പാശ്ചാത്യരാജ്യങ്ങളിൽ ഇസ്ലാമിക് തീവ്രവാദികൾ നിരപരാധികളായ സിവിലിയന്മാരെ കൂട്ടത്തോടെ കൊന്നോടുക്കുന്ന ആക്രമണങ്ങൾ നടത്തുന്നത് സർവസാധാരണമായ സംഭവമായി മാറിയിരിക്കുകയാണ്. എപ്പോഴും എവിടെയും ഏത് വിധത്തിലും ഭീകരാക്രമണം ഉണ്ടാകുന്നതിനുള്ള സാധ്യത ഇപ്പോൾ വർധിച്ചിരിക്കുകയാണ്. ബ്രിട്ടന് നേരെ നിലവിൽ ഇത്തരത്തിലുള്ള ഭീകരാക്രമണ ഭീഷണി നാൾക്ക് നാൾ പെരുകി വരുന്ന അവസ്ഥയാണുള്ളത്. ഫ്രാൻസ്, ബെൽജിയം, ഇക്കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് എന്നിവിടങ്ങളിൽ ഭീകരാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും അരങ്ങേറുകയും ചെയ്തിട്ടുണ്ട്. യുകെയിലും ഇതുപോലുള്ള ആക്രമണങ്ങൾ അടുത്ത് തന്നെ ഉണ്ടാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നാണ്.

2007ൽ ഉണ്ടായ ലണ്ടൻബോംബിംഗിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമായിരിക്കുമിതെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ ഒരു ഭീകരാക്രമണമുണ്ടായാൽ അതിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് മുൻകൂട്ടി അറിയുന്നത് നന്നായിരിക്കും. ഇത്തരത്തിലുള്ള ഒരു ഭീകരാക്രമണത്തിൽ നിങ്ങൾ അകപ്പെട്ട് പോയാൽ എങ്ങോട്ട് ഓടണം..? എവിടെ ഒളിക്കണം..? ആരോട് എങ്ങനെ പറയണം..?തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ മനസിലാക്കിയാൽ നന്നായിരിക്കും. ഇതിനായി യുകെയിലെ അധികൃതർ ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള മോക് ഡ്രില്ലുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ അടുത്ത കാലത്തായി നടത്തി വരുന്നുമുണ്ട്.

ഇത്തരം ആക്രമണമുണ്ടാകുന്ന വേളയിൽ ജീവൻ രക്ഷിക്കാൻ പാലിക്കേണ്ടുന്ന ഒമ്പത് പ്രധാന തന്ത്രങ്ങളുണ്ടെന്നാണ് ഡിറ്റെക്ടീവ് ചീഫ് സൂപ്രണ്ടായ സ്‌കോട്ട് വിൽസൻ നിർദേശിക്കുന്നത്. നാഷണൽ കൗണ്ടർ ടെററിസം കോ-ഓർഡിനേറ്റർ, പ്രൊട്ടക്ട് ആൻഡ് പ്രിപ്പയറിന്റെ ചാർജും നിലവിൽ അദ്ദേഹം വഹിക്കുന്നുണ്ട്. മുതിർന്ന ആന്റി-ടെറർ ചീഫായ ഇദ്ദേഹം 2003 മുതൽ മെട്രൊപൊളിറ്റൻ പൊലീസിൽ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഇദ്ദേഹത്തിന്റെ നിർദേശങ്ങൾക്ക് പ്രാധാന്യമേറെയുണ്ട്. ഇത്തരം അവസരങ്ങളിൽ കഴിയുന്നത്ര വേഗത്തിൽ പ്രവർത്തിക്കുകയാണ് വേണ്ടതെന്നാണ് ഇത് സംബന്ധിച്ച ഒരു വീഡിയോയിലൂടെ അദ്ദേഹം നിർദേശിക്കുന്നത്. ഇതിനൊപ്പം ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് മെയ്മാസത്തിൽ നടത്തിയ സ്യൂയിസൈഡ്-ബോംബർ ഡ്രില്ലിന്റെ ദൃശ്യങ്ങളും ചേർത്തിട്ടുണ്ട്.

ഭീകരാക്രമണമുണ്ടായാൽ പെട്ടെന്ന് അവിടെ നിന്ന് ഓടാനും ഒളിക്കാനും അതിനെക്കുറിച്ച് അധികൃതരോട് കഴിയുന്നത്ര വേഗം വെളിപ്പെടുത്താനുമാവശ്യപ്പെട്ട് കൊണ്ടുള്ള കാംപയിൻ കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് പൊലീസ് ആരംഭിച്ചിരുന്നത്. ഇതിനായി നാഷണൽ പൊലീസ് ചീഫ് കൗൺസിൽ ഒരു പബ്ലിക്ക് ഇൻഫർമേഷൻ ഫിലിം റിലീസ് ചെയ്യുകയുമുണ്ടായിരുന്നു. ആക്രമണം നടക്കുന്നയിടത്ത് നിന്നും എത്രയും പെട്ടൈന്ന് ഓടി രക്ഷപ്പെടാനാണ് ഇതിലെ ആദ്യ നിർദ്ദേശം. ഇത്തരം ആക്രമണങ്ങളിൽ കൂടുതൽ ജീവനുകൾ പൊലിയാതിരിക്കാൻ ഏറ്റവും ഫലപ്രദമായ തന്ത്രമാണിതെന്നാണ് സ്‌കോട്ട് വിൽസൻ നിർദേശിക്കുന്നത്.അതായത് ആക്രമണമുണ്ടാകുമ്പോൾ കഴിയുന്നത്ര ദൂരേയ്ക്ക് ഓടുകയാണ് വേണ്ടതെന്നും കഴിയുമെങ്കിൽ ആക്രമണം നടക്കുന്ന കെട്ടിടത്തിൽ നിന്നെങ്കിലും വെളിയിലേക്കോടണമെന്നും അദ്ദേഹം പറയുന്നു.

കെട്ടിടത്തിൽ നിന്നും പുറത്തേക്ക് പോകാൻ സാധിക്കാത്ത അവസരത്തിൽ മാത്രമേ ഒളിച്ചിരിക്കാൻ ശ്രമിക്കാവൂ എന്നും അദ്ദേഹം ഉപദേശിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ സ്റ്റീൽ ഡോറുണ്ടെങ്കിൽ അതിന് പുറകിൽ മറഞ്ഞിരിക്കുന്നതാണ് ഫലപ്രദം. ഈ സമയത്ത് മൊബൈൽ സൈലന്റാക്കുകയും വേണം. തുടർന്ന് പൊലീസിന് കഴിയുന്നതു വേഗം ഫോൺ ചെയ്ത് ശരിക്കുള്ള ലൊക്കേഷൻ അറിയിക്കുകയും വേണം. ഭീകരർ ഏത് തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എത്ര പേർ മരിച്ചുവെന്നും പരുക്കേറ്റുവെന്നും പൊലീസിനെ അറിയിക്കുകയും വേണം.