കൊല്ലം: റബ്ബർഷീറ്റ് മോഷണവുമായി ബന്ധപ്പെട്ട് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്ത തഴവ കുറ്റിപ്പുറം ഷിബിൻ ഭവനത്തിൽ ഷാജിയുടെ മകൻ ഉണ്ണി എന്നു വിളിക്കുന്ന ഷിജിൻ ഷാജി (18) പകൽ തഴവ യിലെ ഒരു ക്ഷേത്രത്തിലെ പൂജാരി. കൂടാതെ ഇയാൾ ആർ.എസ്.എസ് പ്രവർത്തകനും കൂടിയാണ്. തഴവ പഞ്ചായത്തിന് സമീപത്തെ പാതാളം കാവ് ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഷിജിൻ ഷാജി. പൂജാരി ആയതിനാൽ രാത്രിയിലെ മോഷണ യാത്രയിൽ പലവട്ടം പൊലീസ് ചെക്കിങ്ങിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്. എന്നാൽ യാദൃശ്ചികമായാണ് ഇയാളും സുഹൃത്തും പൊലീസ് വലയിലാകുന്നത്.

റബ്ബർ ഷീറ്റ് മോഷണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസമാണ് രണ്ടു പേരെ ശൂരനാട് പൊലീസ് പിടികൂടിയത്. വള്ളികുന്നം കണിയാം മുക്ക് ബിജിതാ ഭവനത്തിൽ വിജയൻ മകൻ ബിജുലാൽ (36), തഴവ കുറ്റിപ്പുറം ഷിബിൻ ഭവനത്തിൽ ഷാജി മകൻ ഉണ്ണി എന്നു വിളിക്കുന്ന ഷിജിൻ ഷാജി (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ പൊലീസ് നൈറ്റ് പട്രോളിംഗിന് ഇടയിൽ തൊടിയൂർ പാലത്തിനു കിഴക്കുവശം കുറെ റബ്ബർ ഷീറ്റുകളുമായി ഒരു ബൈക്കു റോഡ് സൈഡിൽ വച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

പൊലീസ് ആ പ്രദേശത്തു ലൈറ്റ് തെളിയിച്ചു നോക്കിയപ്പോൾ രണ്ടു പേർ ഓടിപോകുന്നത് കണ്ടു. ഏറെ ദൂരംപിന്തുടർന്നെങ്കിലും അവരെ കിട്ടിയില്ല. പിന്നീട് ഇവർ ഉപേക്ഷിച്ച് കടന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. നമ്പർ ഇല്ലാതിരുന്ന ബൈക്കിന്റെ ചെയ്‌സ് നമ്പർ ഉപയോഗിച്ച് മേൽവിലാസം കണ്ടെത്തുകയായിരുന്നു. ബിജുലാൽ മുൻപും റബ്ബർ മോഷണവുമായി ബന്ധപ്പെട്ടു പൊലീസ് പിടിയിലായിട്ടുണ്ട്. ഫോർ രജിസ്‌ട്രേഷൻ എന്ന് എഴുതിയ ബൈക്കിൽ കറങ്ങിയായിരുന്നു ഇരുവരും മോഷണം നടത്തിയത്.

ശൂരനാട് എസ്.ഐ. സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം പ്രതികളെ പുതിയകാവ് ഭാഗത്തു നിന്നുമാണ് പിടികൂടിയത്. പിടികൂടിയ ഷീറ്റ് ഇറവിച്ചിറ കിഴക്കു ശാന്തകുമാർ വക്കീലിന്റെ വീട്ടിൽ നിന്നും എടുത്തതാണെന്ന് പ്രതികൾ സമ്മതിച്ചു. പിന്നീട് തൊടിയൂർ പാലത്തിനു കിഴക്കു ശൂരനാട് വലിയപള്ളിക്കു സമീപം ഉള്ള വീട്ടിൽ നിന്നും റബ്ബർ മോഷ്ടിക്കാൻ ഉള്ള ശ്രമത്തിനിടയിലാണ് പൊലീസിനെ കണ്ടു പ്രതികൾ ഓടി പോവുകയായിരുന്നു. അന്വേഷണ സംഘത്തിൽ അഡീഷണൽ എസ്.ഐമാരായ ഷാജി, സെബാസ്റ്റ്യൻ, എഎസ്ഐ ഇർഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവരും ഉണ്ടായിരുന്നു.പ്രതികളെ കോടതിയിൽ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.