ശബരിമല ക്ഷേത്രത്തിന് വർഷം തോറും 80 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നതെന്നും ബാക്കി 20 ലക്ഷം രൂപ പത്ഭനാഭ സ്വാമി ക്ഷേത്രത്തിനാണെന്നും അങ്ങനെ ഒരു കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പേരിൽ ശബരിമലയ്ക്കും പത്ഭനാഭ സ്വാമി ക്ഷേത്രത്തിനുമായി നൽകുന്നത് 1949ൽ മൺറോ സായിപ്പും തിരുവിതാംകൂർ രാജാവും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമാണെന്നും ആ 45 ലക്ഷം രൂപ ഒരു കോടിയായി ഉയർത്തിയത് എ.കെ ആന്റണി ആണെന്നും അതുകൊണ്ട് അതിന്റെ പേരിൽ അവകാശവാദങ്ങളൊന്നും സർക്കാർ നടത്തണ്ട എന്നും പറഞ്ഞ് പ്രസ്താവനയിറക്കിയത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ്. സുകുമാരൻ നായരുടെ പേര് പറയാതെ തൊട്ട് പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിറക്കിയ പ്രസ്താവനയിൽ പറയുന്നത് വർഷം തോറും തിരുവിതാംകൂർ ബോർഡിന് 80 ലക്ഷം രൂപ നൽകുന്നുണ്ടെന്നും അതിൽ 35 കോടി രൂപ ശബരിമലയ്ക്കാണെന്നുമാണ്.

റോഡ് അടക്കമുള്ള മറ്റ് പ്രവർത്തനങ്ങൾ കൂടി കണക്കിലാക്കിയാൽ ഒരു വർഷം 210 കോടി രൂപ നൽകുന്നുണ്ടെന്നും ഒരു നെയാ പൈസ പോലും സർക്കാർ എടുക്കുന്നില്ലെന്നുമാണ് കടകംപള്ളിയുടെ പ്രസ്താവന. ഇതേ സമയം ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്റെ ഒരു പ്രസ്താവന നിങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കാണാം ഈ വർഷം ജനുവരിയിൽ അദ്ദേഹം പറയുന്നു ഈ വർഷം ശബരിമലയിൽ നിന്നും 255 കോടി രൂപ ലഭിച്ചു എന്ന്. അപ്പോൾ ഇവിടെ രണ്ടു മൂന്ന് ചോദ്യങ്ങൾ ഉയരുന്നു. ആകെ ശബരിമലയ്ക്ക് കൊടുത്തത് 35 കോടി രൂപയാണ്. റോഡടക്കമുള്ള പ്രവർത്തനങ്ങൾ കൂട്ടിയാൽ പോലും ഈ 210 കോടി രൂപയേ വരുന്നുള്ളൂ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മൊത്തം. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഒരമ്പലമായ ശബരിമലയിൽ നിന്നും ഒരു വർഷം 255 കോടി രൂപ ലഭിച്ചുവെന്ന് ഔദ്യോഗികമായി പറയുന്നു. അപ്പോൾ ബാക്കി പണം എവിടെ പോകുന്നു. ഈ പണമൊക്കെ സർക്കാരാണ് കൊടുക്കുന്നത്.

ദേവസ്വം ബോർഡിന് വേണ്ടി ചെലവാക്കിയ, ശബരിമലയ്ക്ക് വേണ്ടി ചെലവാക്കിയ 210 കോടി രൂപ സർക്കാർ ഖജനാവിൽ നിന്നും കൊടുത്തതാണ്, സർക്കാർ ഖജനാവിലേക്ക് ഒരു കാശു പോലും ഈ ക്ഷേത്രങ്ങളിൽ നിന്നും എത്തിയിട്ടുമില്ല. അപ്പോൾ ഈ കാശൊക്കെ എവിടെ പോകുന്നു. ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടതാണ്. അവിടേയും തീരുന്നില്ല. ശബരിമല ക്ഷേത്രം അടക്കമുള്ള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ കണക്കിൽപെടുന്ന കാശെന്ന് പറയുന്നത് രസീതുകൊടുത്ത് വാങ്ങുന്ന കാശാണ്. എത്ര പേർ രസീതുകൊടുത്ത് കാണിക്കയിടും. ഏത് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ചെന്നാലും നിങ്ങൾ രസീത് മേടിക്കണം എന്ന് എഴുതിയിട്ടുണ്ട്. എന്നാൽ ഭക്തർ രസീത് വാങ്ങി കാശുകൊടുക്കുന്നത് വഴിപാടുകൾക്ക് മാത്രമാണ്. എന്നുവച്ചാൽ ഓരോ ഭക്തനും അവന്റെ മനസ്സറിഞ്ഞ് നൽകുന്ന കാശു സൂക്ഷിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല എന്ന് അർത്ഥം.

അതുകൊണ്ട് ശബരിമല മാത്രമല്ല ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഓരോ വർഷവും ലഭിക്കുന്നത് ശതകോടികളായ കാശാണ്. ഇതിലൊക്കെ എത്ര രൂപയ്ക്ക് കണക്കുണ്ട്, ഈ കാശൊക്കെ എങ്ങോട്ട് പോകുന്നു. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട സമയമായിരിക്കുന്നു. ഇങ്ങനെയുള്ള ഒരു കണക്കിനെ കുറിച്ചുള്ള ചർച്ച തന്നെ ആവശ്യമായി വന്നത് ശബരിമലയിലെ യുവതി പ്രശ്‌ന വിഷയം തന്നെയാണ്. വളരെ യാദൃശ്ചികമായി സംഭവിച്ചതാണെങ്കിൽ കൂടി ടി.ജി മോഹൻദാസും സുബ്രഹ്മണ്യൻ സ്വാമിയും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ നോട്ടീസയചത് ഇതുമായി ബന്ധപ്പെട്ട് കാണേണ്ടതാണ്. ആ ഹർജിയിൽ സുപ്രീം കോടതി തന്നെ ചോദിക്കുന്നു എന്താണ് ദേവസ്വം ബോർഡ് എന്ന സമ്പ്രദായം ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം കൈവശം വച്ചുകൊണ്ട് ഇരിക്കുന്നത് എന്തുകൊണ്ട് എന്ന്.

ഇവിടെ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശവും ക്ഷേത്രങ്ങളുടെ സ്വത്തും ചർച്ചയാകുന്നത് തീർച്ചയായും ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തന്നെയാണ്. ഈ വിഷയത്തിൽ ഭക്തർ തോറ്റത് ദേവസ്വം ബോർഡും സർക്കാരും കടുത്ത നിലപാടെടുത്തുകൊണ്ട് മാത്രമാണ് എന്ന് ഈ വിഷയമറിയാവുന്ന എല്ലാവർക്കും അറിയാം. സംസ്ഥാന സർക്കാരിന് മാത്രമല്ല കേന്ദ്ര സർക്കാരിനും ഈ അവകാശം സംരക്ഷിക്കാനുള്ള ബാധ്യതയും ചുമതലയും ഉണ്ട് എന്നത് ഒരു വശത്ത് നിൽക്കുമ്പോൾ തന്നെ ഈ തോൽവിയുടെ കാരണം കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലപാട് ശബരിമലയിൽ ഏത് പ്രായത്തിലുള്ള യുവതികൾക്കും പ്രവേശിക്കാം എന്നതുകൊണ്ട് തന്നെയാണ്.