ഴിഞ്ഞ് പോയ കാലത്തെ നമ്മൾ ഓർക്കുന്നത് ചില പാട്ടുകളിലൂടെയും സിനിമകളിലൂടെയുമായിരിക്കും. എന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയിരുന്നത് കിലുക്കം, ഗോഡ് ഫാദർ, ഹിറ്റ്‌ലർ, സൂപ്പർ മാൻ പോലെയുള്ള സിനിമകളും അതിലെ പാട്ടുകളുമായിരുന്നു. ഇപ്പോഴും ഇത് പോലെയുള്ള സിനിമകൾ കാണുമ്പോൾ ഞാൻ പഠിച്ച എന്റെ എൽ പി സ്‌കൂളും, സ്‌കൂളിന്റെ പിന്നിലെ പൊട്ടിയൊലിക്കുന്ന തോടുകളും, നടന്ന് പോകുന്ന വയൽ വരമ്പും, ചോറ്റു പാത്രവും, പയർ കറിയും, എല്ലാം ഒരു ടീവിയിൽ കാണുന്ന പോലെ എന്റെ മനസ്സിൽ തെളിഞ്ഞു വരും. സിനിമകൾക്ക് നമ്മുടെ ഓർമകളുമായുള്ള ബന്ധം അത്ര കണ്ട് പ്രബലമാണ്.

2006 ൽ ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് 'ക്ലാസ് മേറ്റ്‌സ്' എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ജെയിംസ് ആൽബർട്ട് കഥയും തിരക്കഥയുമെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരുന്നത് ആര്യ ഫിലിംസിന്റെ ബാനറിൽ പ്രകാശ് ദാമോദരനും ജ .ഗ മുരളീധരനും ചേർന്നാണ്. അലക്‌സ് പോളിന്റെ സംഗീതവും രാജീവ് രവിയുടെ ക്യാമാറയും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മാറ്റ് കൂട്ടി.

പൃത്വിരാജ്, ജയസൂര്യ, കാവ്യ, ഇന്ദ്രജിത് തുടങ്ങി വമ്പൻ താര നിര തന്നെ അണി നിന്നിരുന്ന ഈ ചിത്രം അന്നുണ്ടായിരുന്ന സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ഒരു ആശയമായിരുന്നു മുന്നോട്ട് വച്ചത്. സൗഹൃദവും, പ്രണയവും, പ്രതികാരവും, തമാശയും എല്ലാം വളരെ കയ്യടക്കത്തോടും സ്വാഭാവികതയോടും 'ക്ലാസ് മേറ്റ്‌സ്' കൈകാര്യം ചെയ്തു. സൗഹൃദങ്ങളേയും ചങ്ങാത്തത്തേയും കാലഹരണപ്പെട്ട മൺപാത്രം പോലെ വലിച്ചെറിയാനുള്ളതല്ലെന്നും സൗഹൃദങ്ങൾക്ക് കാലമോ പഴക്കമോ നിറമോ പണമോ ഒന്നും ഒരു മാനദണ്ഡമല്ലെന്നും ഈ ചിത്രം വരച്ചു കാണിച്ചു.

ഒത്തു ചേരുക (Get together) എന്ന സന്ദേശം ആദ്യമായി മുന്നോട്ട് വച്ച സിനിമയാണ് ക്ലാസ് മേറ്റ്‌സ്. കോളേജ് ഫ്രണ്ട്സ്, ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗാർത്ഥികൾ ഇവരെല്ലാം വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയ തോഴന്മാരെയും ചങ്ങാതിമാരെയും കാണാൻ ഒത്തു ചേരാൻ തീരുമാനിച്ചത് 'ക്ലാസ് മേറ്റ്‌സ്' എന്ന സിനിമ ഇറങ്ങിയ ശേഷമായിരിക്കും. ഒരു പക്ഷെ ഇതിന് മുമ്പും ആളുകൾ ഒത്തു ചേരൽ പാർട്ടി (Get together party) നടത്തിയിരുന്നെങ്കിലും അത് ഇത്ര കണ്ട് വ്യാപകമായതിൽ ''ക്ലാസ് മേറ്റ്‌സ്'' എന്ന സിനിമക്കുള്ള പങ്ക് വിവരണാതീതമാണ്.

