കൊൽക്കത്ത: കേരളത്തിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ കോളിളക്കം അടങ്ങും മുമ്പേ കൊൽക്കത്തയിലും സമാനസംഭവം അരങ്ങേറി.തെലുങ്ക് നടി കാഞ്ചന മോയിത്ര ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവേയാണ് മൂവർ സംഘത്തിന്റെ ആക്രമണമുണ്ടായത്.

ചൊവ്വാഴ്ച രാത്രി ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയുടെ കാർ തടഞ്ഞു നിർത്തിയായിരുന്നു സംഘത്തിന്റെ ആക്രമണശ്രമം.കൊൽക്കത്തയിലെ സിരിതി ക്രോസിങിനു സമീപം പുലർച്ചെ ഒരു മണിക്കാണ് സംഭവം.

മദ്യ ലഹരിയിലായിരുന്ന മൂന്നുപേർ കാഞ്ചന സഞ്ചരിച്ചിരുന്ന കാർ തടയുകയും താക്കോൽ ഊരിയെടുത്ത ശേഷം അവരെ കാറിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് കാഞ്ചന നൽകിയ പരാതിയിൽ പറയുന്നത്. ഷൂട്ടിങിനു ശേഷം ബെഹ്‌ലയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണം. കാഞ്ചനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണം തുടരുകയാണ്.