്റുമാർക്ക് ടെലിപ്രോംപ്റ്റർ നല്ലതും ചീത്തയുമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 1952 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രതാരണത്തിനിടെ ഐസൻഹോവറാണ് ടെലിപ്രോംപ്റ്റർ വഴി രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ യുഎസ് പ്രസിഡന്റ്. തന്റെ പ്രസംഗത്തിനിടെ, ഒരിക്കൽ, മെല്ലെപ്പോക്ക് നടത്തിയ മെഷീനെ അദ്ദേഹം ചീത്ത പറഞ്ഞ സംഭവമുണ്ട്. ടെലിപ്രോംപ്റ്ററിന്റെ ഇരട്ട സ്‌ക്രീനുകളിൽ നിന്ന് പ്രസംഗം വായിക്കാൻ റൊണാൾഡ് റീഗൻ മിടുക്കനായിരുന്നു. ഒരിക്കൽ ബിൽ ക്ലിന്റൺ പ്രസംഗിക്കാൻ എത്തിയപ്പോൾ തെറ്റായ പ്രസംഗം ആയിരുന്നു അപ് ലോഡ് ചെയ്തിരുന്നത്. അദ്ദേഹം ശരിയായ പ്രസംഗം വരും വരെ കാത്തിരുന്ന് തടി രക്ഷിച്ചെടുത്തു. ജോർജ് ഡബ്ല്യു ബുഷിന് ടെലിപ്രോംപ്റ്റർ കീറാമുട്ടിയായിരുന്നു.
വൈസ് പ്രസിഡന്റായിരിക്കെ സാറാ പാലിന്റെ ടെലിപ്രോംപ്റ്റർ ഒരിക്കൽ പണി മുടക്കിയപ്പോൾ, അവർ അത് ആരും അറിയാതെ കൈകാര്യം ചെയ്തു. 2016 ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സാക്ഷാൽ ട്രംപിന്റെ ടെലിപ്രോംപ്റ്ററും പണിമുടക്കി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'കഴിഞ്ഞ 20 മിനിറ്റായി ഈ ടെലിപ്രോംപ്റ്റർ പണിയെടുക്കുന്നില്ല. ഈ ടെലിപ്രോംപ്റ്റർ ഇല്ലാത്തപ്പോഴാണ് എന്റെ പ്രസംഗം എനിക്ക് കൂടുതൽ ഇഷ്ടം'. ഇത്രയും പറഞ്ഞിട്ട് ഒരു പ്രോംപ്റ്റർ പിടിച്ചെടുത്ത് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.
ജോ ബൈഡനും ചില്ലറ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്.
എന്നാൽ, ടെലിപ്രോംപ്റ്ററിനെ ഏറ്റവും അധികം ആശ്രയിച്ച യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ആയിരുന്നു. ഇതിന്റെ പേരിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അദ്ദേഹത്തെ കൂടെക്കൂടെ കളിയാക്കുകയും ചെയ്തിരുന്നു. സാധാരണ ഗതിയിൽ, രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാന പ്രസംഗങ്ങളിലാണ് യുഎസ് പ്രസിഡന്റുമാർ ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നതെങ്കിൽ, ഒബാമ അത് എല്ലാദിവസവും ഉപയോഗിക്കുമായിരുന്നു.
എഴുതി വച്ചിരിക്കുന്നത് എന്താണോ അതിൽ നിന്ന് ഒരു വരി മാറാതെ പ്രസംഗിക്കണം എന്ന് ഒബാമയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ ടെലിപ്രോംപ്റ്റർ പ്രേമം. നല്ലൊരു വാഗ്മി എന്ന് കരുതപ്പെടുന്ന ഒബാമ പ്രോംപ്റ്റർ ഇല്ലാതെ കഷ്ടപ്പെടുന്ന വീഡിയോകളും വന്നിട്ടുണ്ട്. മോദിയുടെ വാഗ്മിത്വവും ഇതുപോലെ തെളിയിക്കപ്പെട്ടതാണെന്നും, അതുകൊണ്ട് ടെലിപ്രോംപ്റ്റർ പണി മുടക്കിയാൽ ഒന്നും അദ്ദേഹത്തിന്റെ ഇമേജ് തകരില്ലെന്നും ബിജെപി അനുകൂലികൾ വിശ്വസിക്കുന്നു.