[BLURB#1-VL]'ക്ലാസ് മേറ്റ്‌സ്' കാണുമ്പോഴൊക്കെ തോന്നുന്നതാണെങ്കിലും ആ സിനിമ ഇറങ്ങിയിട്ട് 10 വർഷമായി എന്നറിയുമ്പോൾ ആ തോന്നലുകൾ ഇപ്പോൾ നിയന്ത്രിക്കാൻ പറ്റാത്ത വിധം വർദ്ധിച്ചിരിക്കുകയാണ്, തിരിച്ച് എന്റെ കോളേജിലേക്കും, ഞാൻ പഠിച്ച ക്ലാസ്സ് റൂമിലേക്കും ഒരിക്കൽ കൂടി ഒന്ന് പോകണമെന്നും ചങ്ങാത്തവും സ്‌നേഹ ബന്ധങ്ങളും പുതുക്കണമെന്നുമുള്ള ആശ എനിക്കിപ്പോൾ അധികരിച്ചിട്ടുണ്ട്. സൗഹൃദത്തിനപ്പുറം ഒരു പ്രത്യേക ഇഷ്ടം മനസ്സിൽ സൂക്ഷിച്ച് വച്ച് കൂട്ടുകാരിയോട് തുറന്ന് പറയാതെ ഇന്നും ആ ഇഷ്ടം പേറി നടക്കുന്ന എനിക്ക് ആ പഴയ കൂട്ടുകാരിയെ ഒന്ന് കൂടി കാണണം. അവളുടെ കുഞ്ഞിനെ വാരിയെടുത്ത് മടിയിലിരുത്തി താലോലിക്കണം, ഒക്കത്ത് വച്ച് കളിപ്പിക്കണം, മാറിലേക്ക് അമർത്തി കൊഞ്ചിക്കണം, കവിളിലൊന്ന് നുള്ളി നെറ്റിയിലൊന്ന് ഉമ്മ വെക്കണം. അവളുടെ ഭർത്താവിനോട് നിങ്ങളുടെ ഭാര്യ ഒരു ജീനിയസ് ആണെന്ന് ചുമ്മാ തട്ടി വിടണം, അവളെ കിട്ടിയ താങ്കൾ ലോകത്തെ ഏറ്റവും ഭാഗ്യവാനായ ഭർത്താവാണെന്ന് പറയണം. എന്നോട് പറയാതെ എന്നെ സ്‌നേഹിച്ച ഏതെങ്കിലും പെൺ കുട്ടികൾ ഈ ക്ലാസ്സിലുണ്ടായിരുന്നോ എന്ന് എല്ലാവരോടും ചോദിക്കണം. ആ ചോദ്യം കേൾക്കുമ്പോൾ എന്റെ പഴയ കൂട്ടുകാരിയുടെ മുഖത്ത് മിന്നി മായുന്ന ഭാവ പ്രകടനകൾ ഒരു ക്യാമറയിലെന്ന പോലെ എനിക്ക് ഒപ്പിയെടുക്കണം. കെമിസ്ട്രി പീരീഡിൽ ഞാൻ സ്ഥിരമായി കിടന്നുറങ്ങാറുള്ള അതേ ബേക്ക് ബെഞ്ചിൽ കവിളമർത്തി നട്ടുച്ചക്ക് എനിക്കൊന്ന് ഉറങ്ങണം. വാർഡൻ കാണാതെ സെക്കൻഡ് ഷോക്ക് പോയി ഗേറ്റ് ചാടികടന്ന് തിരിച്ച് വരുമ്പോൾ കാലിൽ തറച്ച കുപ്പിച്ചില്ലുമായി എന്നെ കോരിയെടുത്ത് ആശുപത്രിയിലേക്കോടിയ എന്റെ ചങ്ക് ചങ്ങാതിമാരെ ഒന്ന് കാണണം. എന്നിട്ട് 'നിങ്ങളൊന്നും ഇനിയും ചത്തില്ലേടാ പന്നികളേ' എന്ന് ചോദിച്ച് അവരോടൊന്ന് മുട്ടണം. പൊറോട്ട തിന്നാൻ കൊതിയാകുമ്പോൾ പൈസ ലാഭിക്കാൻ വേണ്ടി പെയിന്റടിച്ച പൊറോട്ടയും ചൂട് വെള്ളവും കുടിച്ചിരുന്ന കൈരളി ഹോട്ടലിൽ പോയി വയറ് നിറച്ച് പൊറോട്ടയും ബീഫ് ഫ്രൈയും മട്ടൻ ഉലത്തിയതും വേണ്ടുവോളം കഴിച്ച് ആവുന്നത്ര ഏമ്പക്കം വിടണം. എത്ര മനോഹരമായ നടക്കാത്ത സ്വപനങ്ങൾ എന്ന് സ്വയം പുച്ഛിച്ചു തള്ളിയിരുന്ന എനിക്ക് ഇതിപ്പോൾ നടക്കുന്ന സ്വപനങ്ങളും നിറവേറ്റാവുന്ന ആഗ്രഹങ്ങളുമാക്കി മാറ്റാൻ 'ക്ലാസ്സ് മേറ്റ്‌സ്' എന്ന ചിത്രം വഹിച്ച പങ്ക് ചെറുതല്ല.

''ക്ലാസ് മേറ്റ്‌സ്'' നൂറ് ശതമാനം വിജയിച്ച ഒരു ചിത്രമാണ്. ഒരു സിനിമ ശ്രദ്ധിക്കപ്പെടുന്നത് അത് സാമ്പത്തികമായി വിജയിക്കുമ്പോഴല്ല. സാമ്പത്തിക ലാഭമുണ്ടാക്കുന്ന സിനിമകൾ വിജയിച്ചെന്ന് പറയാൻ കഴിയില്ല. അത് നിർമ്മാതാവിന്റെ വിജയമാണ്. സിനിമയുടെ വിജയം അത് പ്രേക്ഷകർക്ക് പകർന്ന് നൽകിയ നന്മയുടെയും സന്ദേശത്തിന്റെയും അടിസ്ഥാനത്തിലും സമൂഹത്തെ ആ ചിത്രം എങ്ങനെ സ്വാധീനിച്ചു എന്നതിനേയും ആശ്രയിച്ചാണ്. അങ്ങനെ നോക്കുമ്പോൾ ഈ സിനിമ വിജയിച്ചു എന്ന് മാത്രമല്ല കാലം കഴിയും തോറും വീര്യം കൂടുന്ന പത്തര മറ്റുള്ള ലഹരി കൂടിയാണെന്ന് പറയേണ്ടി വരും.