മെൽബൺ: ഓൺലൈൻ സർവീസുകൾ ശക്തിപ്രാപിക്കുന്നതോടു കൂടി അഞ്ചു വർഷത്തിനുള്ളിൽ ടെൽസ്ട്ര കോൾ സെന്ററുകൾ നിർത്തലാക്കുമെന്ന് ടെൽസ്ട്ര ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് തോഡി. ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കോൾ സെന്ററുകളാണ് ഇതോടെ ഇല്ലാതാകുന്നത്. ഇന്റർനെറ്റും സ്മാർട്ട്‌ഫോൺ ആപ്പുകളുമാണ് ഭാവിയിലെ സേവനദാതാക്കളെന്നും ഇപ്പോൾ തന്നെ ഇവ രംഗം കൈയടക്കി വരികയാണെന്നും തോഡി ചൂണ്ടിക്കാട്ടി.

ടെൽസ്ട്രയിൽ നിന്നും ആയിരക്കണക്കിന് ആൾക്കാരെ പിരിച്ചുവിടുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും പിരിച്ചുവിടൽ ഉണ്ടാകുമെന്ന് തോഡി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കാലം മാറുന്നതനുസരിച്ച് കമ്പനിക്കും മാറാൻ സാധിക്കാതിരിക്കില്ലെന്നും അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പിരിച്ചുവിടൽ അനിവാര്യമാണെന്നും ടെൽസ്ട്ര ചീഫ് തുറന്നു പറയുന്നു.

ഇപ്പോൾ ബാങ്ക് ഇടപാടുകളുടെ രീതി തന്നെ നോക്കുക. ഇന്ന് എത്ര പേർ ദൈനം ദിന ഇടപാടുകൾക്ക് ബാങ്കിനെ നേരിട്ടു സമീപിക്കുന്നുണ്ട്? എല്ലാം ഓൺലൈൻ സർവീസുകളായില്ലേ...പരമ്പരാഗതമായി നിലനിൽക്കുന്ന ഒട്ടേറെ തൊഴിലിന്റെ ഭാവി ഇതുതന്നെയായിരിക്കുമെന്നും തോഡി വെളപ്പെടുത്തി. ഇതു ഡിജിറ്റൽ യുഗമാണെന്നും അതനുസരിച്ചുള്ള മാറ്റങ്ങൾക്ക് നാം തയാറായേ മതിയാകൂ എന്നും ടെൽസ്ട്ര സിഇഒ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തന്നെ ടെൽസ്ട്രയിൽ നിന്ന് 2500 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്ന് കമ്യൂണിറ്റി ആൻഡ് പബ്ലിക് സെക്ടർ യൂണിയൻ കണക്ക് വെളിപ്പെടുത്തുന്നു. ഇതിന്റെ രണ്ട് ഇരട്ടിയായിരിക്കും ഇനിയും പിരിച്ചുവിടൽ നേരിടേണ്ടി വരുന്നത്. ഇത്രയും പേർക്ക് ഒരുമിച്ച് തൊഴിൽ നഷ്ടമാകുന്നത് സാമൂഹികപരമായ പ്രശ്‌നം സൃഷ്ടിക്കും. കൂടാതെ സമ്പദ് ഘടനയെ അതു ദോഷകരമായി ബാധിക്കുമെന്നും സിപിഎസ്‌യു ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ടെൽസ്ട്ര ഓവർസീസ് ഓപ്പറേഷൻസ് അടുത്തു തന്നെ തുടങ്ങുമെന്നും അതുകൊണ്ടു തന്നെ തൊഴിൽ നഷ്ടം സംഭവിക്കുന്നവരെ കമ്പനി തന്നെ തിരിച്ചെടുക്കുമെന്നാണ് കമ്പനി മേധാവിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷെ തന്നെ 400 അധിക തൊഴിൽ സാധ്യതകൾ ഓസ്‌ട്രേലിയയിൽ തന്നെ കമ്പനി നൽകിയിട്ടുണ്ടെന്നും തോഡി പറയുന്നു.