മോദിയുടെ ടെലിപ്രോംപ്റ്റർ അനുഭവങ്ങൾ
2016 ൽ കാപിറ്റോൾ ഹില്ലിൽ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യുന്ന സമയം. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ഇംഗ്ലീഷ് പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും എണീറ്റ് നിന്ന് കൈയടിച്ചു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയിൽ ചർച്ചയായി. മോദി ഒബാമയ്ക്ക് പഠിച്ചോ? ടെലിപ്രോംപ്റ്റർ ഉപയോഗിച്ചോ? ചിലരൊക്കെ അദ്ദേഹം സ്വാഭാവിക പ്രസംഗമാണ് നടത്തിയതെന്ന് കരുതിയെങ്കിലും, പിന്നീട് രണ്ടുവശത്തും ടെലിപ്രോംപ്റ്റർ ഉണ്ടായിരുന്നു എന്ന് സോഷ്യൽ മീഡിയ കണ്ടുപിടിച്ചു.
2014 , ജൂലൈയിൽ, ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണ സമയത്താണ് മോദി ആദ്യമായി ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നത്. പിന്നീട്, ഇംഗ്ലീഷിൽ സംസാരിക്കേണ്ടി വരുമ്പോഴൊക്കെ, വിശേഷിച്ചും വിദേശ സന്ദർശന വേളകളിൽ അദ്ദേഹം പ്രോംപ്റ്റർ ഉപയോഗിച്ചുപോന്നു. പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ പ്രോംപ്റ്ററുകൾ. ഗ്ലാസിലുള്ള ഒടുവിലത്തെ വേർഷനുകൾ പെട്ടെന്ന് കണ്ടുപിടിക്കുക പ്രയാസം.
എങ്ങനെയാണ് ടെലിപ്രോംപ്റ്റർ പണിയെടുക്കുന്നത്?
പ്രസംഗം പ്രത്യക്ഷപ്പെടുന്നത് ലെക്‌റ്റേൺ അഥവാ ഉയർന്ന സ്റ്റാൻഡിന് പിന്നിലെ സ്‌ക്രീനിൽ നിന്നാണ്. മുന്നിലിരിക്കുന്ന കാണികൾക്ക് ഈ സുതാര്യമായ സ്‌ക്രീൻ കാണാൻ കഴിയില്ല. പ്രാസംഗികന്റെ വേഗതയ്ക്ക് അനുസരിച്ച് സൂക്ഷ്മതയോടെ വേഗം നിയന്ത്രിച്ച് ടെക്‌സ്റ്റ് സ്‌ക്രോൾ ചെയ്യാൻ ഒരു ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർ ഉണ്ടാകും. പ്രസംഗത്തിനിടെ, പ്രാസംഗികൻ ഒരു ടെലിപ്രോംപ്റ്ററിൽ നിന്ന് രണ്ടാമത്തേതിലേക്ക് മാറി മാറി നോക്കുന്നു. കാണികളെ നോക്കുന്നതാണെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യും.
പ്രാസംഗികൻ വേഗത കുറച്ചാൽ, ഓപ്പറേറ്റേർ അതനുസരിച്ച് വേഗം കുറയ്ക്കും. ഉദാഹരണത്തിന പ്രസംഗത്തിലെ ഒരുഭാഗത്തിന് കൈയടി കിട്ടിയാൽ, അൽപനേരം ഒന്നുനിർത്തും. അപ്പോൾ ഓപ്പറേറ്ററും നിർത്തും. ഓപ്പറേറ്റേർ വേണ്ടാത്ത ചില ആധുനിക വേർഷനുകളും ഉണ്ടെങ്കിലും, വിഐപികൾക്ക് അത് ബുദ്ധിമുട്ടായിരിക്കും.
