മേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപിന് ആദ്യത്തെ അതിഥിയിൽനിന്നുതന്നെ തിരിച്ചടി. അമേരിക്ക സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടന്റെ നയം എന്താകുമെന്നുള്ള വ്യക്തമായ സൂചനകളാണ് നൽകുന്നത്. ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടീഷ്-അമേരിക്കൻ വ്യാപാരനയവും മറ്റ് ഇടപാടുകളും സംസാരിക്കാനാണ് തെരേസ എത്തിയതെങ്കിലും വിദേശ നയത്തിൽ വ്യക്തമായ മാറ്റം വരുത്താനുദ്ദേശിക്കുന്നുവെന്ന കാര്യം അവർ യാത്ര പുറപ്പെടുംമുന്നെ വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വിടുതലിനെ ശക്തമായി എതിർത്തിരുന്നയാളാണ് മുൻ പ്രസിഡന്റ് ബരാക് ഒബാമ. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ക്ഷണപ്രകാരം ലണ്ടനിലെത്തി ബ്രെക്‌സിന്റെ അപകടങ്ങളെക്കുറിച്ച് സംസാരിക്കാനും ഒബാമ തയ്യാറായിരുന്നു. എന്നാൽ, ജനഹിതമനുസരിച്ച് പ്രവർത്തിക്കുമെന്ന ഉറപ്പോടെ അധികാരത്തിലേറിയ തെരേസയ്ക്ക് പുതിയ അമേരിക്കൻ പ്രസിഡന്റിൽനിന്ന് അനുകൂലമായ മറുപടി ലഭിക്കുമോ എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചെങ്കിലും ഔദ്യോഗികമായി അതിന്റെ നടപടികൾ പൂർത്തീകരിച്ചിട്ടില്ലാത്തതിനാൽ, ബ്രിട്ടന് ഇനിയും നേരിട്ട് വ്യാപാരക്കരാറുകളിൽ ഏ്ർപ്പെടാനാവില്ല. അതിന് യൂറോപ്യൻ യൂണിയനുമാത്രമാണ് അനുവാദമുള്ളത്. എങ്കിലും, ബ്രെക്‌സിറ്റ് നടപ്പിലായിക്കഴിഞ്ഞാൽ അമേരിക്കയിൽനിന്ന് ഇപ്പോൾ യൂറോപ്യൻ യൂണിയന് കിട്ടുന്ന അതേ പരിഗണന ബ്രിട്ടനും കിട്ടുമെന്ന് ഉറപ്പിക്കുകയാണ് തെരേസയുടെ സന്ദർശന ലക്ഷ്യം. ഇന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഇതടക്കമുള്ള കാര്യങ്ങളാവും ഉയർന്നുവരിക.

അമേരിക്കയിലെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ഇന്നലെ ചർച്ച നടത്തിയ തെരേസ, വ്യാപാരമേഖലയിലുള്ള ഒട്ടേറെ തടസ്സങ്ങൾ നീക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. പെൻസിൽവാനിയയിൽ നടന്ന കൂടിക്കാഴ്ചയിൽ ബ്രിട്ടന്റെ ഭാവി വിദേശ നയവും പ്രധാനമന്ത്രി തുറന്നുപറഞ്ഞു. 20 വർഷമായി തുടരുന്ന വിദേശ നയത്തിൽ പാളിച്ചകളുണ്ടെന്ന് തെരേസ പറഞ്ഞു. മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിലുള്ള യുക്തിയില്ലായ്മയും അനീതിയും അവർ വ്യക്തമാക്കി. ഇത്തരം ഇടപെടലുകൾ ബ്രിട്ടനെ ഒട്ടേറെ കുരുക്കുകളിലേക്ക് വലിച്ചിട്ടതായും തെരേസ പറഞ്ഞു.

മറ്റുള്ള രാജ്യങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബ്രിട്ടന്റെ സേനയെ നിയോഗിക്കുന്ന ഏർപ്പാട് നിർത്തിയതായി റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉന്നത നേതാക്കളുമായുള്ള ചർച്ചയിൽ തെരേസ വ്യക്തമാക്കി. ഏതുതരത്തിലുള്ള ഭീഷണിയും യഥാർഥമാണെന്ന് ഉറപ്പിക്കാതെ ഇടപെടുന്ന പ്രശ്‌നമില്ല. മാത്രമല്ല, അത് ബ്രിട്ടനെ നേരിട്ട് ബാധിക്കുന്നതാവുകയും വേണം. എങ്കിൽ മാത്രമേ ഇടപെടേണ്ടതുള്ളൂ എന്ന് തെരേസ പറഞ്ഞു.

അമേരിക്കയുടെ വാക്കുകേട്ട് മറ്റു രാജ്യങ്ങളിൽ സൈനിക ഇടപെടൽ നടത്തിയിരുന്ന ടോണി ബ്ലെയറുടെയും ഡേവിഡ് കാമറോണിന്റെയും നയത്തിൽനിന്നുള്ള വ്യക്തമായ വ്യതിചലനമാണ് തെരേസയുടെ വാക്കുകളിൽ പ്രകടമാകുന്നത്. റഷ്യയും ചൈനയും നടത്തുന്ന പ്രകോപനങ്ങളെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ലെന്നും തെരേസ പറയുന്നു. ലോകം നേരിടുന്ന ശക്തമായ വെല്ലുവിളികൾ ഇസ്ലാമിക തീവ്രവാദവും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ നയങ്ങളുമാണെന്നും തേരേസ ചർച്ചയിൽ എടുത്തുപറഞ്ഞു.

പുട്ടിനെ സൂക്ഷിക്കണമെന്നാണ് തെരേസ അമേരിക്കയ്ക്ക് നൽകിയ ഉപദേശം. പണ്ട് റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് റഷ്യൻ പ്രസിഡന്റ് മിഖായീൽ ഗർബച്ചേവുമായി ചർച്ചകൾ നടത്തിയികുന്നു ഗൊർബച്ചേവിനെ വിശ്വസിക്കാം, പക്ഷേ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം എന്നതായിരുന്നു അ്ന്നത്തെ നയതന്ത്രം. എന്നാൽ, പുട്ടിന്റെ കാര്യത്തിൽ ഇതും നടപ്പില്ല. പു്ട്ടിനുമായി ഇടപെടുന്നതൊക്കെ കൊള്ളാം, എന്നാൽ സൂക്ഷിക്കണമെന്നാണ് ട്രംപിന് തെരേസയുടെ ഉപദേശം. റഷ്യയുമായി ഇടപെടേണ്ട കാര്യങ്ങളൊന്നും പാശ്ചാത്യ ലോകത്തിനില്ലെന്നും തെരേസ പെൻസിൽവാനിയയിൽ പറഞ്ഞു.