കൊട്ടാരക്കര: ക്ഷേത്രവുമായി ബന്ധപ്പെട്ട് ദുർമന്ത്രവാദം നടത്തിവന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. ലോട്ടസ് റോഡിലെ ക്ഷേത്രത്തിലാണ് മന്ത്രവാദം നടന്നത്. യുവതിയെ മന്ത്രവാദത്തിന്റെ ഭാഗമായി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് പൂജാരിയെ അറസ്റ്റുചെയ്തു.

ബാധയൊഴിപ്പിക്കലെന്ന പേരിൽ ആണ് യുവതിക്കുനേരെ മർദ്ദനമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. യുവതിയെ ക്രൂരമായി മർദ്ദിക്കുന്ന വിവരമറിഞ്ഞ് ചിലർ പൊലീസിനെ അക്കാര്യം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ സ്ഥിരമായി ആഭിചാരക്രിയകൾ നടന്നുവന്നിരുന്നതായി പറയുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് രാത്രി എട്ടരയോടെയാണ് ആഭിചാരകർമ്മങ്ങൾ തുടങ്ങിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഓടനാവട്ടം സ്വദേശിയായ പൂജാരിയാണ് അറസ്റ്റിലായത്.

യുവതിയെ ഇയാൾ ബാധയൊഴിപ്പിക്കാനെന്ന പേരിൽ ചൂരലുകൊണ്ട ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി ഉച്ചത്തിൽ നിലവിളിക്കുന്നതുകേട്ടാണ് രാത്രി ഒമ്പതുമണിയോടെ അതുവഴിപോയവർ വിവരം അറിയുന്നത്. നഗരമധ്യത്തിൽ നടന്ന സംഭവം ഏവരേയും ഞെട്ടിക്കുന്നതാണ്.

സ്ഥിരമായി ഇവിടെ ഇത്തരം കർമ്മങ്ങൾ നടക്കാറുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. കുന്നിക്കോട് സ്വദേശിയായ യുവതിയെയാണ് ഇവിടെ ബാധയൊഴിപ്പിക്കാൻ എത്തിച്ചതെന്നാണ് വിവരം. ഇതോടെ ഇവരുടെ വീട്ടുകാർക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

മന്ത്രവാദിയെ കൂടുതൽ ചോദ്യംചെയ്താലേ എത്രകാലമായി ഇത്തരത്തിൽ ആഭിചാരങ്ങൾ തുടങ്ങിയതെന്ന കാര്യത്തിലും മറ്റും വ്യക്തതവരൂ എന്ന് പൊലീസ് വ്യക്തമാക്കി. മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ഇക്കാര്യത്തിൽ തങ്ങൾക്ക് അറിവൊന്നുമില്ലെന്ന നിലപാടാണ് ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചിട്ടുള്ളത്. ഇതോടെ മന്ത്രവാദി ക്ഷേത്രത്തിൽ കടന്നുകയറി ആഭിചാരം നടത്തുകയായിരുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്.