തിരുവനന്തപുരം: പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നതിന്റെ ആവേശം അതിരുകടന്നുള്ള മദ്യപാനം തമ്മിൽ തല്ലിൽ കലാശിച്ചു. കേരള കൗമുദിയിലെ മുൻ മാദ്ധ്യമപ്രവർത്തകനായ വേണുഗോപാലിനെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മുൻ സെക്രട്ടറിയും മാദ്ധ്യമത്തിലെ പത്രപ്രവർത്തകനുമായ ബിജു ചന്ദ്രശേഖറാണ് തല്ലിയത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ കുപ്രസിദ്ധമായ സെല്ലാറിനുള്ളിലാണ് അടി നടന്നത്. തിരുവനന്തപുരത്തെ ഏറ്റവും മാന്യനായ പത്രക്കാരനാണ് വേണുഗോപാൽ. മുതിർന്ന ഈ മാദ്ധ്യമ പ്രവർത്തകനെ തല്ലിയത് തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്നാൽ തന്നെ അസഭ്യം പറഞ്ഞതുകൊണ്ടാണ് തല്ലേണ്ടി വന്നതെന്നാണ് ബിജു ചന്ദ്രശേഖറിന്റെ വിശദീകരണം. എന്നാലിത് ആരും അംഗീകരിക്കുന്നുമില്ല.

മംഗളത്തിലെ ആർ അജിത് കുമാർ പ്രസിഡന്റായും എസ് എൽ ശ്യാം സെക്രട്ടറിയുമായുള്ള പുതിയ ഭരണ സമിതി ഇന്നലെയാണ് ചുമതലയേറ്റത്. ഉച്ചമുതൽ തന്നെ അതിന്റെ ആഘോഷവും തുടങ്ങി. പ്രസ്‌ക്ലബിന്റെ റൂഫ്‌ടോപ്പിൽ വച്ചായിരുന്നു ആഘോഷം. മദ്യപാനത്തിനുള്ള പ്രത്യോക സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഈ പാർട്ടിയുടെ അവസാന ഘട്ടത്തിലാണ തമ്മിൽ തല്ല് നടന്നത്. രാത്രിയിൽ ആയതിനാൽ പ്രസ് ക്ലബ്ബിലുള്ളവരെല്ലാം നല്ല ഫോമിലുമായിരുന്നത്രേ. എന്തിനാണ് അടിച്ചതെന്ന് ആർക്കുമറിയില്ല. പ്രസ് ക്ലബ്ബിൽ നല്ല സ്വാധീനമുള്ള പത്രപ്രവർത്തകനാണ് ബിജു ചന്ദ്രശേഖർ. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. അതിനിടെ ചില വിവാദങ്ങളെ തുടർന്ന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. പിന്നീട് എറണാകുളത്തേക്കും. അടുത്ത കാലത്താണ് തിരുവനന്തപുരത്തേക്ക് വീണ്ടും സ്ഥലം മാറി എത്തിയത്.

അതിനിടെ സംഭവം ഒതുക്കി തീർക്കാനും പ്രശ്‌നമാക്കാനും വിവിധ ഗ്രൂപ്പുകൾ രംഗത്തുണ്ട്. ആർക്കെതിരെയും പരാതി കൊടുക്കാൻ ഇഷ്ടമില്ലാത്ത വ്യക്തിയാണ് വേണുഗോപാൽ. അടി കിട്ടിയ ശേഷം അത് പുറത്തുപറയുകപോലും ചെയ്തില്ല. അങ്ങനെ തന്നെ കാര്യങ്ങൾ കൊണ്ടു പോകാനാണ് നീക്കം. എന്നാൽ പ്രസ് ക്ലബ്ബ് സെക്രട്ടറിയായ ശ്യാമിന്റെ മുന്നിൽ വച്ചാണ് അടി നടന്നത്.. അതുകൊണ്ട് തന്നെ ബിജുവിനെതിരെ അച്ചടക്ക നടപടി കൂടിയേ തീരുവെന്ന നിലപാടിലാണ് ഒരു കൂട്ടർ. പ്രസ് ക്ലബ്ബ് ഭരണസമിതിയിലും ബിജുവിനെ പിന്തുണയ്ക്കുന്നവർ കുറവാണ്. വേണുഗോപാലിനെ പോലൊരാളെ അടിച്ചതിനാൽ അതിന്റെ ഗൗരവത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യണമെന്നാണ് പോതു വികാരം. എന്നാൽ വേണുഗോപാൽ പരാതി നൽകിയില്ലെങ്കിൽ എങ്ങനെ നടപടിയെടുക്കുമെന്ന് ചോദിക്കുന്നവരുമുണ്ട്.

