ഹൈദരാബാദ്: തെലുങ്കു യുവതാരം കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നു വീണു മരിച്ചു. നടൻ ബാല പ്രശാന്താ(25)ണു കെട്ടിടത്തിന്റെ പൈപ്പ് ലൈനിൽ നിന്നു വീണുമരിച്ചത്.

കാമുകിയുടെ വീട്ടിൽ അപ്രതീക്ഷിതമായി ബന്ധുക്കൾ എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണു റിപ്പോർട്ടുകൾ. ഹൈദരാബാദിലെ മൂസപ്പേട്ടിൽ വെള്ളിയാഴ്ചയാണ് സംഭവം.

കെട്ടിടത്തിലെ ആറാം നിലയിലായിരുന്നു കാമുകിയുടെ ഫ്‌ളാറ്റ്. അവിടെ നിന്നു പൈപ്പിലൂടെ ഉർന്നിറങ്ങുമ്പോൾ പിടിവിട്ട് താഴെ വീഴുകയായിരുന്നു. വിവാഹിതയായ കാമുകിയുമായി താരം അവിഹിത ബന്ധം പുലർത്തിപ്പോന്നിരുന്നതായാണു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബന്ധുക്കളില്ലാത്ത സമയംനോക്കിയാണ് ഇയാൾ കാമുകിയുടെ വീട്ടിലെത്തിയത്. എന്നാൽ അപ്രതീക്ഷിതമായി ബന്ധുക്കൾ വീട്ടിൽ തിരികെ എത്തിയതോടെ രക്ഷപ്പെടാനായി പൈപ്പ് ലൈനിനെ ആശ്രയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് താഴേയ്ക്ക് പോകുന്ന പൈപ്പ് ലൈനിലൂടെ ഊർന്നിറങ്ങാനാണ് യുവാവ് ശ്രമിച്ചത്. ഇതിനിടയിൽ പിടിവിട്ട് താഴെ വീഴുകയായിരുന്നു.

കൊറിയോഗ്രാഫറായിരുന്ന പ്രശാന്ത് പിന്നീട് അഭിനയത്തിലേക്കും കടക്കുകയായിരുന്നു. രാമുദില സീതല എവരുന്താ രണ്ടി ബാബു എന്ന ചിത്രത്തിൽ നായകനായിരുന്നു ബാല പ്രശാന്ത്.