ആറ്റിങ്ങൽ: അരുംകൊല നടന്നതിന്റെ പേരിൽ ആസൂത്രിതമായ വർഗീയ കലാപത്തിന് ശ്രമം ഉണ്ടായപ്പോഴും അതിനെ മറികടക്കാൻ വക്കത്തെ ജനങ്ങളുടെ ഒരുമയ്ക്ക് സാധിച്ചിരുന്നു. അക്രമികൾ നടുറോഡിലിട്ട് അതിക്രൂരമായി ഷെബീർ എന്ന മുസ്ലിം യുവാവിനെ ആക്രമിച്ച കൊലപ്പെടുത്തിയപ്പോൾ ആ ചെറുപ്പക്കാരന്റെ വിയോഗത്തിലും കുടുംബത്തോട് ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഉത്സവം ഒഴിവാക്കിയിരുന്നു വക്കം പുത്തൻനട ദേവീശ്വരക്ഷേത്രം. ഇങ്ങനെ സാഹോദര്യത്തിന് പുതുമാതൃക തീർത്ത ക്ഷേത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. നിർധനരായ ഷെബീറിന്റെ കുടുംബത്തിന് വക്കം പുത്തൻനട ദേവീശ്വരക്ഷേത്രം അധികൃതർ ധനസഹായം എത്തിച്ചു.

ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായിരുന്ന ഷെമീറിനോടുള്ള ആദരസൂചകമായി വക്കം ഇത്തവണ ഉത്സവാഘോഷങ്ങളില്ലായിരുന്നു. അതിൽ നിന്നും മിച്ചംകിട്ടിയ 50,000 രൂപ ക്ഷേത്ര പ്രസിഡന്റ് ജയപ്രകാശും മറ്റു കമ്മിറ്റിക്കാരും കഴിഞ്ഞ ദിവസം ഷെബീറിന്റെ വീട്ടിലെത്തി ഉമ്മയെ ഏൽപ്പിച്ചു. ക്ഷേത്രത്തിലെ ഉത്സവപരിപാടികളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന യുവാവിന്റെ അകാലവിയോഗം നാടിനു വലിയ നടുക്കമാണുണ്ടാക്കിയത്. ഇതര മത സമുദായത്തിൽപ്പെട്ടവനായിരുന്നെങ്കിലും ക്ഷേത്രകാര്യങ്ങളിൽ എന്നും മുന്നിൽത്തന്നെയായിരുന്നു ഷെബീർ.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അന്നദാനത്തിന്റെ ചുമതലക്കാരനായിരുന്നു ഷെബീർ. ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന ഷെബീർ അന്നദാനത്തിനുള്ള വിറക് ശേഖരിക്കൽ മുതൽ വിളമ്പൽവരെ മുന്നിൽ നിന്നാണ് നടത്തിയിരുന്നത്. ഷെബീറിന്റെ വിയോഗത്തെ തുടർന്ന് ക്ഷേത്രം രണ്ടു ദിവസം നടയടച്ചിട്ടിരുന്നു. തുടർന്നു നടന്ന കൂട്ടായ്മയിലാണ് ഉതൽസവാഘോഷങ്ങൾ ഒഴിവാക്കി കൊടിയേറ്റും പതിവുപൂജകളും ആറാട്ടും മാത്രമാക്കി ചുരുക്കിയത്. ക്ഷേത്രവിശ്വാസികൾ ഒത്തൊരുമയോടെയാണ് ഈ തീരുമാനമെടുത്തതെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞവർഷത്തെ ഉത്സവത്തിന് എഴുന്നെള്ളിച്ച ആനയുടെ വാലിൽ തൂങ്ങി പ്രശ്‌നമുണ്ടാക്കിയ പ്രതികളാണ് ഷെബീറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇവർക്കെതിരെ ഉത്സവാഘോഷ കമ്മിറ്റി നലകിയ കേസിൽ ഷെബീറും മൊഴിനൽകിയിരുന്നു. ഇതാണ് പ്രതികൾക്ക് ഷെബീറിനോട് വിരോധമുണ്ടാകാനുള്ള കാരണം.

ഷെബീറിന്റെ കൊലപാതകത്തിന്റെ പേരിൽ വർഗീയതയ ഉയർത്തി മുതലെടുപ്പിനുള്ള ശ്രമം നാട്ടുകാർ തന്നെ ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ഉൽസവവുമായുണ്ടായ തർക്കങ്ങളുയർത്തിയുള്ള പ്രചരണങ്ങൾ ഫലം കണ്ടില്ല. വക്കത്തെ പുത്തൻ നട ശിവക്ഷേത്രത്തിന് മതേതര പ്രതിച്ഛായയാണുള്ളത്. ഇത് മറച്ചുവച്ചാണ് ഷബീറിന്റെ കൊലപാതകത്തിൽ മുതലെടുപ്പിന് ശ്രമമുണ്ടായത്.

ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇത്. ഇവിടുത്ത ഉൽസവ കമ്മറ്റികളിൽ പോലും മുസ്ലിം മതവിഭാഗത്തിൽ ഉള്ളവർ സജീവമായിരുന്നു. അങ്ങനെയാണ് ഷെബീറും ക്ഷേത്രവുമായി സഹകരിച്ചത്. ഉമ്മ നബീസയെ ഉപേക്ഷിച്ച് ബാപ്പ പോകുമ്പോൾ ഷബീറിന്റെ പ്രായം പത്തു വയസ്. പറക്കമുറ്റാത്ത സഹോദരങ്ങളെയും കൊണ്ട് അനാഥാലയത്തിന്റെ പടി കയറി. മക്കളെ പഠിപ്പിക്കാനായി നബീസ കൊത്തന്റെ കൈയാളായി പോയി. പത്താംകഌസിലെത്തിയപ്പോൾ ഷബീറും ഉമ്മയ്‌ക്കൊപ്പം ജോലിക്കിറങ്ങി. ആറ്റിങ്ങലിലെ ഒരു സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് ഷബീർ. അന്യമതസ്ഥനാണെങ്കിലും ക്ഷേത്രത്തിലെ എന്താവശ്യത്തിനും മുന്നിലുണ്ടാകുന്ന ഷബീർ ഭരണസമിതിയിൽ എത്തി. ഉത്സവപ്പിരിവിന്റെ രസീതും കണക്കും സൂക്ഷിക്കുന്നതെല്ലാം ഷബീറായിരുന്നു.

ക്ഷേത്ര ഉത്സവത്തിന്റെ അവസാന ദിവസം ഘോഷയാത്രയ്ക്കിടയിൽ ആനയുടെ വാലിൽ പിടിച്ചുവലിച്ച് സൂചി കൊണ്ട് കുത്തി ഒരു സംഘം അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ പ്രശ്‌നം തുടങ്ങി. അന്നത്തെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തയാളാണ് കടയ്ക്കാവൂർ ഉടക്കുവിളാകത്തു വീട്ടിൽ സന്തോഷ്. ഇയാൾക്കെതിരെ ഷബീർ മൊഴി നൽകിയിരുന്നു. ആ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ. ഷബീറിനോടുള്ള ആദരസൂചകമായി പുത്തൻനട ക്ഷേത്രത്തിലെ ഉത്സവം ആർഭാടരഹിതമായി നടത്തുകയായിരുന്നു. ഇതിൽ നിന്നും മിച്ചം വന്ന പണമാണ് കുടുംബത്തെ ഏൽപ്പിച്ചത്.