- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയില്ലെന്ന് കേന്ദ്ര സർക്കാർ; സമരം അവസാനിപ്പിച്ചാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവയ്ക്കാൻ തയ്യാറാണെന്നും നിലപാട്; സർക്കാർ നിർദ്ദേശം തള്ളി സമരം തുടരാൻ തീരുമാനിച്ച് കർഷക നേതാക്കളും; പത്താംവട്ട ചർച്ചയിലും അവസാനിക്കാതെ കർഷകപ്രക്ഷോഭം
ന്യൂഡൽഹി: പത്താം വട്ട ചർച്ചയിലും തീരുമാനമാകാതെ കർഷക പ്രക്ഷോഭം. കേന്ദ്ര കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ പത്താമത്തെ ചർച്ചയും പരാജയപ്പെട്ടു. കർഷക നിയമത്തിൽ താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ഇതോടെ സമരം അവസാനിപ്പിക്കാൻ ആകില്ലെന്ന് കർഷക നേതാക്കളും നിലപാടെടുത്തു.
കർഷകസമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ ഈ നിർദ്ദേശം കർഷക സംഘടന നേതാക്കൾ തള്ളി. എന്നാൽ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 23-നാണ് ഇനി അടുത്ത ചർച്ച.
ർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് രംഗത്തെത്തിയിരുന്നു. 41 കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് പത്താംവട്ട ചർച്ച നടത്താനിരിക്കെയാണ് ആർഎസ്എസ് വിഷയത്തിൽ ഇടപെടുന്നത്. സർക്കാരും കർഷകസംഘടനകളും സമവായത്തിൽ എത്തണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു. ഏതൊക്കെ വിഷയങ്ങളിൽ കൂടുതൽ ഇളവ് നൽകാമെന്ന് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോഷിയുടെ അഭിപ്രായ പ്രകടനം.
"ഏതെങ്കിലും പ്രക്ഷോഭം ദീർഘകാലം നടക്കുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല". "പ്രക്ഷോഭം വേഗത്തിൽ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു."ജനാധിപത്യം ഇരുവിഭാഗത്തിനും അവസരമൊരുക്കുന്നു. ഇരുവശവും അവരുടെ സ്ഥാനത്ത് ശരിയാണെന്ന് ഞാൻ കരുതുന്നു. സംഭാഷണത്തിലൂടെ തങ്ങൾക്ക് ലഭിക്കുന്നതെന്തും അംഗീകരിക്കുന്ന കാര്യം പ്രക്ഷോഭകർ പരിഗണിക്കണം. ഇതിന് കൂടുതൽ എന്ത് നൽകാനാകുമെന്ന് സർക്കാർ ചിന്തിക്കണം. "ജോഷി പറഞ്ഞു.
അതിനിടെ കർഷകസമരത്തിൽ പങ്കെടുക്കുന്ന വിമുക്തഭടന്മാർ സൈനിക യൂണിഫോം ധരിക്കരുതെന്നും സേനാമെഡലുകൾ സമരത്തിൽ പ്രദർശിപ്പിക്കരുതെന്നും കരസേന നിർദ്ദേശം നൽകി. കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി ആദ്യ യോഗം ചേർന്നിരുന്നു. സമിതിയംഗങ്ങളായ അനിൽ ഘൻവത്, ഡോ. പ്രമോദ് കുമാർ ജോഷി, അശോക് ഗുലാഠി എന്നിവരാണു യോഗം ചേർന്നത്. കർഷക സംഘടനകളുമായി ഇവർ നാളെ ചർച്ച നടത്തും. 2 മാസത്തിനകം റിപ്പോർട്ട് സുപ്രീം കോടതിക്കു സമർപ്പിക്കും.
മറുനാടന് ഡെസ്ക്