ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടന് സംഭവിച്ചേക്കാവുന്ന വ്യാപാര-വാണിജ്യ മാന്ദ്യം മറികടക്കാനുള്ള തയ്യാറെടുപ്പുകളിലാണ് പ്രധാനമന്ത്രി തെരേസ മേ. കടുത്ത ഉപാധികളോടെയാവും ബ്രെക്‌സിറ്റ് നടപ്പാക്കുക എന്ന് വ്യക്തമായതോടെ, ബ്രിട്ടനുമായുള്ള ബന്ധങ്ങൾ വിഛേദിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായേക്കും. ഈ സാഹചര്യത്തിൽ ഇന്ത്യ പോലുള്ള വലിയ വിപണികളിലേക്കാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്.

അടുത്തമാസം ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്ന തെരേസ മേയുടെ ലക്ഷ്യവും യൂറോപ്യൻ യൂണിയനുപുറത്ത് പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുകയാണ്. അതുകൊണ്ടുതന്നെ ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെയാണ് ഈ സന്ദർശനത്തെ കാണുന്നതും. ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഇപ്പോൾത്തന്നെ തെരേസയുടെ ഇന്ത്യൻ പ്രതീക്ഷകളെ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കാൻ തുടങ്ങിയിട്ടുണ്ട്.

അതിവേഗത്തിൽ വളരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്കാണ് തെരേസയുടെ കണ്ണ്. ബ്രിട്ടന്റെ എല്ലാ ഭാഗത്തുമുള്ള സ്ഥാപനങ്ങളുടെയും താത്പര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാവും തെരേസ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുക. ജി 20 ഉച്ചകോടിക്ക് ശേഷം തെരേസ ഏറ്റെടുക്കുന്ന ഏറ്റവും സുപ്രധാന ചുവടുവെയ്‌പ്പായാണ് ഇന്ത്യൻ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

15 ലക്ഷത്തോളം ഇന്ത്യക്കാർ ബ്രിട്ടനിലുണ്ടെന്നാണ് കണക്ക്.അതുകൊണ്ടുതന്നെ ബ്രിട്ടന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളിൽ ഏറെ താത്പര്യവുമുണ്ട്. ടാറ്റ അടക്കമുള്ള ഇന്ത്യൻ കമ്പനികൾക്ക് ബ്രിട്ടനിൽ വലിയ മുതൽമുടക്കുമുണ്ട്. ഒരുലക്ഷത്തോളം ബ്രിട്ടീഷുകാർക്ക് ഇന്ത്യൻ കമ്പനികളാണ് ജോലി നൽകിയിട്ടുള്ളതും.

ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ ശക്തി പ്രകടമാക്കുന്ന തരത്തിൽ, ഇന്ത്യയുമായി നിരവധി വാണിജ്യ കരാറുകളിൽ ഒപ്പുവെക്കുകയാണ് തെരേസയുടെ ലക്ഷ്യം. കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അതിന്റെ ഭാഗമാണ്. ഇന്ത്യ-യുകെ ഐ.ടി ഉച്ചകോടിയും ഏറെ പ്രധാന്യത്തോടെ ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ കാണുന്നു. 

ദക്ഷിണേഷ്യയിലെ ഏറ്റവും വലി ടെക്‌നോളജി കോൺഫറൻസായിരിക്കും ഇന്ത്യ-യുകെ ടെക് സമ്മിറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. ജിയോലാങ, ടോർഫ്‌ടെക്, ടെലൻസ തുടങ്ങിയ ബ്രിട്ടീഷ് ഐടി കമ്പനികളുടെ പ്രതിനിധികളും തെരേസയ്‌ക്കൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്.