കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ പന്ത്രണ്ട് ഗ്രാമീണരടക്കം 13 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മേഖലയിൽ സംഘർഷം. സാധാരണക്കാർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങൾ ആക്രമിച്ചു. സർക്കാർ വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി. പ്രതിഷേധക്കാരെ വിരട്ടി ഓടിക്കാൻ സുരക്ഷാ സേന ആകാശത്തേക്ക് വെടിവെച്ചു.

മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പും നാട്ടുകാർ ആക്രമിച്ചു. ക്യാമ്പിന് തീയിടാൻ ശ്രമം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് അസ്സം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്ന പള്ളിയിലും സംഘർഷം ഉണ്ടായി. ഇതേത്തുടർന്ന് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് നാളെത്തേക്ക് മാറ്റിവച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് മോൺ ജില്ലയിലെ ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി.

നാഗാലാൻഡിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 12 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ഒരു സൈനികനും കൊല്ലപ്പെട്ടു. മ്യാന്മറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ തൊഴിലാളികളുടെ സംഘം ട്രക്കിൽ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് സുരക്ഷസേനയുടെ വെടിവെച്ചത്. ഇവരെ കാണാത്തതിനേ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് ട്രക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് ചില ദിവസവേതന തൊഴിലാളികൾ പിക്കപ്പ് വാനിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ഓടിംഗിനും തിരു ഗ്രാമത്തിനും ഇടയിലാണ് സംഭവം. നിരോധിത സംഘടനയായ എൻഎസ്സിഎൻ (കെ) യുങ് ഓങ് വിഭാഗത്തിന്റെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് ഓപ്പറേഷൻ നടത്തുകയായിരുന്ന ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും കരസേനാ മേധാവി ജനറൽ എം എം നരവാനെയെയും അറിയിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വിഘടനവാദികൾ ആക്രമണം നടത്താൻ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സൈന്യം ഇവിടെ തെരച്ചിൽ നടത്തുകയായിരുന്നു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണർക്കുനേരെ വെടിവെച്ചെന്നാണ് സൈന്യം വിശദീകരിച്ചത്. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തിൽ നാഗാലാൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്രവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഒരു പ്രത്യേക ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നതായി അസം റൈഫിൾസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നിർഭാഗ്യകരമായ സംഭവത്തേക്കുറിച്ച് ഉന്നതതലത്തിൽ അന്വേഷിക്കുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും. സംഭവത്തിൽ ഒരു സൈനികൻ മരിക്കുകയും ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായും അസം റൈഫിൾസ് പ്രസ്താവനയിൽ പറയുന്നു.

ദൗർഭാഗ്യകരമായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക സംഘം സംഭവം സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിർഭാഗ്യകരമാണെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും പറഞ്ഞു. സംഭത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങൾ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.

'ഓട്ടിംഗിൽ സാധാരണക്കാരെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച നിർഭാഗ്യകരമായ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നു. ഉന്നതതല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തി നീതി നടപ്പാക്കും. എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു.

സംഭവത്തെ അപലപിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി, നാഗാലാൻഡിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം നാട്ടിൽ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്ത ഈ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുൽ തന്റെ ട്വിറ്ററിൽ ചോദിച്ചു.