- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മുകാർ തമ്മിലെ വഴക്കിൽ അണ്ണാ ഡിഎംകെ കക്ഷി ചേർന്നു; തമ്മിലടിയിൽ നേതാക്കൾക്കും പരിക്ക്; പീരുമേട് തോട്ടം മേഖലയിൽ അശാന്തി; തമിഴ് വംശീയത കത്തിക്കാനും ശ്രമം
പീരുമേട്:പിണറായി വിജയൻ നയിക്കുന്ന നവകേരളയാത്രയിൽ പങ്കെടുക്കാൻ പോയവർ തമ്മിലുണ്ടായ തർക്കം അനുരഞ്ജനത്തിലെത്തിക്കാനുള്ള ശ്രമം സംഘട്ടനത്തിൽ കലാശിച്ചതിനെത്തുടർന്ന് നേതാക്കളടക്കം 12 പേർക്ക് പരുക്കേറ്റു. ഒരു വിഭാഗത്തെ അനുകൂലിച്ച അണ്ണാ ഡി. എം. കെ പ്രവർത്തകർക്കും പരുക്കുണ്ട്. പീരുമേട് വുഡ്‌ലാൻഡ്‌സിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പര
പീരുമേട്:പിണറായി വിജയൻ നയിക്കുന്ന നവകേരളയാത്രയിൽ പങ്കെടുക്കാൻ പോയവർ തമ്മിലുണ്ടായ തർക്കം അനുരഞ്ജനത്തിലെത്തിക്കാനുള്ള ശ്രമം സംഘട്ടനത്തിൽ കലാശിച്ചതിനെത്തുടർന്ന് നേതാക്കളടക്കം 12 പേർക്ക് പരുക്കേറ്റു. ഒരു വിഭാഗത്തെ അനുകൂലിച്ച അണ്ണാ ഡി. എം. കെ പ്രവർത്തകർക്കും പരുക്കുണ്ട്.
പീരുമേട് വുഡ്‌ലാൻഡ്‌സിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ വുഡ്‌ലാൻഡ്‌സ് സ്വദേശികളായ ജെയിംസ് (48), ജയൻ (35), അരുൺ (23), ദിനേശ് (32) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർട്ടി ഏരിയാ കമ്മിറ്റി അംഗവും അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ആർ ദിനേശൻ (32), അഗസ്റ്റിൻ (28), അയ്യപ്പൻ (50), റെജി (42), ബിജു (20), ജൂബിൻ (25), ജെയിൻ (48), റെജി (42) എന്നിവരെ പീരുമേട് മേഖലയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. തമിഴ് വിഭാഗക്കാരോട് ചില സി. പി. എം നേതാക്കൾ പക്ഷപാതപരമായി പെരുമാറി എന്നാരോപിച്ച് ഒരു വിഭാഗത്തോടൊപ്പം അണ്ണാ ഡി. എം. കെ പ്രവർത്തകരും രംഗത്തിറങ്ങിയതാണ് സംഘർഷത്തിൽ കൂടുതൽ കുഴപ്പങ്ങൾക്ക് വഴിവച്ചത്. ഇതോടെ മേഖലയിൽ തമിഴ്-മലയാളി വിഭാഗീയതയും പ്രകടമായി. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലിസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ചയായിരുന്നു നവകേരള യാത്ര എത്തിയത്. വുഡ്‌ലാൻഡ് എസ്റ്റേറ്റിൽനിന്നും പരിപാടിയിൽ പങ്കെടുക്കാൻ പോയവരിൽ ഒരു വിഭാഗം മദ്യപിച്ച് വാഹനത്തിൽ കയറിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. സ്ത്രീകളടക്കമുള്ളവർ മദ്യപിച്ചവരെ വാഹനത്തിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെടുകയും മദ്യപരുമായി വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. തർക്കം കയ്യേറ്റത്തിന്റെ വക്കോളമെത്തിയതോടെ മദ്യപരെ വാഹനത്തിൽനിന്നറക്കി വിട്ട് നേതാക്കൾ മറ്റുള്ളവരുമായി പരിപാടിയിൽ പങ്കെടുക്കാൻ പോയി. ഒഴിവാക്കപ്പെട്ടവരും എതിർ വിഭാഗവും പിറ്റേന്ന് വുഡ്‌ലാൻഡ്‌സിൽ വാക്കുതർക്കമുണ്ടാക്കുകയും സംഘർഷാവസ്ഥ സംജാതമാകുകയും ചെയ്തു. ഇതിനിടെ അണ്ണാ ഡി. എം. കെ അനുകൂലികളായ കുറെപ്പേർ ഒരു ചേരിയിൽ നിലയുറപ്പിച്ചു.
പാർട്ടിയിലെ അംഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയാണെന്നും അണ്ണാ ഡി. എം. കെ പ്രവർത്തകർ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മനസിലാക്കിയ നേതാക്കൾ പ്രശ്‌നപരിഹാരചർച്ചയ്ക്കായി വുഡ്‌ലാൻഡ്‌സിലെത്തി. ഏരിയാ കമ്മിറ്റി അംഗം ആർ ദിനേശൻ, മുൻ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലാണ് അനുരഞ്ജന ചർച്ച നടത്തിയത്. ഇതിനിടെ ഒരു വിഭാഗം സി. പി. എം. പ്രവർത്തകരും എ. ഡി. എം. കെ പ്രവർത്തകരും കുറുവടിയും മറ്റുമായി ചർച്ച നടക്കുന്ന കെട്ടിടത്തിനു സമീപം നിലയുറപ്പിച്ചു. ചർച്ച കഴിഞ്ഞു പുറത്തേക്കുവന്നവരുമായി പുറത്തുള്ളവർ വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. പ്രവർത്തകരെ അക്രമത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ച പ്രദേശിക നേതാക്കൾക്കും തല്ലുകിട്ടി. എം. ഡി. എം. കെ പ്രവർത്തകർക്കുനേരെ അക്രമമുണ്ടായെന്നറിഞ്ഞ് അവരുടെ കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയത് സംഘർഷം വർധിപ്പിച്ചു.
എ. ഡി. എം. കെയ്ക്ക് പഞ്ചായത്തംഗമുള്ള സ്ഥലമാണ് വുഡ്‌ലാൻഡ്‌സ് ഉൾപ്പെടുന്ന പീരുമേട് പഞ്ചായത്ത് ഒന്നാം വാർഡ്. സി. പി. എം പ്രവർത്തകരുടെ പ്രശ്‌നത്തിൽ ഇടപെട്ട് അവർ രാഷ്ട്രീയ നേട്ടത്തിന് ശ്രമിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നു ആരോപണം ഉയർന്നിട്ടുണ്ട്. സംഘർഷത്തെ തുടർന്നു സി. പി. എമ്മിലെ തമിഴ് വിഭാഗക്കാരായ ചിലർ എ. ഡി. എം. കെയിലേക്ക് ചേക്കേറുകയും ചെയ്തു. ഇതോടെ മേഖലയിൽ കൂടുതൽ സംഘർഷത്തിന് സാധ്യത ഉണ്ടായിരിക്കുകയാണ്.