ക്യാമറ ക്രൂവുമായും പ്രോംപ്റ്റർ ഓപ്പറേറ്റർ സംസാരിക്കേണ്ടതുണ്ട്. ചിലപ്പോൾ പ്രസംഗം എഡിറ്റ് ചെയ്യേണ്ടിയും വന്നേക്കാം.
ടെലിപ്രോംപ്റ്റർ പണിമുടക്കുമ്പോൾ
ചില വിമർശകർ പറയും, ടെലിപ്രോംപ്റ്ററിനെ ആശ്രയിക്കുന്നവർ ശരിക്കും നേതാക്കളല്ല, പെർഫോർമേഴ്‌സ് ആണെന്ന്. എന്നാൽ, ഏതു നേതാവായാലും, എന്താണ് പറയുന്നതെന്നും, അത് എങ്ങനെ പറയുന്നുവെന്നതും ആശ്രയിച്ചിരിക്കും പ്രസംഗത്തിന്റെ വിജയം. ടെലിപ്രോംപ്റ്റർ പെർഫോം ചെയ്യിക്കാൻ സഹായിക്കുന്ന ഒരു ഉപകരണം മാത്രം. എന്താണ് പറയേണ്ടതെന്ന് നിയന്ത്രിക്കാൻ പ്രോംപ്റ്ററിന് ആവില്ലല്ലോ.
പ്രോംപ്റ്റർ ഉപയോഗിച്ച് പ്രസംഗിക്കുക, ഒരു കലയാണ്. വെറുതെ വായിച്ച് വിട്ടാൽ പോരാ, അതിന്റെ അർത്ഥം കൂടി ജനങ്ങളിലേക്ക് എത്തണം. ഇക്കാര്യത്തിൽ, നരേന്ദ്ര മോദി ഒരുകലാകാരൻ തന്നെയാണ്. എന്നാൽ, ഇതിനായി പഠനത്തിന്റേതായ ഒരുഘട്ടം അദ്ദേഹത്തിനും കടന്നുപോകേണ്ടി വന്നു. 2015 ൽ തുടക്ക കാലത്ത് ചില്ലറ അബദ്ധങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ മോദിയെ വെറുതെ വിട്ടിരുന്നില്ല. ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന മൈത്രിപാല സിരിസേനയുടെ ഇന്ത്യ സന്ദർശനത്തിലുണ്ടായ സംഭവം സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. മൈത്രിപാലയുടെ ഭാര്യ ജയന്തി പുഷ്പ കുമാരിയെ മിസിസ് എന്ന് അഭിസംബോധന ചെയ്യേണ്ടതിന് പകരം മോദി വിളിച്ച് 'എംആർഎസ്' എന്ന്.
വിവാഹിതരായ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പൊതുവെ ഉപയോഗിക്കുന്നതാണ് മിസിസ് എന്ന വാക്ക് . ഇംഗ്ലീഷിൽ Mrs എന്ന് എഴുതും. വായിക്കുന്നത് മിസിസ് എന്ന് തന്നെ. എന്നാൽ ടെലി പ്രോംപ്റ്റർ നോക്കി വായിച്ച മോദിക്ക് തെറ്റിപ്പോയി. ഇത്തരം അബദ്ധങ്ങളെല്ലാം എല്ലാവർക്കും പറ്റാൻ ഇടയുള്ളത് തന്നെ ആണ്. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹത്തെ ഇലവൻ ജിൻപിങ് എന്ന് വായിച്ചതിന് ദൂരദർശനിലെ ഒരു വാർത്താ അവതാരകയെ പിരിച്ചുവിട്ട ചരിത്രവും മറക്കാറായിട്ടില്ല. എന്തായാലും കാലം ചെന്നപ്പോൾ മോദി ഈ മാധ്യമ ഉപയോഗത്തെ സ്വായത്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