കൊച്ചി: പുതിയ ഉത്തരവുകൾ ഇറക്കി നിയമം ലംഘിക്കുന്ന സർക്കാരിനെതിരെ വ്യത്യസ്ഥ പ്രതിഷേധം നടത്തി ഒരു കൊച്ചിക്കാരൻ. കാറിൽ സിറ്റിസൺ ഓഫ് ഇന്ത്യ എന്ന ബോർഡും ദേശീയ പതാകയും വച്ചാണ് പ്രതിഷേധം നടത്തിയത്. എന്നാൽ ആർ.ടി.ഒയുടെ ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ നിന്നും ബോർഡും ദേശീയപതാകയും ഇളക്കി മാറ്റി പിഴ ഈടാക്കി വിട്ടയച്ചു.

കാക്കനാട് വാഴക്കാല സ്വദേശി ടെറൻസ് പാപ്പാളിയാണ് വ്യത്യസ്ഥമായ പ്രതിഷേധം നടത്തിയത്. മൂന്നാഴ്ച മുൻപ് സ്വന്തം വാഹനമായ ഇന്നോവയിൽ സിറ്റിസൺ ഓഫ് ഇന്ത്യ എന്ന ബോർഡും ദേശീയ പതാകയും ഘടിപ്പിച്ചാണ് പ്രതിഷേധത്തിനായി ഇറങ്ങിയത്. ഇന്ത്യയിലെ നിയമ പ്രകാരം വാഹനങ്ങളിൽ ബോർഡുകളും ദേശീയപതാകയും സ്ഥാപിക്കുന്നതിന് നിയമം ചില നിബന്ധനകൾ വച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ചില സംഘടനകളും ഇതൊക്കെ സ്ഥാപിച്ച വാഹനവുമായി പുറത്തിറങ്ങുന്നത്.

അതിനുള്ള ഒരു പ്രതിഷേധമാണ് ഇതെന്ന് ടെറൻസ് പറയുന്നു. ഇവിടെ നിരവധിപ്പേരാണ് നിയമ വിരുദ്ധമായി സർക്കാരിന്റെ ബോർഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്. ഇതിനെതിരെ ഒരു ഉദ്യോഗസ്ഥരും നടപടി എടുക്കാറില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഒരു ഉദ്ദേശം. പിന്നെ, ഞാൻ ഒരു ഇന്ത്യക്കാരനാണ് എന്നത് അഭിമാനമായാണ് കാണുന്നത്. അതുകൊണ്ടാണ് ദേശിയ പതാക വച്ച് ബോർഡും വച്ച് ഉപയോഗിച്ചത്

ടെറൻസന്റെ പ്രതിഷേധം മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് വിവരം അറിയുന്നത്. തുടർന്ന് ടെറൻസിനെ ബന്ധപ്പെടുകയും ബോർഡും ദേശീയപതാകയും അഴിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകി. തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് ഇതെന്ന് പറഞ്ഞെങ്കിലും നിയമം ലംഘിച്ചതിനാൽ 250 രൂപ പിഴ ഈടാക്കുകയും ചെയ്തു.

മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളിൽ എഴുതി വയ്ക്കാറുള്ള ഗവ. ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് തുടങ്ങിയവയുടെ അതേ വലിപ്പത്തിലും മാതൃകയിലുമായിരുന്നു ടെറൻസിന്റെ സ്വന്തം കാറിന്റെ മുന്നിലെയും പിന്നിലെയും ബോർഡുകൾ. എൻഫോഴ്സ്മെന്റ് ആർടിഒ ജി. അനന്തകൃഷ്ണനു വാട്സാപ്പിൽ ലഭിച്ച ഫോട്ടോ പരിശോധനയ്ക്കു വിധേയമാക്കിയാണ് ഉദ്യോഗസ്ഥർ നടപടിക്ക് ഇറങ്ങിയത്.

ഉടമയുടെ വിലാസം കണ്ടെത്തി വീട്ടിലെത്തുമ്പോൾ കാറും ഉടമയും സ്ഥലത്തുണ്ട്. ആദ്യം തർക്കം ഉന്നയിച്ചെങ്കിലും ഉദ്യോഗസ്ഥർ പറഞ്ഞതു കേട്ടു. തന്റെ ആവശ്യം ന്യായമാണെന്ന് ഉദ്യോഗസ്ഥരും സമ്മതിച്ച ശേഷമാണ് ബോർഡ് അഴിക്കാൻ അദ്ദേഹം തയാറായത്. അതേ സമയം ഔദ്യോഗിക ചിഹ്നങ്ങളുടെയും പേര് ഉപയോഗിക്കലിന്റെ കാര്യങ്ങളിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും വലിയ വീഴ്ചകൾ വരുത്തുന്നത് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

നീല ബാരറ്റ് തൊപ്പിയും അശോക സ്തംഭവും ധരിക്കുന്നതിൽ വിലക്കുണ്ടായിട്ടും ട്രാൻസ്പോർട് ഉദ്യോഗസ്ഥർ അതു ധരിക്കുന്നത് നേരത്തെ വാർത്തയായിരുന്നു. ഇതിനെതിരെ ഒരുവിഭാഗം കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ് ആക്ട് 1950 സെക്ഷൻ 3 പ്രകാരം ഗസറ്റഡ് ഓഫിസേഴ്സ് ഓഫ് യൂണിഫോംഡ് സർവീസസ്(ആംഡ് ഫോഴ്സ് ഒഴികെ) പരിധിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വരുന്നില്ല എന്നു കോടതി കണ്ടെത്തി. ഇത് നടപ്പാക്കുന്നതിനെതിരെ ഉദ്യോഗസ്ഥർ ശീത സമരം പ്രഖ്യാപിച്ചതും വാർത്തയായിരുന്നു.

ഇല്ലാത്ത എന്തെല്ലാം തസ്തികകളുടെ പേരിൽ ബോർഡുവച്ച വാഹനങ്ങളാണ് ഇതിലേ പാഞ്ഞു നടക്കുന്നത്. ഒരു സാധാരണ ഇന്ത്യൻ പൗരന് ഒരു നിയമവും സ്വാധീനം ഉള്ളയാൾക്ക് മറ്റൊരു നിയമവും, അതു പാടില്ല. ഇതിനെതിരെയായിരുന്നു തന്റെ പ്രതിഷേധം. അല്ലാതെ നിയമവിരുദ്ധമാണ് ചെയ്യുന്നത് എന്ന് അറിയാതെയായിരുന്നില്ല അതു ചെയ്തത് എന്നും ടെറൻസ് പറഞ്ഞു.