സമൂഹത്തിലെ സംഘർഷങ്ങൾക്കെതിരെ വാർത്തെയെഴുതുന്നവർ ഇക്കാര്യത്തിൽ പൊലീസിന് പരാതിയും നൽകിയിട്ടില്ല. പ്രസ് ക്ലബിലെ അഴിമതിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രശ്‌നകാരണമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ഭരണ സമിതിക്ക് എതിരെ ചില ആരോപണങ്ങൾ ഇന്നലത്തെ ജനറൽ ബോഡിയിലും ഉയർന്നിരുന്നു. അക്കാര്യങ്ങളിൽ എന്തെങ്കിലും അഭിപ്രായം പറഞ്ഞതാകും അടിയിലേക്ക് കാര്യങ്ങലെത്തിച്ചതെന്നാണ് വിലയിരുത്തലുകൾ. പ്രസ് ക്ലബ്ബിന്റെ കീഴിലെ ജേണലിസം ഇൻസ്റ്റിറ്റിയൂട്ടിലെ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നതിലെ വീഴ്ച. ഇവിടെ മുൻപ് നിയമിച്ച ഓഫീസ് സെക്രട്ടറിയുടെ വിവാദമെല്ലാം ഈ അടിയോടെ വീണ്ടും സജീവമാകും. ഓഫീസ് സെക്രട്ടറിയായ വ്യക്തി ഇപ്പോഴും ബിജു ചന്ദ്രശേഖറിന്റെ അടുപ്പക്കാരനാണ്. ബിജു സെക്രട്ടറിയായിരുന്നപ്പോഴാണ് ഇയാളെ സെക്രട്ടറിയാക്കിയത്.

പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് കാലത്ത് പലരേയും ഓഫീസ് സെക്രട്ടറി ഒഴിവാക്കാൻ ശ്രമിച്ചതായി ആക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് തമ്മിലടിയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കേരളത്തിൽ ബാറുകൾക്ക് നിരോധനമുണ്ട്. ക്ലബ്ബുകൾക്ക് പ്രത്യേകം ബാർ ലൈസൻസ് എടുക്കണം. ഇതില്ലാതെയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതം പ്രവർത്തിക്കുന്നത്. മറുനാടൻ മലയാളി പലപ്പോഴും ഈ അനധികൃത മദ്യപാന കേന്ദ്രത്തിനെ കുറിച്ചുള്ള വാർത്തകൾ നൽകിയിരുന്നു. എന്നാൽ അവിടെ മദ്യപാനമില്ലെന്നായിരുന്നു പ്രസ് ക്ലബ്ബിന്റെ വിശദീകരണം. അത് തെറ്റാണെന്ന് എല്ലാവർക്കും അറിയാം. ഇതിന്റെ പ്രത്യക്ഷ സാധൂകരണമാണ് ഇപ്പോഴത്തെ തമ്മിലടിയും.

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് തൊട്ടു പുറകിലുള്ള അനധികൃത മദ്യപാനത്തെ എക്‌സൈസും കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയും മറ്റും നടക്കുന്നത് അറിഞ്ഞാലും പൊലീസിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇതിനെ ഏതെങ്കിലും പ്രസ് ക്ലബ്ബ് അംഗങ്ങൾ എതിർത്താൽ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് പതിവ്.