മസ്‌കത്ത്:  ഒമാനിൽ എണ്ണമേഖലയിൽ ജോലിചെയ്യുന്ന മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് തൊഴിൽ നഷ്ടമായേക്കും. എണ്ണമേഖലയിൽ നിന്ന് പ്രവാസികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കാൻ മന്ത്രിതല സമിതി നിർദ്ദേശം പുറപ്പെടുവിച്ചതോടെയാണ് പ്രവാസികൾ തൊഴിൽ നഷ്ട ഭീഷണി നേരിടുന്നത്. എണ്ണ മേഖലയിലെ കൂട്ടപിരിച്ചുവിടലിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിതല സമിതിയുടേതാണ് നിർദ്ദേശം.

കരാർ കാലാവധി കഴിഞ്ഞ പദ്ധതികളിലെ പ്രവാസി തൊഴിലാളികളെയാണ് പിരിച്ചുവിടേണ്ടത്. നഷ്ടമുള്ളതും സാധ്യത കുറഞ്ഞതുമായ കരാറുകളിൽനിന്നും പ്രവാസി തൊഴിലാളികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണം. ഒരു സ്വദേശിയെ പിരിച്ചുവിടും മുമ്പ് ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കണം. സമാന തസ്തികയിൽ പ്രവാസി ജോലിചെയ്യുമ്പോൾ സ്വദേശിക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. കമ്പനി നേടുന്ന പുതിയ കരാറുകളിൽ സ്വദേശികളെ യോഗ്യതക്കും പരിചയത്തിനും അനുസരിച്ച് നിയമിക്കുകയും വേണം.

ഈ മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടും തൊഴിൽ നൽകാൻ കഴിയാത്ത സ്വദേശികളുടെ പട്ടിക ഉപകരാറുകാർ പ്രധാന കരാറുകാർക്കും അവർ എണ്ണ കമ്പനികൾക്കും നൽകണം. തൊഴിലാളികളുടെ യോഗ്യതയും തൊഴിൽ പരിചയവുമടക്കം വിശദീകരിച്ചുള്ള പട്ടികയിൽ പിരിച്ചുവിട്ട വിദേശ തൊഴിലാളികളുടെ വിവരങ്ങളും ഉണ്ടാകണം. സ്വദേശികളെ പിരിച്ചുവിട്ടത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും പുതുതായി നേടുന്ന കരാറുകളിൽ സ്വദേശികളെ നിയമിക്കുന്നുണ്ട് എന്ന് കരാറുകാരും എണ്ണ കമ്പനികളും ഉറപ്പാക്കണം. എണ്ണക്കമ്പനികൾ അനുയോജ്യമായ തൊഴിൽമേഖലകളിൽ ഇവരെ പരിശീലനം നൽകി നിയമിക്കണം. തൊഴിൽ മാറ്റം അടക്കമുള്ളവക്ക് വേണ്ട ചെലവുകൾ കമ്പനികൾ വഹിക്കണമെന്നും സമിതി നിർദേശിച്ചു.

സ്വകാര്യ മേഖലയിലേക്കുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം സ്വദേശികളുടെ തൊഴിൽസാഹചര്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെന്ന് സമിതി അറിയിച്ചു. എണ്ണമേഖലയിൽനിന്ന് നേരത്തേ സ്വദേശികളെ പിരിച്ചുവിട്ടത് പുനപ്പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പിരിച്ചുവിട്ടത് മാനദണ്ഡങ്ങൾ പാലിച്ചാണോയെന്ന് ഉറപ്പാക്കണം.

ആയിരത്തിലധികം സ്വദേശി തൊഴിലാളികളെ എണ്ണമേഖലയിൽ നിന്ന് പിരിച്ചുവിട്ടത് കോലാഹലങ്ങൾക്കിടയാക്കിയിരുന്നു.എണ്ണവിലയുടെ ഇടിവിനെ തുടർന്ന് കരാറുകൾ ലഭിക്കുന്നില്‌ളെന്ന് കാട്ടിയാണ് കമ്പനികൾ സ്വദേശി ജീവനക്കാരെ ഒഴിവാക്കിയത്. തുടർന്ന് പണിമുടക്ക് ആഹ്വാനവുമായി ട്രേഡ് യൂനിയനുകൾ രംഗത്തത്തെിയിരുന്നു. ഇതത്തേുടർന്നാണ് സർക്കാർ നിർദേശപ്രകാരം മന്ത്രിതല സമിതി രൂപവത്കരിച്ചത്. സമിതി തീരുമാനം നടപ്പാകുന്നതോടെ സാമ്പത്തിക സ്ഥിതി കുറഞ്ഞ കമ്പനികളിൽനിന്നടക്കം പ്രവാസികളെ ഒഴിവാക്കേണ്ടിവരും.

നിരവധി മലയാളികൾ ഈ രംഗത്ത് തൊഴിലെടുക്കുന്നുണ്ട്. പലരും കുടുംബമായി താമസിക്കുന്നവരായതിനാൽ പിരിച്ചുവിടൽ ഇവർക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക.