കോതമംഗലം: മോഹൻലാലിന്റെ പുലിമുരുകൻ സിനിമാസൈറ്റിലെ ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം. വൃഷണത്തിന് സാരമായി പരിക്കേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഏഴരയോടെ പൂയംകുട്ടി സിറ്റിക്കടുത്തായിരുന്നു സംഘർഷം. കുട്ടംപുഴ കൂവപ്പാറ നെടുംപിള്ളിയിൽ അൻസാറിനെ(31)യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. കുട്ടംപുഴ പൊലീസ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ അവശനിലയിലെത്തിച്ച അൻസാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വൃഷണത്തിൽ നിന്നും രക്തം പ്രവഹിക്കുന്ന നിലയിൽ രാത്രി ഒമ്പതരയോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആറു തുന്നിക്കെട്ടുണ്ട്.

സിനിമയിൽ മോഹൻലാൽ ഓടിക്കുന്നതായി ചിത്രീകരിക്കുന്ന മയിൽവാഹനം എന്ന ലോറിയുടെ ഡ്രൈവറും കൂട്ടാളികളുമാണു തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അൻസാർ പറഞ്ഞു. ടവേരയിൽ താനും സുഹൃത്തുക്കളായ സലീം, പ്രിൻസ് എന്നിവരും പൂയംകുട്ടിയിൽ എത്തിയെന്നും ഇവിടെ വച്ച് കണ്ടുമുട്ടിയ മറ്റൊരു സുഹൃത്തായ പ്രതീക്ഷിനെ കയറ്റാൻ വാഹനം നിറുത്തിയെന്നും ഈ സമയം സമീപം പാർക്ക് ചെയ്തിരുന്ന ലോറിയുടെ ഡ്രൈവർ അസഭ്യവർഷവുമായെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നെന്നുമാണ് അൻസാറിന്റെ വെളിപ്പെടുത്തൽ. കൂടെയുണ്ടായിരുന്നവരുടേയും വൃഷണത്തിൽ മുറിവേൽപ്പിക്കാൻ ഡ്രൈവർ ശ്രമിച്ചെന്നും ഇതിനായി മൂർച്ചയേറിയ എന്തോ ആയുധം ഇയാൾ ഉപയോഗിച്ചെന്നും അൻസാർ വ്യക്തിമാക്കി. ഷൂട്ടിങ് ലോക്കേഷനിലും ഈ ഡ്രൈവർ പ്രശ്‌നക്കാരനായിരുന്നെന്ന് തങ്ങൾക്ക് അറിവ് ലഭിച്ചിട്ടുണ്ടെന്നും അൻസാറും കൂട്ടറും പറഞ്ഞു.

ബഹളം നടന്നതിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് സിനിമാ ലോക്കേഷനിലെ വലിയൊരു വിഭാഗം താമസിച്ചിരുന്നത്. ആക്രമണം ആരംഭിച്ചയുടൻ കൂട്ടാളികളോട് ഇറങ്ങി വരാൻ ഡ്രൈവർ ആവശ്യപ്പെട്ടെന്നും എന്നാൽ കൂട്ടത്തിലൊരാൾ പുറത്തേക്കുള്ള വാതിൽ അടച്ചതിനാൽ ഇവരിൽ ഒട്ടുമിക്കവർക്കും പുറത്തിറങ്ങാനായില്ലെന്നും ഇതുമൂലമാണ് തങ്ങൾ ഇപ്പോഴും ജീവനോടുള്ളതെന്നും അൻസാർ ഭയത്തോടെ വിവരിച്ചു.

പൂയംകുട്ടിയിൽ നിന്നും കിലോമീറ്ററുകൾ അകലെ പീണ്ടിമേട് കുത്തിനടുത്ത് വനത്തിലാണ് മോഹൻലാൽ നായികനായ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇവിടേക്ക് നാട്ടുകാരുടെ
പ്രവേശനം വനംവകുപ്പ് കർശനമായി വിലക്കിയിട്ടുണ്ട്. സൂപ്പർ താരത്തിന് അലോസരമില്ലാതെ അഭിനയിക്കുന്നതിനാണ് അധികൃതർ പതിവില്ലാത്ത ചട്ടങ്ങൾ നടപ്പിലാക്കുന്നതെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. കാടിന്റെ പശ്ചാത്തലത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് പുലിമുരുകൻ. വനവുമായി ബന്ധപ്പെട്ടുകഴിയുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും പ്രതിപാദ്യമാക്കിയുള്ള കഥയാണിത്. പുതിയ സാഹചര്യത്തിൽ ആനവേട്ടയും കഥയിൽ ഉൾക്കൊള്ളിക്കുമെന്നു കേൾക്കുന്നു.