ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ബന്ദിപ്പോര ജില്ലയിലെ സിആർപിഎഫിന്റെ 45-ാം ബറ്റാലിയന്റെ സുംബാലിലെ ക്യാമ്പിന് നേർക്കാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ക്യാമ്പ് കത്തിക്കാനായിരുന്നു ശ്രമം. പെട്രോൾ അടക്കമുള്ള സാധനങ്ങളുമായാണ് ഭീകർ ആക്രണത്തിന് എത്തിയത്.

ക്യാമ്പിന് നേർക്ക് തുടർച്ചയായി തീവ്രവാദികൾ വെടിവെയ്പ് നടത്തി. ചാവേർ ആക്രമണത്തിന് തയാറായി എത്തിയ നാല് തീവ്രവാദികളേയും സൈന്യം വധിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഈ മേഖലയിലേക്ക് കൂടുതൽ സൈന്യം എത്തിയിട്ടുണ്ട്. മുക്കും മൂലയും അരിച്ചു പറക്കുകയാണ്. ഇനിയും ഭീകരർ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. ഇന്ത്യാ-പാക്കിസ്ഥാൻ ക്രിക്കറ്റ് കളിയിലെ ഇന്ത്യൻ ജയത്തിന്റെ ആവേശത്തിലായിരുന്നു സൈനികർ. ഇതിനിടെയാണ് ഭീകരർ എത്തിയത്. ഇന്ത്യൻ വിജയത്തെ തുടർന്നുള്ള പ്രകോപനമാണ് ആക്രമണമെന്ന വിലയിരുത്തലും സൈന്യത്തിനുണ്ട്.

ക്രിക്കറ്റിൽ ഇന്ത്യയോട് പാക്കിസ്ഥാൻ തോൽക്കുമ്പോഴെല്ലാം പ്രകോപനം പതിവുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണ രേഖയിലുടനീശം ഇന്ത്യ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് സൈനിക ക്യാമ്പിനെ ഭീകരർ ലക്ഷ്യമിട്ടത്. ബന്ദിപ്പോരയിലെ സുന്പാൽ മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെ ഏറ്റുമുട്ടലുണ്ടായത്. പോരാട്ടം പത്തു മിനിറ്റോളം നീണ്ടു എന്നാണ് റിപ്പോർട്ട്.